Canva
Tax

യുപിഐ, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ: വരുമാനവും ചെലവും ഒത്തുപോകുന്നില്ലെങ്കിൽ പണികിട്ടും

ആദായ‍ നികുതി വകുപ്പിന്റെ ശ്രദ്ധ, നികുതി ദായകർ റിപ്പോർട്ട് ചെയ്യുന്ന വരുമാനത്തിലേക്ക് മാത്രം പരിമിതപ്പെടുത്താതെ, അവർ നടത്തുന്ന സാമ്പത്തിക ഇടപാടുകളുടെ സ്വഭാവം വിലയിരുത്തുന്നതിലേക്ക് മാറുന്നു.

Dhanam News Desk

രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റ് മേഖലയിലുണ്ടായ വൻ വളർച്ചയുടെ പശ്ചാത്തലത്തിൽ, നികുതിദായകരുടെ പ്രഖ്യാപിത വരുമാനവും പണം ചെലവഴിക്കുന്ന രീതിയും തമ്മിലുള്ള പൊരുത്തക്കേടുകൾ കണ്ടെത്താനുള്ള ഡാറ്റ അധിഷ്ഠിത നികുതി നിരീക്ഷണ സംവിധാനം കേന്ദ്ര സർക്കാർ വിപുലപ്പെടുത്തി. ഇതോടെ ഇൻകം ടാക്സ് റിട്ടേണിൽ കാണിച്ചിട്ടുള്ള വരുമാനത്തേക്കാൾ വളരെ ഉയർന്ന രീതിയിലുള്ള സാമ്പത്തിക ഇടപാടുകൾ നടത്തുന്നവർക്ക് കൂടുതൽ പരിശോധനകൾ നേരിടേണ്ടിവന്നേക്കും. വിദേശ രാജ്യങ്ങളുമായുള്ള വിവര കൈമാറ്റ കരാറുകൾ (CRS) വഴി ക്രിപ്‌റ്റോ കറൻസിയുടേയും ഗിഗ് ഇക്കോണമി പ്ലാറ്റ്‌ഫോമുകൾ മുഖേനയുള്ള വരുമാനവും നിരീക്ഷണ വലയത്തിലാണ്.

നിരീക്ഷണ സംവിധാനത്തിന്റെ പ്രവർത്തനം

1961-ലെ ആദായ നികുതി നിയമ പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ് ഓഫ് ഫിനാൻഷ്യൽ ട്രാൻസാക്ഷൻസ് (എസ്.എഫ്.ടി) മുഖേനയാണ് ഈ നിരീക്ഷണം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും റിപ്പോർട്ട് ചെയ്യുന്ന ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ഓരോ നികുതി ദായകന്റെയും ആന്വൽ ഇൻഫർമേഷൻ സ്റ്റേറ്റ്‌മെന്റിൽ (എ.ഐ.എസ്) രേഖപ്പെടുത്തുന്നു. ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾ, ഓഹരി നിക്ഷേപങ്ങൾ, ബാങ്ക് നിക്ഷേപങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും.

ഇൻകം ടാക്സ് റിട്ടേണുമായി ഈ വിവരങ്ങൾ സ്വയമേവ ഒത്തുനോക്കപ്പെടുകയും വലിയ വ്യത്യാസങ്ങൾ കണ്ടെത്തിയാൽ സിസ്റ്റം മുന്നറിയിപ്പ് നൽകുകയും ചെയ്യുന്ന രീതിയിലാണ് പുതിയ ഡാറ്റ അധിഷ്ഠിത നികുതി നിരീക്ഷണ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. അതായത് ആദായ‍ നികുതി വകുപ്പിന്റെ ശ്രദ്ധ, നികുതി ദായകർ റിപ്പോർട്ട് ചെയ്യുന്ന വരുമാനത്തിലേക്ക് മാത്രം പരിമിതപ്പെടുത്താതെ, അവർ നടത്തുന്ന സാമ്പത്തിക ഇടപാടുകളുടെ സ്വഭാവം വിലയിരുത്തുന്നതിലേക്ക് കൂടി മാറുകയാണെന്ന് സാരം.

2026-ൽ നടപ്പാക്കിയ പരിഷ്കാരങ്ങൾ

2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്നിട്ടുള്ള ആദായ നികുതി വകുപ്പിന്റെ പുതിയ നിർദേശങ്ങൾ പ്രകാരം, എല്ലാ ക്രെഡിറ്റ് കാർഡുകളും പാൻ (PAN) കാർഡുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. പുതിയ ക്രെഡിറ്റ് കാർഡുകൾ അനുവദിക്കുന്നതിനും നിലവിലുള്ളവയ്ക്കും ഇത് ബാധകമാണ്. പരിഷ്കരിച്ച മാനദണ്ഡങ്ങൾ പ്രകാരം താഴെ പറയുന്ന ഇടപാടുകൾ എസ്.എഫ്.ടി വഴി റിപ്പോർട്ട് ചെയ്യപ്പെടുന്നു:

  • ഒരു സാമ്പത്തിക വർഷത്തിനിടെ ക്രെഡിറ്റ് കാർഡ് ബില്ലായി ഒരു ലക്ഷം രൂപയിൽ കൂടുതൽ പണമായി അടയ്ക്കുന്നത്.

  • പത്തു ലക്ഷം രൂപയിൽ കൂടുതൽ മറ്റ് മാർഗ്ഗങ്ങളിലൂടെ (ചെക്ക്, ബാങ്ക് ട്രാൻസ്ഫർ മുതലായവ) അടയ്ക്കുന്നത്.

ചുരുക്കത്തിൽ, വ്യക്തിഗതമായ ഓരോ ചെറിയ ഇടപാടുകളേയുമല്ല, മറിച്ച് ക്രെഡിറ്റ് കാർഡ് ബില്ലുകൾ തീർപ്പാക്കാൻ ഉപയോഗിക്കുന്ന തുകയും അതിന്റെ ഉറവിടവുമാണ് നികുതി വകുപ്പ് പ്രധാനമായും വിശകലനം ചെയ്യുന്നത്. ഒ.ഇ.സി.ഡി പോലുള്ള അന്താരാഷ്ട്ര സംഘടനകളുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി ഡാറ്റാ അനലിറ്റിക്സ് ഉപയോഗിച്ചുള്ള നികുതി ഭരണസംവിധാനമാണ് ഇന്ത്യയും നടപ്പിലാക്കുന്നത്.

ശിക്ഷയല്ല, പ്രേരണയാണ് വഴി (Nudge Compliance)

ഇൻകം ടാക്സ് റിട്ടേണിൽ നിന്നും വീഴ്ചകൾ കണ്ടെത്തിയാൽ ഉടൻ ശിക്ഷാനടപടികൾ സ്വീകരിക്കുന്നതിന് പകരം 'നഡ്ജ്' (Nudge) കമ്മ്യൂണിക്കേഷൻ രീതിയാണ് ഇപ്പോൾ ആദായ നികുതി വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ നികുതിദായകർക്ക് അത് തിരുത്താനോ വിശദീകരിക്കാനോ അവസരം നൽകുന്ന സന്ദേശങ്ങൾ അയക്കുന്നു. എന്നാൽ, പണത്തിന്റെ ഉറവിടം വ്യക്തമാക്കാൻ സാധിക്കാത്ത വലിയ ചെലവുകൾ കർശനമായ പരിശോധനകൾക്ക് വിധേയമാക്കുകയും ചെയ്യുന്നു.

നികുതിദായകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വൻ തോതിലുള്ള ഡിജിറ്റൽ ഇടപാടുകൾ നടത്തുമ്പോൾ നികുതിദായകർ സ്വന്തം ആന്വൽ ഇൻഫർമേഷൻ സ്റ്റേറ്റ്‌മെന്റ്, നികുതി വകുപ്പിന്റെ വെബ്സൈറ്റ് വഴി പരിശോധിക്കുന്നത് ഉചിതമായിരിക്കും. എന്തെങ്കിലും പൊരുത്തക്കേട് ശ്രദ്ധയിൽപ്പെടുന്നുവെങ്കിൽ അധികൃതരെ അറിയിക്കാവുന്നതാണ്. അതുപോലെ ഫ്രീലാൻസർമാർ, ഒന്നിലധികം വരുമാന മാർഗ്ഗങ്ങൾ ഉള്ളവരൊക്കെ, തങ്ങളുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകളും ഇൻവോയ്‌സുകളും കൃത്യമായി സൂക്ഷിക്കേണ്ടതുണ്ട്. സമ്മാനങ്ങൾ, വായ്പകൾ അല്ലെങ്കിൽ പഴയ സമ്പാദ്യങ്ങൾ എന്നിവ ഉപയോഗിച്ചാണ് വലിയ ചെലവുകൾ നടത്തുന്നതെങ്കിൽ അവ തെളിയിക്കാനാവശ്യമായ രേഖകൾ കൈവശം കരുതിയാൽ അനാവശ്യമായ നികുതി നോട്ടീസുകൾ ഒഴിവാക്കാവുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT