രാജ്യത്ത് 42 കോടി പാൻ കാർഡുകൾ ഉള്ളതിൽ വെറും 23 കോടി കാർഡുകൾ മാത്രമേ ഇതുവരെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളു. 2019 മാർച്ച് 31 നാണ് പാനും ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി. ഇതിനു മുൻപ് നാല് തവണ തീയതി നീട്ടിവെച്ചതിനാൽ ഇനി അധികസമയം അനുവദിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല.
ആധാറുമായി പാൻ കാർഡ് ബന്ധിപ്പിക്കുന്നതു വഴി പാൻ വ്യാജമാണോ എന്ന് തിരിച്ചറിയാൻ സാധിക്കും. അവസാന തീയതിക്ക് മുൻപ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് റദ്ദാക്കുമെന്ന് സിബിഡിടി ചെയർമാൻ സുശീൽ ചന്ദ്ര അറിയിച്ചു.
ആദായനികുതി റിട്ടേൺ നൽകുന്നതിന് പാൻ ബന്ധിപ്പിക്കണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആദായ നികുതി വകുപ്പിലെ 139 എഎ വകുപ്പ് നിലനിൽക്കുന്നതാണെന്നും സ്വകാര്യതയുടെ ലംഘനമാകുന്നില്ലെന്നും കോടതി പറഞ്ഞു.
ആധാർ നമ്പർ നൽകിയില്ലെങ്കിൽ പാൻ അസാധുവാകുമെന്ന വ്യവസ്ഥയുള്ളതാണ് ആദായ നികുതി നിയമത്തിലെ 139 എഎ ഭേദഗതി. ബാങ്ക് അക്കൗണ്ടുമായോ, ടെലിഫോൺ സേവനദാതാക്കളുമായോ ആധാർ ബന്ധിപ്പിക്കുക നിർബന്ധമല്ലെന്നും എന്നാൽ, ആദായനികുതി റിട്ടേൺ ഫയൽചെയ്യാൻ ഇത് നിർബന്ധമാണെന്നും കഴിഞ്ഞ സെപ്റ്റംബർ 26-ന് സുപ്രീംകോടതി വിധിച്ചിരുന്നു.
ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടലിൽ www.incometaxindiaefiling.gov.in ലോഗിൻ ചെയ്തും അല്ലാതെയും പാൻ ആധാറുമായി ബന്ധിപ്പിക്കാം.
Read DhanamOnline in English
Subscribe to Dhanam Magazine