Image:@canva 
Tech

പുതുവര്‍ഷത്തില്‍ ഐ.ടി കമ്പനികളുടെ കടുംവെട്ട്; ജോലി നഷ്ടമായി ആയിരങ്ങള്‍

ടി.സി.എസ്, ഇന്‍ഫോസിസ്, വിപ്രോ അടക്കമുള്ള കമ്പനികളും വെട്ടിനിരത്തലില്‍ മുന്നിലുണ്ട്

Dhanam News Desk

പുതുവര്‍ഷത്തിന്റെ ആരവങ്ങളടങ്ങും മുമ്പെ കണ്ണീരിലായി ടെക് കമ്പനികളിലെയും സ്റ്റാര്‍ട്ടപ്പ് കമ്പനികളിലെയും ആയിരത്തിലധികം ജീവനക്കാര്‍. 2023ലെ കൂട്ടപ്പിരിച്ചുവിടലില്‍ പിടിച്ചു നിന്ന പലര്‍ക്കും 2024ന്റെ ആദ്യം തന്നെ ജോലി നഷ്ടമായി. ലേഓഫ് ഡോട്ട് എഫ്.വൈ.ഐ എന്ന വെബ്സൈറ്റ് പ്രകാരം ജനുവരി 15 വരെ 48 കമ്പനികളിലായി 7,528 ജീവനക്കാര്‍ക്ക് ജോലി നഷ്ടമായതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ദുര്‍ഘടമായിരിക്കും ഈ വര്‍ഷം ടെക് ജീവനക്കാര്‍ക്ക് എന്ന സൂചനയാണ് പുതുവര്‍ഷത്തിന്റെ ആരംഭം തന്നെ ലഭിക്കുന്നത്. 2023ല്‍ 1,150 ടെക് കമ്പനികള്‍ ചേര്‍ന്ന് 2.60 ലക്ഷത്തലധികം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.

ജീവനക്കാരെ വെട്ടാന്‍ വമ്പന്‍മാര്‍

ഗൂഗ്ള്‍, ആമസോണ്‍ ഉള്‍പ്പെടെയുള്ള വമ്പന്‍ കമ്പനികള്‍ പലതും ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ കുറയ്ക്കാനുള്ള ഒരുക്കത്തിലാണ്. ഓണ്‍ലൈന്‍ റെന്റല്‍ പ്ലാറ്റ്ഫോമായ ഫ്രണ്ട്ഡെസ്‌ക് ആണ് 2024ല്‍ പിരിച്ചുവിടല്‍ മാമാങ്കത്തിന് തിരിതെളിച്ചത്. രണ്ടു മിനിറ്റിലെ ഒരു ഗൂഗ്ള്‍ കോളില്‍ 200 പേരുടെ ജോലിയാണ് കമ്പനി തെറിപ്പിച്ചത്.

ഗൂഗ്ളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് ഡിജിറ്റല്‍ അസിസ്റ്റന്റ് വിഭാഗത്തിലുള്ള ഹാര്‍ഡ്‌വെയര്‍, എന്‍ജിനീയറിംഗ് ടീമിലെ നിരവധി ജീവനക്കാരെ  പിരിച്ചുവിട്ടു.

ആമസോണിന്റെ ഓഡിയോബുക്ക്, പോഡ്കാസ്റ്റ് സര്‍വീസായ ആമസോണ്‍ ഒഡിബിള്‍ മൊത്തം ജീവനക്കാരുടെ അഞ്ച് ശതമാനത്തെ ഒഴിവാക്കിയിട്ടുണ്ട്. കമ്പനിയുടെ അവസ്ഥമെച്ചപ്പെട്ടതാണെങ്കിലും നിരവധി വെല്ലുവിളികളുള്ള പശ്ചാത്തലത്തിലാണ് പിരിച്ചുവിടലെന്ന് കമ്പനി പറഞ്ഞു.

ആമസോണ്‍ പ്രൈം വീഡിയോ നൂറുകണക്കിന് ജീവനക്കാരെയാണ് സ്ട്രീമിംഗ്, സ്റ്റുഡിയോ ഓപ്പറേഷന്‍സില്‍ നിന്ന് പിരിച്ചുവിട്ടത്. ആമസോണിന്റെ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ട്വിച്ച് 35 ശതമാനം ജോലിക്കാരെയാണ് വേണ്ടെന്ന് വച്ചത്. ഏകദേശം 500ഓളം പേര്‍ വരുമിത്. 2023ല്‍ 400 പേരെ കമ്പനി ഒഴിവാക്കിയിരുന്നു.

യൂണിറ്റിസോഫ്റ്റ്‌വെയര്‍ 1800 ഓളം പേരെ ഒഴിവാക്കിയതായി അറിയിച്ചിട്ടുണ്ട്.

ഐ.ടി കമ്പനിയായ സിറോക്‌സ് വര്‍ക്ക്‌ഫോഴ്‌സിന്റെ 15ശതമാനം അതായത് (3,000) പേരെ പുറത്താക്കി. പുതിയ സ്ഥാപന ഘടനയും പ്രവര്‍ത്തന മോഡലും കൊണ്ടു വരുന്നതിന്റെ ഭാഗമാണിതെന്ന് കമ്പനി പറയുന്നു.

യു.കെ ആസ്ഥാനമായ പ്രോപ്‌ടെക് കമ്പനിയായ ഫ്രണ്ട്‌ഡെസ്‌ക് 200 ജീവനക്കാരെയാണ് ഒറ്റയടിക്ക് ഒഴിവാക്കിയത്. അതും രണ്ട് മിനിറ്റിന്റെ രണ്ട് മിനിറ്റിന്റെ ഗൂഗ്ള്‍ കോള്‍ വഴി.

വെട്ടിക്കുറയ്ക്കലുമായി ഇന്ത്യന്‍ ഐ.ടി ഭീമന്‍മാരും

ഇന്ത്യന്‍ ഐ.ടി കമ്പനികളായ ടി.സി.എസ്, ഇന്‍ഫോസിസ്, വിപ്രോ എന്നിവയും ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതില്‍ അത്ര മോശമല്ല. മൂന്നു കമ്പനികളും ചേര്‍ന്ന് ഈ വര്‍ഷം നഷ്ടപ്പെടുത്തുക 53,361 പേരുടെ ജോലിയാണ്.

ഇന്‍ഫോസിസാണ് ജോലി വെട്ടക്കുറയ്ക്കുന്നതില്‍ മുന്നില്‍ 24,182 പേരെയാണ് ഒഴിവാക്കുക. തൊട്ടുപിന്നില്‍ 18,510 ജീവനക്കാരെ കുറയ്ക്കുന്ന  വിപ്രോയുണ്ട്. ടി.സി.എസ് 10,669 പേരെയാണ് ഒഴിവാക്കുന്നത്.

അതേസമയം, ഐ.ടി കമ്പനികളില്‍ നാലാം സ്ഥാനത്തുള്ള എച്ച്.സി.എല്ലിന്റെ ജീവനക്കാരുടെ എണ്ണത്തില്‍ 2,486ന്റെ വര്‍ധനയുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT