Image courtesy: Canva
Tax

വെളിപ്പെടുത്താത്ത വരുമാനം ഇനി ഐടിആറില്‍ സ്വയം പ്രഖ്യാപിക്കാം; നികുതിയില്‍ 50% ലാഭിക്കാന്‍ അവസരം

കണക്കില്‍പ്പെടാത്ത പണം പിടിക്കപ്പെടുന്നതിന് മുന്‍പ്, നികുതിദായകര്‍ക്ക് അത് സ്വയം വെളിപ്പെടുത്താനും കുറഞ്ഞ നികുതി അടച്ച് നിയമനടപടികളില്‍ നിന്ന് ഒഴിവാകാനുമുള്ള അവസരമാണിത്

Dhanam News Desk

നികുതിദായകര്‍ക്ക് വലിയ ആശ്വാസവുമായി 2026-ലെ കേന്ദ്ര ബജറ്റിലെ നിര്‍ണായക പ്രഖ്യാപനം. ആദായനികുതി റിട്ടേണില്‍ (ITR) വെളിപ്പെടുത്താത്ത വരുമാനം (Unexplained Income) സ്വയം റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് നികുതിഭാരത്തില്‍ 50 ശതമാനം വരെ ഇളവ് നല്‍കുന്നതാണ്‌ 'സ്ഥിരമായ വോളന്ററി ഡിസ്‌ക്ലോഷര്‍ സ്‌കീം'.

അപ്രതീക്ഷിത പരിശോധനകളിലൂടെയോ റെയ്ഡുകളിലൂടെയോ കണക്കില്‍പ്പെടാത്ത പണം പിടിക്കപ്പെടുന്നതിന് മുന്‍പ്, നികുതിദായകര്‍ക്ക് അത് സ്വയം വെളിപ്പെടുത്താനും കുറഞ്ഞ നികുതി അടച്ച് നിയമനടപടികളില്‍ നിന്ന് ഒഴിവാകാനുമുള്ള അവസരമാണിത്.

പ്രധാന നേട്ടങ്ങള്‍ ഇങ്ങനെ

നികുതിദായകന്‍സ്വയം വരുമാനം വെളിപ്പെടുത്തുന്നതിലൂടെ നിലവിലെ ഉയര്‍ന്ന നികുതി നിരക്കില്‍ (Penal Rates) നിന്നും ഏകദേശം 50% ലാഭിക്കാന്‍ സാധിക്കും.

സെക്ഷന്‍ 271AAC പ്രകാരം ചുമത്തുന്ന ഭീമമായ പിഴകളില്‍ നിന്നും കടുത്ത നിയമനടപടികളില്‍ നിന്നും ഇതിലൂടെ രക്ഷനേടാം.

മുന്‍കാലങ്ങളില്‍ നിശ്ചിത കാലയളവിലേക്ക് മാത്രം പ്രഖ്യാപിച്ചിരുന്ന വിഡിഐഎസ് (VDIS) പദ്ധതികള്‍ക്ക് പകരം, ഇതൊരു സ്ഥിരം സംവിധാനമായി ആദായനികുതി റിട്ടേണില്‍ ഉള്‍പ്പെടുത്തും.

സുതാര്യതയും നിയമപരമായ സുരക്ഷയും

കണക്കില്‍പ്പെടാത്ത പണം നിയമവിധേയമാക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കും ഈ പദ്ധതി വലിയൊരു കൈത്താങ്ങായി മാറും. പിടിക്കപ്പെട്ടാല്‍ അടയ്‌ക്കേണ്ടി വരുന്ന 78% (സര്‍ചാര്‍ജ് ഉള്‍പ്പെടെ) വരെയുള്ള ഉയര്‍ന്ന നികുതി നിരക്കിന് പകരം, ആദായനികുതി നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം കുറഞ്ഞ നിരക്കില്‍ നികുതി ഒടുക്കി നിയമപരമായ സുരക്ഷിതത്വം ഉറപ്പാക്കാം.

നികുതി നിയമങ്ങള്‍ ലളിതമാക്കുന്നതിന്റെയും നികുതിദായകരെ വിശ്വാസത്തിലെടുക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടിയെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 2026 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ആദായനികുതി നിയമത്തില്‍ (New Income Tax Act) ഈ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT