canva
Tax

ആദായ നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇമെയിലും സോഷ്യല്‍ മീഡിയ അക്കൗണ്ടും പരിശോധിക്കാന്‍ നിയമപരമായ അവകാശം, വ്യവസ്ഥയോടുള്ള എതിര്‍പ്പ് വകവെക്കാതെ സെലക്ട് കമ്മിറ്റി, വൈകാതെ നിയമമാകും

പുതിയ ആദായ നികുതി ബില്‍ 2025ല്‍ ഈ വ്യവസ്ഥ നിലനിര്‍ത്തിയിരിക്കുകയാണ് പാര്‍ലമെന്ററി സെലക്ട് കമ്മിറ്റി

Dhanam News Desk

നികുതി ദായകരെ കണ്ണും പൂട്ടി വിശ്വസിക്കുന്ന പരിപാടി അങ്ങ് നിര്‍ത്തുകയാണ് ആദായ നികുതി വകുപ്പ്. ഇനി പണം, സ്വര്‍ണം, ആഭരണങ്ങള്‍ തുടങ്ങി വെളിപ്പെടുത്താത്ത ആസ്തികള്‍ക്കോ വരുമാനത്തിനോ ആദായ നികുതി അടച്ചില്ലെന്ന് തോന്നിയാല്‍ സോഷ്യല്‍ മീഡിയയും ട്രേഡിംഗ് അക്കൗണ്ടും ഇ-മെയിലും ഉള്‍പ്പെടെയുള്ളവ പരിശോധിക്കാന്‍ നികുതി വകുപ്പിന് സാധിക്കും. പുതിയ ആദായ നികുതി ബില്‍ 2025ല്‍ ഈ വ്യവസ്ഥ നിലനിര്‍ത്തിയിരിക്കുകയാണ് പാര്‍ലമെന്ററി സെലക്ട് കമ്മിറ്റി.

2025-26 സാമ്പത്തിക വര്‍ഷത്തില്‍ ബില്‍ പ്രാബല്യത്തിലായാല്‍ നികുതിദായകരുടെ വാട്‌സാപ്പ്, ഇ-മെയില്‍, സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ എന്നിവയെല്ലാം പരിശോധിക്കാന്‍ ആദായ നികുതി ഓഫീസര്‍മാരെ അനുവദിക്കും. വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റാമാണിതെന്ന് വലിയ ആരോപണം ഉയര്‍ന്നിരുന്നെങ്കിലും പുതിയ ബില്ലില്‍ സെലക്ട് കമ്മിറ്റി മാറ്റം വരുത്തിയിട്ടില്ല. അവലോകനം ചെയ്യുന്ന കമ്മിറ്റിയെ ഉപദേശിച്ച വിദഗ്ധരില്‍ നിന്ന് പോലും ഇതേ കുറിച്ച് വിമര്‍ശനങ്ങളുണ്ടായിരുന്നു.

2025 ഫെബ്രുവരിയിലാണ് ആദായനികുതി ബില്‍ 2025 ലോക്സഭയില്‍ അവതരിപ്പിച്ചത്. നിലവിലുള്ള 1961 ലെ ആദായനികുതി നിയമവും അത് അവതരിപ്പിച്ചതിനുശേഷം പലകാലങ്ങളിലായി അതില്‍ വരുത്തിയ നിരവധി ഭേദഗതികളും ലളിതമാക്കുകയും യുക്തിസഹമാക്കുകയും ചെയ്യുക എന്നതാണ് പുതിയ ബില്‍ വഴി ലക്ഷ്യമിടുന്നത്. ബൈജയന്ത് പാണ്ട അധ്യക്ഷനായ സെലക്ട് കമ്മിറ്റിയാണ് ഇത് അവലോകനം ചെയ്തത്. തുടര്‍ന്ന് 4,575 പേജുള്ള ബില്‍ സര്‍ക്കാര്‍ ഇന്നലെ (ജൂലൈ 21) പാര്‍ലമെന്റില്‍ വച്ചു.

ഡിജിറ്റല്‍ രേഖകളില്‍ കര്‍ശന പരിശോധന

നികുതി പരിശോധനകളില്‍ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണ് പുതിയ ബില്‍. പുതിയ ബില്‍ പ്രകാരം ആരുടെയെങ്കിലും കൈവശം ഡിജിറ്റല്‍ രേഖകളോ മറ്റോ ഉണ്ടെങ്കില്‍, അവ പരിശോധിക്കാന്‍ നികുതി ഉദ്യോഗസ്ഥര്‍ക്ക് സഹായമൊരുക്കണം. പാസ്‌വേഡുകളോ വിവരങ്ങള്‍ പരിശോധിക്കുന്നതിന് ആവശ്യമായ മറ്റേതെങ്കിലും പിന്തുണയോ ആവശ്യം വന്നാല്‍ അത് ചെയ്തുകൊടുക്കുകയും വേണം.

ഇനി നികുതിദായകര്‍ ഇത് പങ്കിടാന്‍ തയാറാകുന്നില്ലെങ്കില്‍ അവ മറികടന്ന് നികുതി ഉദ്യോഗസ്ഥര്‍ക്ക് കമ്പ്യൂട്ടറിലേക്കോ ഡിജിറ്റല്‍ സ്പെയ്സിലേക്കോ അതിക്രമിച്ചു കടക്കാനും ബില്‍ അനുവദിക്കുന്നു.

മീഡിയ അക്കൗണ്ടുകള്‍, ഓണ്‍ലൈന്‍ ബാങ്ക് അല്ലെങ്കില്‍ ട്രേഡിംഗ് അക്കൗണ്ടുകള്‍, നിക്ഷേപ പ്ലാറ്റ്‌ഫോമുകള്‍, ക്ലൗഡ് സ്റ്റോറേജ്, മൊബൈല്‍ അല്ലെങ്കില്‍ വെബ് ആപ്പുകള്‍ എന്നിവയെല്ലാം ഡിജിറ്റല്‍ സ്‌പേസിന്റെ പരിധിയില്‍ വരുന്നു.

വ്യാജ ബില്ലുകള്‍ കണ്ടെത്തി ഒഴിവാക്കിയത് 1,045 കോടിയുടെ ക്ലെയിം

അദായനികുതി ഇളവ് നേടാനായി ചാരിറ്റി സ്ഥാപനങ്ങളെയും രാഷ്ട്രീയക്കാരെയും കൂട്ടുപിടിച്ചുള്ള തട്ടിപ്പും ഇനി നടക്കില്ല. ഉയര്‍ന്ന തുകയുടെ ചാരിറ്റി, രാഷ്ട്രീയക്കാര്‍ക്കും എന്‍.ജി.ഒകള്‍ക്കും മറ്റും നല്‍കുന്ന സംഭാവനകള്‍, വീട്ടു വാടക ഉയര്‍ത്തികാണിച്ചുകൊണ്ടുള്ള എച്ച്.ആര്‍.ഐര്‍.ഐ ക്ലെയിമുകള്‍ എന്നിവ ആദായ വകുപ്പ് ഇനി കര്‍ശനമായി നിരീക്ഷിക്കും. ഇതില്‍ പലവിധ തട്ടിപ്പുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കിയ ശേഷം കറന്‍സിയായി തിരിച്ചു വാങ്ങുന്നതും സംഭാവന നല്‍കാതെ വെറുതെ രസീത് എഴുതി വാങ്ങുന്നതുമൊക്കെ ആദായ നികുതി വകുപ്പിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് കണ്ടെത്താനായി ബാങ്കുകളില്‍ നിന്നും തൊഴില്‍ സ്ഥാപനങ്ങളില്‍ നിന്നും നികുതി വകുപ്പ് ശേഖരിക്കുന്ന വിവരങ്ങള്‍ ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി വിശകലനം ചെയ്യാനാണ് നീക്കം.

കഴിഞ്ഞ നാല് മാസത്തിനിടെ 40,000ത്തിലധികം നികുതിദായകരെയാണ് ഇത്തരത്തില്‍ വ്യാജ അവകാശങ്ങള്‍ ഉന്നയിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇവരോട് റിട്ടേണ്‍ തിരുത്തി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. 1,045 കോടി രൂപയുടെ ക്ലെയിം ഇതു വഴി ഒഴിവാക്കാനായെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (CBDT) വ്യക്തമാക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT