US import duty canva
Tax

കാനഡക്കും മെക്‌സിക്കോക്കും നികുതി കൂട്ടി ട്രംപ്; ശിക്ഷാ നടപടിയോ? ചൈനയെയും വെറുതെ വിട്ടില്ല

മയക്കുമരുന്ന് കടത്ത് തടയണമെന്ന് അമേരിക്ക; നികുതിയുടെ കാര്യത്തില്‍ ഇതേ നിലപാട് തന്നെയെന്ന് കാനഡയും മെക്‌സിക്കോയും

Dhanam News Desk

കാനഡ, മെക്‌സിക്കോ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് നികുതി വര്‍ധിപ്പിച്ച് യുഎസ് സര്‍ക്കാര്‍. കാനഡക്കും മെക്‌സിക്കോക്കും നികുതിയില്‍ 25 ശതമാനമാണ് വര്‍ധന. അതേസമയം, കാനഡയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് 10 ശതമാനമാണ് നികുതി. ചൈനയില്‍ നിന്നുള്ള എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 10 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ രാജ്യങ്ങള്‍ക്ക് ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ട്രംപിന്റെ ന്യായീകരണം

കാനഡക്കും മെക്‌സിക്കോക്കും നികുതി വര്‍ധിപ്പിച്ചത് ട്രംപ് ഭരണകൂടത്തിന്റെ ശിക്ഷാ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്. ഈ രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് ഫെന്റാനില്‍ എന്ന ലഹരി മരുന്ന് അനധികൃതമായി വലിയ തോതില്‍ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് നേരത്തെ അമേരിക്ക ആരോപിച്ചിരുന്നു. മയക്കുമരുന്ന് കടത്ത് തടയാന്‍ രണ്ട് രാജ്യങ്ങളും നടപടിയെടുക്കുന്നില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ഇത് ട്രംപിന്റെ പ്രധാന പ്രചാരണ വിഷയങ്ങളിലൊന്നായിരുന്നു. മയക്കുമരുന്ന് ഉപയോഗം മൂലം അമേരിക്കയില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെടുന്നതായും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പ്രതികരണം എന്താകും?

അമേരിക്കയുടെ നടപടിയെ കാനഡയും മെക്‌സിക്കോയും അപലപിച്ചു. നികുതിയുടെ കാര്യത്തില്‍ അമേരിക്കയോടുള്ള നിലപാടും ഇതേ രീതിയിലാകുമെന്ന് രണ്ട് രാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയിലേക്കുള്ള ഇറക്കുമതിയില്‍ 40 ശതമാനം കാനഡ,മെക്‌സിക്കോ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നാണ്. ക്രൂഡ് ഓയിലിന് കുറഞ്ഞ നികുതി ചുമത്തുന്നത് അമേരിക്കയുടെ ആവശ്യം മാത്രം മുന്നില്‍ കണ്ടാണെന്നാണ് കാനഡ പ്രതികരിച്ചത്. യുഎസിലേക്കുള്ള ക്രൂഡ് ഇറക്കുമതിയില്‍ 40 ശതമാനം കാനഡയില്‍ നിന്നാണ്. അതേസമയം, ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ഇപ്പോള്‍ കുറഞ്ഞു വരികയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT