10 ലക്ഷം രൂപയോ അതിൽ കൂടുതലോ വിലയുള്ള റിസ്റ്റ് വാച്ച്, സൺഗ്ലാസുകൾ, ഹാൻഡ്‌ബാഗുകൾ, പഴ്‌സുകൾ, ഷൂസ്, ഹോം തിയറ്റർ സിസ്റ്റം തുടങ്ങിയവ വാങ്ങാന്‍ നിങ്ങള്‍ക്ക് പദ്ധിതിയുണ്ടോ? എങ്കില്‍ കൂടുതല്‍ പണം നല്‍കേണ്ടി വരും. ഈ ഇനങ്ങള്‍ക്ക് ഒരു ശതമാനം ടി.സി.എസ് (Tax Collected at Source) ഈടാക്കുമെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി.
TCS ശേഖരിക്കുന്നതിനായി 10 ലക്ഷം രൂപയില്‍ കൂടുതൽ മൂല്യമുള്ള 10 തരം സാധനങ്ങളെയാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്.
റിസ്റ്റ് വാച്ചുകൾ; പുരാവസ്തുക്കൾ, പെയിന്റിംഗുകൾ, ശിൽപങ്ങൾ തുടങ്ങിയ കലാസൃഷ്ടികൾ; നാണയങ്ങൾ, സ്റ്റാമ്പുകൾ പോലുള്ള ശേഖരണവസ്തുക്കൾ; യാച്ചുകൾ, റോയിംഗ് ബോട്ടുകൾ, കനോകൾ, ഹെലികോപ്റ്ററുകൾ; സൺഗ്ലാസുകൾ; ഹാൻഡ്‌ബാഗുകൾ, പഴ്‌സുകൾ പോലുള്ള ബാഗുകൾ; ഷൂസ്; ഗോൾഫ് കിറ്റ്, സ്കീ-വെയർ പോലുള്ള സ്‌പോർട്‌സ് വസ്ത്രങ്ങളും ഉപകരണങ്ങളും; ഹോം തിയറ്റർ സിസ്റ്റങ്ങൾ; റേസ് ക്ലബ്ബുകളിലോ പോളോയ്‌ക്കോ കുതിരപ്പന്തയത്തിൽ ഉപയോഗിക്കുന്ന കുതിരകൾ.
2024 ലെ ബജറ്റ് നിര്‍ദേശങ്ങളുടെ ഭാഗമായാണ് ആഡംബര വസ്തുക്കളില്‍ ടിസിഎസ് ഏര്‍പ്പെടുത്തുന്നത്. ആദായ നികുതി നിയമത്തിലെ സെക്ഷൻ 206 സി പ്രകാരമാണ് നികുതി ചുമത്തുന്നത്.
ഇതിനെ തുടര്‍ന്ന്, ഉദാഹരണമായി 10 ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള ഒമേഗ പോലുളള റിസ്റ്റ് വാച്ച് വാങ്ങുകയാണെങ്കിൽ, വിൽപ്പനക്കാരൻ നിങ്ങളിൽ നിന്ന് നികുതി ഈടാക്കുന്നതാണ്. അതുപോലെ, 10 ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള ഒരു ഹോം തിയറ്റർ സിസ്റ്റം നിങ്ങൾ വാങ്ങുകയാണെങ്കിൽ വിൽപ്പനക്കാരൻ നികുതി ഈടാക്കും.
10 ലക്ഷം രൂപയിൽ കൂടുതലുള്ള മോട്ടോർ വാഹനത്തിന്റെ വിൽപ്പനയില്‍ നിലവിൽ സമാനമായി ടിസിഎസ് ഈടാക്കുന്നുണ്ട്.
വിൽപ്പന തുകയുടെ ഒരു ശതമാനമാണ് നികുതി ഈടാക്കുക. അതായത് നിങ്ങൾ 30 ലക്ഷം രൂപ വിലയുള്ള ഏതെങ്കിലും മുകളില്‍ പറഞ്ഞ ആഡംബര വസ്തുക്കൾ വാങ്ങുകയാണെങ്കിൽ, വിൽപ്പനക്കാരൻ വാങ്ങുന്നയാളിൽ നിന്ന് വിൽപ്പന നികുതിയായി 30,000 രൂപ ഈടാക്കുന്നതാണ്.
നികുതി റിട്ടേണുകളിൽ കുറഞ്ഞ വരുമാനം റിപ്പോർട്ട് ചെയ്യുകയും ആഡംബര വസ്തുക്കൾ വാങ്ങുകയും ചെയ്യുന്ന വ്യക്തികളെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ ഈ നീക്കം സർക്കാരിനെ സഹായിക്കും. കണക്കിൽപ്പെടാത്ത പണമിടപാടുകൾ നിയന്ത്രിക്കുക, സുതാര്യത, നികുതി പാലിക്കൽ എന്നിവ മെച്ചപ്പെടുത്തുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.
ടിസിഎസ് ഈടാക്കിക്കഴിഞ്ഞാൽ അത് വാങ്ങുന്നയാളുടെ പേരില്‍ നിക്ഷേപിക്കേണ്ടത് വിൽപ്പനക്കാരന്റെ കടമയാണ്. വാങ്ങുന്നയാൾക്ക് അത് ഉപയോഗിച്ച് നികുതി ക്രെഡിറ്റ് ക്ലെയിം ചെയ്യാവുന്നതാണ്, ഐടിആർ ഫയലിംഗിൽ ഇതനുസരിച്ച് കുറഞ്ഞ നികുതി അടച്ചാല്‍ മതിയാകും. നിങ്ങളുടെ മൊത്തം നികുതി ബാധ്യത ടിസിഎസ് തുകയേക്കാൾ കുറവാണെങ്കിൽ, ഐടിആറിൽ റീഫണ്ട് ക്ലെയിം ചെയ്യാവുന്നതാണ്.
Luxury goods over ₹10 lakh like watches, home theaters, and sunglasses to attract 1% TCS.
Read DhanamOnline in English
Subscribe to Dhanam Magazine