Image : Canva 
Tax

കേരളത്തിലെ ജി.എസ്.ടി പിരിവ് വീണ്ടും താഴേക്ക്; ദേശീയതലത്തില്‍ ലഭിച്ചത് ₹1.78 ലക്ഷം കോടി

ഫെബ്രുവരിയെ അപേക്ഷിച്ച് കഴിഞ്ഞമാസം കേരളത്തിലെ ജി.എസ്.ടി സമാഹരണം കുറഞ്ഞു

Dhanam News Desk

ദേശീയതലത്തിലെ ചരക്ക്-സേവനനികുതി (GST) സമാഹരണം കഴിഞ്ഞമാസം (March) ഫെബ്രുവരിയിലെ 1.68 ലക്ഷം കോടി രൂപയില്‍ നിന്ന് 1.78 ലക്ഷം കോടി രൂപയായി കുതിച്ചുയര്‍ന്നപ്പോള്‍, കേരളത്തിലെ പിരിവിലുണ്ടായത് വീഴ്ച.

ഫെബ്രുവരിയില്‍ 2,688 കോടി രൂപ പിരിച്ചെടുത്ത കേരളത്തില്‍ നിന്ന് മാര്‍ച്ചില്‍ ലഭിച്ചത് 2,598 കോടി രൂപയാണെന്ന് ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, 2023 മാര്‍ച്ചിലെ 2,354 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ കഴിഞ്ഞമാസത്തെ ജി.എസ്.ടി സമാഹരണത്തില്‍ 10 ശതമാനം വര്‍ധനയുണ്ട്.

മാര്‍ച്ച് 31ന് സമാപിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) ആകെ കേരളത്തില്‍ നിന്ന് പിരിച്ചെടുത്ത ജി.എസ്.ടി 13,967 കോടി രൂപയാണ്. 2022-23ലെ 12,311 കോടി രൂപയേക്കാള്‍ 13 ശതമാനം അധികം.

സംസ്ഥാനത്തുനിന്ന് പിരിച്ചെടുത്ത ജി.എസ്.ടി അഥവാ എസ്.ജി.എസ്.ടിയോടൊപ്പം (SGST) സംയോജിത ജി.എസ്.ടിയില്‍ (IGST) നിന്ന് കേന്ദ്രം നല്‍കുന്ന സംസ്ഥാന വിഹിതവും കൂട്ടിച്ചേര്‍ത്താല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തിന് ആകെ 30,873 കോടി രൂപ ലഭിച്ചു. 2022-23ലെ 29,188 കോടി രൂപയേക്കാള്‍ 6 ശതമാനമാണ് വളര്‍ച്ച.

ദേശീയതലത്തില്‍ രണ്ടാമത്തെ വലിയ റെക്കോഡ്

കഴിഞ്ഞമാസം ദേശീയതലത്തില്‍ പിരിച്ചെടുത്ത 1.78 ലക്ഷം കോടി രൂപ ജി.എസ്.ടിയുടെ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന രണ്ടാമത്തെ വലിയ പ്രതിമാസ സമാഹരണമാണ്. 2023-24 സാമ്പത്തികവര്‍ഷം ഏപ്രിലില്‍ പിരിച്ചെടുത്ത 1.87 ലക്ഷം കോടി രൂപയാണ് എക്കാലത്തെയും റെക്കോഡ്. ഇക്കഴിഞ്ഞ ജനുവരിയില്‍ 1.74 ലക്ഷം കോടി രൂപ ലഭിച്ചിരുന്നു.

കഴിഞ്ഞമാസത്തെ മൊത്തം ജി.എസ്.ടി വരുമാനത്തില്‍ 34,532 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും (CGST) 43,746 കോടി രൂപ സംസ്ഥാന ജി.എസ്.ടിയുമാണ്. 87,947 കോടി രൂപ സംയോജിത ജി.എസ്.ടിയായും (IGST) 12,259 കോടി രൂപ സെസ് ഇനത്തിലും ലഭിച്ചു.

മൊത്തം 20.18 ലക്ഷം കോടി രൂപ

കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) 20.18 ലക്ഷം കോടി രൂപയാണ് ആകെ ലഭിച്ച ജി.എസ്.ടി. 2022-23ലെ 18.01 ലക്ഷം കോടി രൂപയേക്കാള്‍ 11.7 ശതമാനം വര്‍ധന.

കഴിഞ്ഞവര്‍ഷം ശരാശരി മാസ ജി.എസ്.ടി പിരിവ് 1.68 ലക്ഷം കോടി രൂപയായിരുന്നു. തൊട്ടുമുന്‍വര്‍ഷത്തെ 1.5 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് മികച്ച വര്‍ധന ശരാശരി സമാഹരണത്തിലുണ്ടായി എന്നത് നേട്ടമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT