Income tax 
Tax

ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ പ്രവാസികള്‍ ശ്രദ്ധിക്കേണ്ടത്; പിഴവുകള്‍ നഷ്ടങ്ങളുണ്ടാക്കും

അലംഭാവം വരുത്തുകയോ തെറ്റായ രീതിയില്‍ റിട്ടേണ്‍ സമര്‍പ്പിക്കുകയോ ചെയ്യുന്നത് മൂലം സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകും

Dhanam News Desk

വിദേശത്ത് ജോലി ചെയ്യുമ്പോഴും മിക്ക പ്രവാസികള്‍ക്കും ഇന്ത്യയില്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടി വരാറുണ്ട്. നാട്ടില്‍ നിന്ന് കെട്ടിട വാടക ഇനത്തിലും മറ്റും വരുമാനമുള്ളവര്‍ ആദായ നികുതിയുടെ പരിധിയില്‍ വരുന്നതിനാല്‍ റിട്ടേണ്‍ സമര്‍പ്പിക്കല്‍ നിര്‍ബന്ധമാണ്. അര്‍ഹമായ ഇന്‍കം ടാക്‌സ് റീഫണ്ട് ലഭിക്കാനും ഇത് ആവശ്യമാണ്. പലപ്പോഴും ഇക്കാര്യത്തില്‍ അലംഭാവം വരുത്തുകയോ തെറ്റായ രീതിയില്‍ റിട്ടേണ്‍ സമര്‍പ്പിക്കുകയോ ചെയ്യുന്നത് മൂലം സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകും. ബാങ്ക് അക്കൗണ്ട് മുതല്‍ ഐടിആര്‍ ഫയലിംഗ് വരെയുള്ള കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

മരവിച്ച ബാങ്ക് അക്കൗണ്ട്

ആദായനികുതി വകുപ്പുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് ആക്ടീവാണെന്ന് ഉറപ്പാക്കണം. ആവശ്യമായ അപ്‌ഡേഷനുകള്‍ നടത്താന്‍ മറക്കുന്നത് മൂലം അക്കൗണ്ടുകള്‍ ഡോര്‍മെന്റ് ആകുന്നത് ഒഴിവാക്കണം. പാന്‍കാര്‍ഡുമായി അക്കൗണ്ട് ബന്ധിപ്പിച്ചിട്ടുണ്ടോ എന്നും ഇന്‍കം ടാക്‌സ് പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടോ എന്നും ഉറപ്പാക്കണം.

തെറ്റായ ഫോമുകള്‍

ശമ്പളം,വാടക, കാപ്പിറ്റല്‍ ഗെയിന്‍,ആസ്തികള്‍ തുടങ്ങിയവക്ക് പ്രത്യേക ഐടിആര്‍ ഫോമുകളാണുള്ളത്. യഥാര്‍ത്ഥ ഫോമില്‍ അപേക്ഷ നല്‍കിയില്ലെങ്കില്‍ റീഫണ്ടിന് കാലതാമസമോ റദ്ദാകലോ ഉണ്ടാകാം. ടിഡിഎസുമായി ബന്ധപ്പെട്ട് നല്‍കുന്ന വിവരങ്ങളില്‍ പിശക് സംഭവിക്കുമ്പോഴും ഇതേ പ്രശ്നങ്ങള്‍ ഉണ്ടാകും.

ഇ-വെരിഫിക്കേഷന്‍

ഐടിആര്‍ ഫയലിംഗിന് ശേഷം 30 ദിവസം ഇ-വെരിഫിക്കേഷന് സമയമുണ്ട്. ആധാര്‍ ഒടിപി, നെറ്റ്ബാങ്കിംഗ്,ഡീമാറ്റ് ലോഗിന്‍ എന്നിവ വഴി ഇത് പൂര്‍ത്തിയാക്കാം. ഇ-വെരിഫിക്കേഷന്‍ നടത്തിയില്ലെങ്കില്‍ റീഫണ്ട് മുടങ്ങും.

അധിക തുക ക്ലെയിം ചെയ്യല്‍

പ്രവാസികള്‍ക്ക് നികുതി ഇളവ് ക്ലെയിം ചെയ്യുന്നതിന് പ്രത്യേക ചട്ടങ്ങളുണ്ട്. സെക്ഷന്‍ 80സി, 80ഡി, 80ജി എന്നിവ വഴിയാണ് ക്ലെയിം സാധാരണയായി ലഭിക്കുന്നത്. ഇതില്‍ ഓരോ സെക്ഷനിലും ഇളവ് ലഭിക്കുന്നത് വ്യത്യസ്ത ചെലവുകള്‍ക്കാണ്. ഏതെങ്കിലും സെക്ഷന്‍ പ്രകാരം അധിക തുക ക്ലെയിം ചെയ്താല്‍ റീഫണ്ട് തടഞ്ഞുവെക്കാം. വരുമാന മാര്‍ഗങ്ങള്‍ കാണിക്കാതിരിക്കുന്നതും പിന്നീട് നോട്ടീസുകള്‍ക്ക് ഇടയാക്കും. യഥാസമയം റിട്ടേണ്‍ സമര്‍പ്പിക്കുന്നതും പ്രധാനമാണ്. ആദായനികുതി വകുപ്പില്‍ നിന്ന് വരുന്ന നോട്ടീസുകള്‍ ഗൗനിക്കാതിരിക്കുന്നത് ഭാവിയില്‍ ഇടപാടുകള്‍ സങ്കീര്‍ണമാക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT