ഓഹരി നിക്ഷേപത്തിന്റെ നികുതി ബാധ്യതകളെ കുറിച്ചും നിക്ഷേപകര്‍ക്ക് ധാരണയുണ്ടായിരിക്കണം. മൂലധന നേട്ടത്തിന് നികുതിയുണ്ട്. അതുപോലെ തന്നെ ട്രാന്‍സാക്ഷന്‍ ചാര്‍ജുകളുമുണ്ട്. നിക്ഷേപത്തിന്റെ കാലാവധി, ഓഹരിയുടെയും നിക്ഷേപകരുടെയും കാറ്റഗറി എന്നിവയെ ആശ്രയിച്ചാണ് നികുതിഘടന ഉണ്ടാകുക. ഈ ലേഖനത്തില്‍ നമ്മള്‍ ചെറുകിട ഓഹരി നിക്ഷേപകരുടെ നികുതി ബാധ്യതയെ കുറിച്ച് വിശകലനം ചെയ്യാം.
മൂലധന നേട്ട ഘടനപ്രകാരം ഓഹരി ആസ്തികള്‍ രണ്ട് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. 1. ലിസ്റ്റഡ് ഓഹരികള്‍ 2. അണ്‍ലിസ്റ്റഡ് ഓഹരികള്‍. ഈ രണ്ട് വിഭാഗത്തിലെയും നിക്ഷേപ കാലാവധി, അതായത് ഹ്രസ്വകാല നിക്ഷേപം, ദീര്‍ഘകാല നിക്ഷേപം എന്നിവ നിശ്ചയിക്കുന്നതും വ്യത്യസ്ത രീതിയിലാണ്.ഓഹരികളും ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടും നിക്ഷേപം നടത്തി ഒരുവര്‍ഷത്തിന് ശേഷമാണ് വില്‍ക്കുന്നതെങ്കില്‍ അത് ദീര്‍ഘകാല നിക്ഷേപമായി പരിഗണിച്ച് നേട്ടത്തിന് നികുതി ചുമത്തുന്നു.
ഒരു സാമ്പത്തിക വര്‍ഷത്തില്‍ 1.25 ലക്ഷം വരെയുള്ള ദീര്‍ഘകാല മൂലധന നേട്ടത്തെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതില്‍ കൂടുതല്‍ വന്നാല്‍ 12.5 ശതമാനമാണ് നികുതി നിരക്ക്. അണ്‍ലിസ്റ്റഡ് ഓഹരികള്‍, മറ്റ് അണ്‍ലിസ്റ്റഡ് മൂലധന ആസ്തികള്‍ എന്നിവയുടെ കാര്യത്തില്‍, ദീര്‍ഘകാല നിക്ഷേപ കാലയളവ് രണ്ട് വര്‍ഷമാണ്. ഇത്തരം ആസ്തികളിലെ മൂലധന നേട്ടത്തിന് 12.5 ശതമാനമോ അല്ലെങ്കില്‍ ഇന്‍ഡെക്സേഷന്‍ അനുകൂല്യത്തോട് കൂടി 20 ശതമാനമോ ആണ് നികുതി ബാധ്യത.
ലിസ്റ്റഡ് ഓഹരികള്‍, ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവ ഒരു വര്‍ഷത്തിനുള്ളില്‍ വില്‍പ്പന നടത്തി ലാഭമെടുക്കുകയാണെങ്കില്‍ അതിനെ ഹ്രസ്വകാല നിക്ഷേപമായാണ് പരിഗണിക്കുക. ലിസ്റ്റഡ് ഓഹരികളില്‍ നിന്നുള്ള ഹ്രസ്വകാല നിക്ഷേപ മൂലധന നേട്ടത്തിനുള്ള നികുതി ബാധ്യത 20 ശതമാനമാണ്. അണ്‍ലിസ്റ്റഡ് ഷെയറുകള്‍, മറ്റ് മൂലധന ആസ്തികള്‍ എന്നിവ രണ്ട് വര്‍ഷത്തിനുള്ളില്‍ വിറ്റ് ലാഭമെടുത്താല്‍ അതിനെയും ഹ്രസ്വകാല നിക്ഷേപമായി പരിഗണിക്കും. നിക്ഷേപകന്‍ ഏത് നികുതി സ്ലാബില്‍ വരുന്നു എന്നതിന് അനുസൃതമായാണ് ഈ മൂലധന നേട്ടത്തിന്റെ നികുതി നിരക്ക്.
ഓഹരികള്‍ ഒരു ദിവസത്തില്‍ തന്നെ വില്‍ക്കുകയും വാങ്ങുകയും ചെയ്താല്‍ അത് ഇന്‍ട്രാഡേ ട്രേഡിംഗാണ്. ഇതില്‍ നിന്നുള്ള ലാഭം ബിസിനസ് വരുമാനമായാണ് കണക്കാക്കുന്നത്. അതിന്റെ നികുതി നിരക്ക് നിക്ഷേപകന്റെ നികുതി സ്ലാബിനെ ആശ്രയിച്ചാണിരിക്കുന്നത്.
നിക്ഷേപകന് നഷ്ടം വന്നാല്‍, നഷ്ടം വന്ന സാമ്പത്തിക വര്‍ഷം മുതല്‍ എട്ട് അസസ്മെന്റ് വര്‍ഷത്തേക്ക് അത് കാരി ഫോര്‍വേഡ് ചെയ്യാം. ദീര്‍ഘകാല മൂലധന നഷ്ടം ദീര്‍ഘകാല മൂലധന നേട്ടവുമായി മാത്രമേ തട്ടിക്കിഴിക്കാന്‍ സാധിക്കൂ. എന്നാല്‍ ഹ്രസ്വകാല മൂലധന നഷ്ടം ഹ്രസ്വകാല മൂലധന നേട്ടവും ദീര്‍ഘകാല മൂലധന നേട്ടവുമായി തട്ടിക്കിഴിക്കാം. ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സ് ട്രേഡിംഗില്‍ നിന്നുള്ള നഷ്ടം ബിസിനസില്‍ നിന്നുള്ള നഷ്ടമായാണ് പരിഗണിക്കുന്നത്. അത് മറ്റ് ബിസിനസ് വരുമാനത്തില്‍ നിന്ന് തട്ടിക്കിഴിക്കാം. ഇത്തരം നഷ്ടങ്ങള്‍ എട്ട് വര്‍ഷത്തോളം കാരി ഫോര്‍വേഡും ചെയ്യാം. നികുതി റിട്ടേണ്‍ കൃത്യസമയത്ത് സമര്‍പ്പിച്ചില്ലെങ്കില്‍ ഈ നഷ്ടം കാരി ഫോര്‍വേഡ് ചെയ്യാനാവില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
ഓഹരി വിപണിയില്‍ നടത്തുന്ന വ്യാപാരങ്ങള്‍ക്ക് ട്രാന്‍സാക്ഷന്‍ ചാര്‍ജുകള്‍ കൂടി ബാധകമാണ്.സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്സ് (എസ്ടിടി), കമോഡിറ്റി ട്രാന്‍സാക്ഷന്‍ ടാക്സ് (സിടിടി), ജിഎസ്ടി എന്നിവയും പുറമെ വിവിധ സംസ്ഥാനങ്ങളില്‍ ബാധകമായ സ്റ്റാമ്പ് ഡ്യൂട്ടിയും നല്‍കേണ്ടതാണ്.
ശ്രദ്ധിക്കുക: ഈ നികുതി നിരക്കുകള്‍ ചെറുകിട നിക്ഷേപകരുടേതാണ്. മാറ്റത്തിന് വിധേയവുമാണ്. നികുതി ബാധ്യത സംബന്ധിച്ച വ്യക്തമായ വിവരത്തിന് ടാക്സ് വിദഗ്ധരില്‍ നിന്നോ സാമ്പത്തിക വിദഗ്ധരില്‍ നിന്നോ മാര്‍ഗനിര്‍ദേശം തേടുന്നത് ഉചിതമാകും.
(തയാറാക്കിയത്: റിസര്‍ച്ച് ഡിവിഷന്‍, അക്യുമെന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് ഇന്ത്യ ലിമിറ്റഡ്)
* ധനം ദ്വൈവാരികയില്‍ 2025 മാര്‍ച്ച് 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്
Read DhanamOnline in English
Subscribe to Dhanam Magazine