ഇന്ത്യയും അമേരിക്കയും തമ്മിലുള്ള അന്തിമ വ്യാപാര കരാര്‍ തയ്യാറാക്കുന്നതിനുള്ള ആറാം വട്ട ചര്‍ച്ചക്ക് യുഎസ് സംഘം അടുത്ത മാസം 25 ന് ഡല്‍ഹിയില്‍ എത്തും. നികുതി ചുമത്തലിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിശ്ചയിച്ച സമയപരിധി അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം. വെള്ളിയാഴ്ച മുതലാണ് അമേരിക്ക പുതിയ നികുതി ചുമത്തുന്നത്. സമയ പരിധി ഇനിയും നീട്ടുമോ എന്ന് വ്യക്തമല്ല.
ഇന്ത്യ-യുഎസ് സംഘങ്ങള്‍ തമ്മില്‍ വാഷിംഗ്ടണില്‍ പൂര്‍ത്തിയാക്കിയ അഞ്ചാം വട്ട ചര്‍ച്ചയില്‍ നികുതി സംബന്ധിച്ച അന്തിമ തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ആറാമത്തെ ചര്‍ച്ചക്ക് യുഎസ് സംഘം ഡല്‍ഹിയില്‍ എത്തുന്നത്. ഓഗസ്റ്റ് ഒന്നിന് മുമ്പ് താല്‍കാലികമായ കരാര്‍ ഉണ്ടാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇതോടൊപ്പം നടക്കുന്നുണ്ട്. താല്‍കാലികമായെങ്കിലും കരാറില്‍ എത്തിയില്ലെങ്കില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ അമേരിക്കയില്‍ ഇറക്കമുതി ചെയ്യാന്‍ 26 ശതമാനം അധിക നികുതി നല്‍കേണ്ടി വരും.
നിരവധി ഉല്‍പ്പന്നങ്ങളുടെ നികുതി സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണയില്‍ എത്തേണ്ടതുണ്ട്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നിലവിലുള്ള 10 ശതമാനം നികുതിക്ക് പുറമെ 26 ശതമാനം അധിക നികുതിയാണ് അമേരിക്ക ചുമത്തുന്നത്. സ്റ്റീല്‍, അലുമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ നികുതിയെന്ന ഭീഷണിയുമുണ്ട്. ടെക്‌സ്റ്റൈല്‍, ജുവലറി, തോല്‍, വസ്ത്രങ്ങള്‍, പ്ലാസ്റ്റിക്, കെമിക്കല്‍, ചെമ്മീന്‍, എണ്ണക്കുരു, മുന്തിരി, വാഴപ്പഴം തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതിയിളവാണ് ഇന്ത്യ പ്രധാനമായും ആവശ്യപ്പെടുന്നത്.
അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി സംബന്ധിച്ചും ചര്‍ച്ചകള്‍ തുടരുകയാണ്. വ്യവസായ ഉല്‍പ്പന്നങ്ങള്‍, ഇവി ഉള്‍പ്പടെയുള്ള ഓട്ടോമൊബൈല്‍, വൈന്‍, പെട്രോകെമിക്കല്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, ആപ്പിള്‍, ജനിതക മാറ്റം വരുത്തിയ വിളകള്‍ എന്നിവയിലാണ് അമേരിക്ക ഇളവുകള്‍ ആവശ്യപ്പെടുന്നത്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഇളവ് നല്‍കുന്നത് ഇന്ത്യന്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുമെന്ന പരാതി ശക്തമാണ്. ജനങ്ങളുടെ എതിര്‍പ്പുകള്‍ കൂടി ഉള്‍ക്കൊണ്ടുള്ള തീരുമാനത്തില്‍ എത്താനാണ് ഇരുരാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine