കേന്ദ്ര സര്‍ക്കാരിന് ആശ്വാസം പകര്‍ന്ന് അറ്റ പ്രത്യക്ഷ നികുതി വരുമാനം (Net Direct Tax collections) നടപ്പുവര്‍ഷം (2023-24) മാര്‍ച്ച് 17 വരെയുള്ള കാലയളവില്‍ 19.88 ശതമാനം വര്‍ദ്ധിച്ച് 18.9 ലക്ഷം കോടി രൂപയിലെത്തി. നടപ്പുവര്‍ഷത്തെ പുതുക്കിയ ബജറ്റ് ലക്ഷ്യമായ 19.45 ലക്ഷം കോടി രൂപയുടെ 97 ശതമാനമാണിത്. പുതുക്കിയ ലക്ഷ്യം കാണാന്‍ 14 ദിവസം ബാക്കിനില്‍ക്കേ, കേന്ദ്രം സമാഹരിക്കേണ്ടത് 55,000 കോടി രൂപ കൂടിയാണ്. ഇത് മറികടക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.
നികുതി കണക്കുകള്‍ ഇങ്ങനെ
നടപ്പ് സാമ്പത്തിക വര്‍ഷം മാര്‍ച്ച് 17 വരെ മുന്‍കൂര്‍ നികുതി പിരിവില്‍ (റീഫണ്ടുകള്‍ ഉള്‍പ്പെടെ) വാര്‍ഷികാടിസ്ഥാനത്തില്‍ 22.3 ശതമാനം വര്‍ധനയുണ്ടായതാണ് മൊത്ത പ്രത്യക്ഷ നികുതി വരുമാനത്തിലെ ഉയര്‍ച്ചയ്ക്കുള്ള പ്രധാന കാരണം. അറ്റ പ്രത്യക്ഷ നികുതിയില്‍ 9.14 ലക്ഷം കോടി രൂപയാണ് കോര്‍പ്പറേറ്റ് നികുതി. സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് (എസ്.ടി.ടി) ഉള്‍പ്പെടെ വ്യക്തിഗത ആദായനികുതി (പി.ഐ.ടി) 9.72 ലക്ഷം കോടി രൂപയാണ്.
നികുതിദായകര്‍ക്ക് സര്‍ക്കാര്‍ 3.37 ലക്ഷം കോടി രൂപ റീഫണ്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഇത് 2.99 ലക്ഷം കോടി രൂപയായിരുന്നു. 12.7 ശതമാനം വര്‍ധനയാണുണ്ടായത്. റീഫണ്ടുകള്‍ കൂടി ചേര്‍ത്ത് മാര്‍ച്ച് 17 വരെ മൊത്തം പ്രത്യക്ഷ നികുതിയായി സര്‍ക്കാര്‍ പിരിച്ചത് 22.27 ലക്ഷം കോടി രൂപയാണ്. 2022-23ലെ ഇതേ കാലയളവില്‍ ഇത് 18.75 ലക്ഷം കോടി രൂപയായിരുന്നു. 18.7 ശതമാനം വളര്‍ച്ചാ നിരക്കാണ് മൊത്തം പ്രത്യക്ഷ നികുതി പിരിവില്‍ രേഖപ്പെടുത്തിയത്.
നടപ്പ് സാമ്പത്തിക വര്‍ഷം മാര്‍ച്ച് 17 വരെ മുന്‍കൂര്‍ നികുതി പിരിവ് 22.31 ശതമാനം വര്‍ധിച്ച് 9.11 ലക്ഷം കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവില്‍ ഇത് 7.45 ലക്ഷം കോടി രൂപയായിരുന്നു. കോര്‍പ്പറേറ്റ് നികുതിയില്‍ നിന്ന് 6.72 ലക്ഷം കോടി രൂപയും വ്യക്തിഗത ആദായനികുതിയില്‍ നിന്ന് 2.39 ലക്ഷം കോടി രൂപയും നിലവിലെ 9.11 ലക്ഷം കോടി രൂപയില്‍ ഉള്‍പ്പെടുന്നു. സ്രോതസ്സില്‍ നിന്നുള്ള നികുതി (Tax deducted at source) 10.44 ലക്ഷം കോടി രൂപയാണ്. സെല്‍ഫ് അസസ്മെന്റ് നികുതി 1.7 ലക്ഷം കോടി രൂപയും റെഗുലര്‍ അസസ്മെന്റ് നികുതി 73,548 കോടി രൂപയും മറ്റ് മൈനര്‍ ഹെഡുകള്‍ക്ക് കീഴിലുള്ള നികുതി 24,177 കോടി രൂപയുമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine