Tax

പഴയ നികുതി വ്യവസ്ഥയും പുതിയ നികുതി വ്യവസ്ഥയും; വ്യത്യാസങ്ങള്‍ മനസ്സിലാക്കൂ, തെരഞ്ഞെടുക്കാന്‍ സമയമായി

Dhanam News Desk

കുറഞ്ഞ സ്ലാബ് നിരക്കുള്ളതും എന്നാല്‍ ഇളവുകള്‍ കുറവുള്ളതുമായ പുതിയ നികുതി വ്യവസ്ഥ 2020 ബജറ്റില്‍ നിര്‍ദേശമായി വന്നത് എല്ലാവര്‍ക്കുമറിയാം. അത് സ്വീകരിക്കേണ്ടാത്തവര്‍ക്ക് പഴയ സ്ലാബില്‍ തുടരാമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ പുതിയ നികുതി വ്യവസ്ഥ തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന ജീവനക്കാരില്‍ നിന്ന് ഒരു അറിയിപ്പ് നേടാന്‍ എല്ലാ തൊഴിലുടമകളോടും നിര്‍ദേശിച്ച് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) ഏപ്രില്‍ 13 -ന് ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. അതിനാല്‍ തന്നെ പല മേഖലകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരും നികുതി വ്യവസ്ഥ തമ്മിലുള്ള വ്യത്യാസമറിഞ്ഞ് തങ്ങള്‍ക്ക് വേണ്ടത് തെരഞ്ഞെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതാ പുതിയ സ്ലാബും പഴയ നികുതി സ്ലാബും തമ്മിലുള്ള വ്യത്യാസം പറയാം. പുതിയ നികുതി വ്യവസ്ഥയിലേക്ക് മാറേണ്ടവര്‍ അറിയേണ്ട കാര്യങ്ങളും വശദമായി അറിയാം.

പുതിയതിലേക്ക് മാറുമ്പോള്‍

പുതിയ നികുതി വ്യവസ്ഥ തെരഞ്ഞെടുക്കാന്‍ ഒരുങ്ങുകയാണെങ്കില്‍, ഡിക്ലറേഷന്‍ ഫോമില്‍ ഒപ്പിട്ട് നിങ്ങളുടെ തൊഴിലുടമയുമായി ബന്ധപ്പെട്ട് വേണം ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍. നിങ്ങള്‍ തിരഞ്ഞെടുത്ത ഓപ്ഷന്‍ അനുസരിച്ച്, നിങ്ങളുടെ തൊഴിലുടമ നിലവിലെ സാമ്പത്തിക വര്‍ഷത്തേക്കുള്ള നിങ്ങളുടെ നികുതി ബാധ്യത കണക്കാക്കുകയും അതിനനുസരിച്ച് ടിഡിഎസ് കുറയ്ക്കുകയും ചെയ്യണം. തൊഴിലുടമയ്ക്ക് നിങ്ങള്‍ ഇതുസംബന്ധിച്ച് ഒരു അറിയിപ്പും ഇതുവരെ നല്‍കിയിട്ടില്ലെങ്കില്‍ നികുതി ബാധ്യത പഴയതായി തന്നെ പിന്തുടരും.

നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്ന സമയത്ത്, പുതിയ നികുതി വ്യവസ്ഥയിലേക്ക് മാറണോ അതോ പഴയ വ്യവസ്ഥയില്‍ നില്‍ക്കണോ എന്നത് തീരുമാനിക്കാന്‍ ജീവനക്കാര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. പുതിയത് തെരഞ്ഞെടുത്താല്‍ നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ നിങ്ങള്‍ക്കിത് മാറ്റാന്‍ സാധിക്കില്ല. ചില ഇളവുകള്‍ തൊഴിലുടമയിലൂടെ മാത്രമെ ക്ലെയിം ചെയ്യാന്‍ കഴിയൂ, അതിനാല്‍ ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യുമ്പോള്‍ ഈ ഓപ്ഷനുകള്‍ ലഭ്യമായേക്കില്ല.

കൂടുതല്‍ തുക ടിഡിഎസ് കുറച്ചതായി നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍, ഐടിആര്‍ ഫയല്‍ ചെയ്യുന്ന സമയത്ത് റീഫണ്ട് ക്ലെയിം ചെയ്യാന്‍ നിങ്ങള്‍ക്ക് ഓപ്ഷനുണ്ട്.

കുറഞ്ഞ നികുതി നിരക്കുകളുള്ള പുതിയ നികുതി വ്യവസ്ഥയുടെ ലക്ഷ്യമെന്നത് നികുതിദായകരുടെ കൈയില്‍ ഉയര്‍ന്ന പണം നല്‍കുകയെന്നതാണ്. എന്നാല്‍, സാധാരണയായി നികുതിദായകര്‍ തങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അവകാശപ്പെടുന്ന നികുതി ഇളവുകളും കിഴിവുകളും പുത്തന്‍ നികുതി വ്യവസ്ഥ അനുവദിക്കുന്നില്ല.

വ്യക്തികളുടെ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ പരിഹരിക്കുന്നതിനായി പഴയ നികുതി വ്യവസ്ഥയില്‍ ലഭ്യമായ കിഴിവുകള്‍ വീണ്ടും പരിശോധിക്കാം:-

  • ഹൗസ് റെന്റ് അലവന്‍സ് നികുതി ദായകര്‍ അടയ്ക്കുന്ന വാടകയ്ക്ക് ഇളവ് അവകാശപ്പെടാന്‍ സഹായിക്കുന്നു. അതുവഴി വാടക മൂലമുണ്ടാവുന്ന സാമ്പത്തിക ആഘാതം കുറയ്ക്കുന്നു.
  • വകുപ്പ് 80 സി പ്രകാരം ലഭ്യമായ കിഴിവുകള്‍ വ്യക്തികളെ വിരമിക്കല്‍, കുട്ടികളുടെ വിദ്യാഭ്യാസം/ വിവാഹം പോലുള്ള സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി സഹായിക്കുന്നു.
  • ജീവന്‍ രക്ഷാ പോളിസികള്‍ക്കായി അടച്ച പ്രീമിയം പോലും പഴയ നികുതി വ്യവസ്ഥയില്‍ വകുപ്പ് 80 സി പ്രകാരം കിഴിവ് നേടാന്‍ യോഗ്യമാണ്.
  • ഭവന വായ്പയ്ക്ക് നല്‍കുന്ന പലിശ പഴയ നികുതി വ്യവസ്ഥയില്‍ ലഭ്യമാണ്.
  • ആരോഗ്യ ഇന്‍ഷുറന്‍സ് വാങ്ങാന്‍ വ്യക്തികളെ പഴയ നികുതി വ്യവസ്ഥയിലെ കിഴിവ് പ്രോത്സാഹിപ്പിക്കുന്നു.
  • ദീര്‍ഘകാല നിക്ഷേപങ്ങള്‍, വാടക, ലോണ്‍, ഇന്‍ഷുറന്‍സ് എന്നിവ നിശ്ചിത ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ അടയ്ക്കുന്ന ജീവനക്കാര്‍ക്ക് പഴയ നികുതി സ്ലാബ് തന്നെയാണ് ലാഭകരം. എന്നാല്‍ വ്യക്തികള്‍ക്കും അവരുടെ സാമ്പത്തിക ചുറ്റുപാടുകള്‍ക്കുമനുസരിച്ച് ഇഷ്ടമുള്ള സ്ലാബ് തെരഞ്ഞെടുക്കാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT