income tax Image : Canva
Tax

30 ലക്ഷം രൂപയ്ക്ക്‌മേല്‍ ഭൂമി ഇടപാടുകള്‍ നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്, ഇന്‍കം ടാക്‌സ് വകുപ്പിന്റെ ചാരക്കണ്ണുകള്‍ നിങ്ങള്‍ക്ക് പിന്നാലെ! പിഴ ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ഉറപ്പു വരുത്തൂ..

ഡാറ്റ അനലറ്റിക്സ് പ്രയോജനപ്പെടുത്തി കൂടുതല്‍ കാര്യക്ഷമത ഉറപ്പാക്കുകയാണ് ആദായ നികുതി വകുപ്പ്.

Dhanam News Desk

സ്വന്തമായി കുറച്ച് ഭൂമി വാങ്ങിയിടുന്നതൊക്കെ അഭിമാനമുള്ള കാര്യമാണ്. വന്‍ തുകകള്‍ ഭൂമിയിലും മറ്റും മുടക്കുന്നവര്‍ പക്ഷെ, ഒന്നു സൂക്ഷിക്കുന്നത് നല്ലതാണ്. നിങ്ങളുടെ വരുമാനവും നിക്ഷേപവുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നറിയാനായി ഡാറ്റ അനലറ്റിക്‌സ് പ്രയോജനപ്പെടുത്തുകയാണ് ആദായ നികുതി വകുപ്പ്. പൊരുത്തക്കേടുകള്‍ കണ്ടെത്തിയാല്‍ നികുതി വകുപ്പില്‍ നിന്ന് ടാക്‌സ് നോട്ടീസും പിഴയും കിട്ടാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

30 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഭൂമി ഇടപാടുകള്‍ രജിസ്ട്രാര്‍ ഓഫീസ് സെക്ഷന്‍ 285BA (സാമ്പത്തിക ഇടപാടുകളുടെ പ്രസ്താവന) പ്രകാരം ആദായനികുതി വകുപ്പില്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യണം. നികുതിദായകരുടെ വാര്‍ഷിക വിവര പ്രസ്താവനയില്‍ (Annual Information Statement /AIS) വാങ്ങുന്നയാളുടെ പ്രഖ്യാപിത വരുമാനവും നിക്ഷേപവും തമ്മില്‍ പൊരുത്തപ്പെടുത്തുന്നുണ്ടോ എന്ന് നികുതി വകുപ്പ് ക്രോസ്-വെരിഫിക്കേഷന്‍ നടത്തുന്നുണ്ടെന്നാണ് അറിയുന്നത്.

എന്തുകൊണ്ട് സൂക്ഷ്മപരിശോധന?

കര്‍ശനമായ ഡിജിറ്റല്‍ നിരീക്ഷണവും സ്വത്ത് ഇടപാടുകളുടെ ഓട്ടോമാറ്റിക് റിപ്പോര്‍ട്ടിംഗും ഉപയോഗിച്ച്, ഉയര്‍ന്ന മൂല്യമുള്ള ഓരോ ഭൂമി ഇടപാടും ഇപ്പോള്‍ നികുതി വകുപ്പിന്റെ നിരീക്ഷണ സംവിധാനത്തിലേക്ക് ചേര്‍ക്കപ്പെടുന്നുണ്ട്. നിയമാനുസൃതമായ സമ്പാദ്യം ഉപയോഗിക്കുന്നവര്‍ക്ക് പോലും അവരുടെ ഫണ്ടിംഗ് സ്രോതസിനെക്കുറിച്ച് വിശദീകരണം തേടിയുള്ള ചോദ്യങ്ങള്‍ ലഭിച്ചേക്കാം. ഒരു വ്യക്തി തന്റെ പ്രഖ്യാപിത വരുമാനത്തിനപ്പുറം പണം ചെലവഴിക്കുന്നുണ്ടോ എന്നാണ് നികുതി വകുപ്പിന്റെ പ്രാഥമിക ആശങ്ക. നികുതി വെട്ടിപ്പിന്റെ സാധ്യത ഒഴിവാക്കുകയാണ് ലക്ഷ്യം. ഭൂമി വാങ്ങാനുപയോഗിച്ച 'ഫണ്ടിന്റെ ഉറവിടം' സംബന്ധിച്ച് വ്യക്തത തേടുന്ന ഏറ്റവും സാധാരണമായ നോട്ടീസ് ആണ് വകുപ്പ് അയക്കുക. നികുതി ഫയലിംഗിന് മുമ്പുള്ള സമ്പാദ്യം, ബന്ധുക്കളില്‍ നിന്നുള്ള സമ്മാനങ്ങള്‍, അനന്തരാവകാശം, സ്വര്‍ണ്ണമോ ഓഹരികളോ വില്‍ക്കുക, അല്ലെങ്കില്‍ സുഹൃത്തുക്കളില്‍ നിന്നോ കുടുംബാംഗങ്ങളില്‍ നിന്നോ ഉള്ള വായ്പകള്‍ പോലുള്ള നികുതി രേഖകളില്‍ പതിഫലിക്കാത്ത ഉറവിടങ്ങളില്‍ നിന്ന് ഫണ്ടുകള്‍ വരുമ്പോഴാണ് പലപ്പോഴും ഇത്തരം സൂക്ഷ്മപരിശോധന ഉണ്ടാകുന്നത്.

ഭൂമി വാങ്ങാനായി ചെലവഴിച്ച തുകയും സ്റ്റാമ്പ് ഡ്യൂട്ടി മൂല്യവും (stamp duty value /SDV) തമ്മില്‍ പൊരുത്തക്കേട് ഉണ്ടെങ്കില്‍, അല്ലെങ്കില്‍ ഇടപാട് തുക കുറച്ച് കാണിച്ചതായി കണ്ടെത്തിയാല്‍ ആദായനികുതി നോട്ടീസ് അയച്ചേക്കാം. സെക്ഷന്‍ 133(6) പ്രകാരം, നികുതി അധികാരികള്‍ക്ക് പ്രസ്തുത അസസ്‌മെന്റ് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടാം. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതോ അല്ലെങ്കില്‍ വെട്ടിച്ചെടുത്ത വരുമാനം 50 ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ പത്ത് വര്‍ഷം വരെയും വിവരങ്ങള്‍ തേടാം.

നോട്ടീസ് ലഭിച്ചാല്‍

ആദായനികുതി നോട്ടീസ് ലഭിച്ചതിനു ശേഷമുള്ള ആദ്യപടി ഉടനടി കൃത്യമായി പ്രതികരിക്കുക എന്നതാണെന്ന് വിദഗ്ദ്ധര്‍ ഉപദേശിക്കുന്നു. നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, ലോണ്‍ രേഖകള്‍, സമ്മാന രേഖകള്‍, വില്‍പ്പന രസീതുകള്‍, മറ്റ് പ്രസക്തമായ രേഖകള്‍ എന്നിവ റെഡിയാക്കി വയ്ക്കുക. രേഖകള്‍ കൂടുതല്‍ വ്യക്തമാകുമ്പോള്‍, പരിഹാരം വേഗത്തില്‍ ലഭിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

മിക്ക നോട്ടീസുകളും പ്രതികരണത്തിന് വളരെ കുറഞ്ഞ സമയമേ നല്‍കുന്നുള്ളു. കൂടുതല്‍ സമയം ആവശ്യമുണ്ടെങ്കില്‍, നികുതിദായകര്‍ കുറഞ്ഞത് ഒരു രസീത് ഫയല്‍ ചെയ്യുകയും കാലാവധി നീട്ടാന്‍ അഭ്യര്‍ത്ഥിക്കുകയും വേണം. നോട്ടീസ് അവഗണിക്കുകയോ അപൂര്‍ണമായ പ്രതികരണങ്ങള്‍ നല്‍കുകയോ ചെയ്യുന്നത് സെക്ഷന്‍ 272A(2) പ്രകാരം പിഴ ചുമത്താന്‍ ഇടയാക്കും.

എങ്ങനെ ഒഴിവാകാം?

ഐടി പരിശോധന ഒഴിവാക്കാന്‍ മുന്‍കൂര്‍ സാമ്പത്തിക സുതാര്യത പാലിക്കണമെന്ന് നികുതി വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. വ്യക്തമായ പണമിടപാടുകള്‍ നടത്തുക - എല്ലാ ഇടപാടുകളും രേഖപ്പെടുത്തുക, വലിയ പണമിടപാടുകള്‍ ഒഴിവാക്കുക. കുടുംബ വായ്പകള്‍, അനന്തരാവകാശം, വില്‍പ്പന വരുമാനം എന്നിവയുള്‍പ്പെടെ എല്ലാ ഫണ്ടുകളുടെയും ഔപചാരിക രേഖകള്‍ നിര്‍ണായകമാണ്. അത്തരം വരുമാനം നിങ്ങളുടെ ഐടിആറില്‍ പ്രതിഫലിക്കുന്നില്ലെങ്കില്‍, പ്രോപ്പര്‍ട്ടി വാങ്ങുന്നതിന് മുമ്പ് ഒരു പുതുക്കിയ റിട്ടേണ്‍ ഫയല്‍ ചെയ്യുക. ഒന്നിലധികം വരുമാന സ്രോതസുകളുള്ളവര്‍ വരുമാന പ്രഖ്യാപനങ്ങളും ചെലവുകളും ഒത്തുപോകുന്നുവെന്ന് ഉറപ്പാക്കാന്‍ വലിയ ഇടപാടുകള്‍ക്ക് മുമ്പ് ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ സമീപിക്കുന്നത് ഉചിതമാണ്.

സര്‍ക്കാരിന്റെ ഡിജിറ്റല്‍ നിരീക്ഷണം വികസിക്കുന്നതോടെ, നികുതി വകുപ്പിന്റെ സംവിധാനങ്ങള്‍ കൂടുതല്‍ ഡാറ്റാധിഷ്ഠിതമായി മാറുകയണ്. ഒരു നോട്ടീസ് വന്നതിനുശേഷം രേഖകള്‍ക്കായി പരതുന്നതിനേക്കാള്‍ ഇതിനെ പ്രതിരോധിക്കാനുള്ള രേഖകള്‍ സൂക്ഷിക്കുന്നതാണ് എപ്പോഴും നല്ലതാണ്. സത്യസന്ധമായി നികുതി അടയ്ക്കുകയും ശരിയായ രേഖകള്‍ സൂക്ഷിക്കുകയും ചെയ്യുന്നത് നിയമം അനുശാസിക്കല്‍ മാത്രമല്ല, ദീര്‍ഘകാല സാമ്പത്തിക സമാധാനവും നല്‍കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT