Tech

മോതിരം ഉരച്ചും പണമയക്കാം: വെയറബിള്‍ ടാപ്& പേ ഉല്‍പ്പന്നങ്ങളുമായി ഏസ്മണി

മോതിരം ഉപയോഗിച്ചും കാറിന്റെ കീചെയ്ന്‍ ഉപയോഗിച്ചും പേയ്‌മെന്റ് നടത്താനുള്ള സംവിധാനത്തിനൊപ്പം ഓഫ്‌ലൈന്‍ യുപിഐ പേയ്‌മെന്റ് സേവനവും ഏസ്മണി അവതരിപ്പിച്ചു

Dhanam News Desk

മോതിരം, കീച്ചെയ്ന്‍, മൊബൈലില്‍ പതിക്കുന്ന സ്റ്റിക്കര്‍, വാച്ച്... ഇങ്ങനെ ദൈനംദിനം ധരിച്ചുനടക്കുന്ന ഉല്‍പ്പന്നങ്ങളിലൂടെ പേയ്‌മെന്റ് നടത്താനായാല്‍ എങ്ങനെയുണ്ടാവും. അത്തരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് മുന്‍നിര ഫിന്‍ടെക് കമ്പനിയായ ഏസ്മണി.

സാധാരണ എടിഎം പോലെ തന്നെയാണ് ഇവ പ്രവര്‍ത്തിക്കുക. വൈഫൈ പേയ്‌മെന്റ് സൗകര്യമുള്ള പോസ് മെഷീനുകളില്‍ ടാപ് ചെയ്ത് ഇവയിലൂടെ പണമയക്കാനാവും. 5000 രൂപ വരെ ഇങ്ങനെ അയക്കാം. പിന്‍ നമ്പര്‍ അടിച്ചുകൊടുത്താല്‍ അതിനു മുകളിലും തുക കൈമാറാം. സ്മാര്‍ട്ട്‌ഫോണിലൂടെ ഓണ്‍ ആക്കാനും ഓഫ് ആക്കാനും പറ്റുന്ന തരത്തിലാണ് ഏസ്മണി വെയറബിള്‍ എടിഎം കാര്‍ഡുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. സൈ്വപ് ചെയ്ത് പണമയക്കുമ്പോഴുണ്ടാകുന്ന ഡാറ്റ മോഷണം പോലുള്ള സുരക്ഷാ പ്രശ്‌നം തടയാന്‍ ടാപ്പ് ആന്‍ഡ് പേ സംവിധാനത്തിലൂടെ വെയറബിള്‍ എടിഎമ്മുകള്‍ക്കാവുമെന്ന് ഏസ്മണി സിഇഒ ജിമ്മിന്‍ ജെ കുറിച്ചിയില്‍ പറഞ്ഞു.

ജൂലൈ പകുതിയോടെ വെയറബിള്‍ എടിഎം കാര്‍ഡുകള്‍ വിപണിയില്‍ ലഭ്യമാകുമെന്ന് ഏസ്മണി എംഡി നിമിഷ ജെ വടക്കന്‍ പറഞ്ഞു. ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നമായ മോതിരത്തിന് 7000 രൂപ വില വരും. കീചെയ്ന്‍ പോലുള്ളവ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കും. ഫോണില്‍ പതിക്കാവുന്ന സ്റ്റിക്കര്‍ എടിഎമ്മിന് 250 രൂപയും കീചെയ്‌ന് 500 രൂപയുമാണ് വില. വാലറ്റുകള്‍ പോലെ ആവശ്യാനുസരണം പണം ലോഡ് ചെയ്യുകയാണ് വേണ്ടത്. ഇങ്ങനെ അഞ്ചു ലക്ഷം രൂപ വരെ ലോഡ് ചെയ്തുവെക്കാം.

കൊച്ചിയില്‍ നടന്ന ഉല്‍പ്പന്ന ലോഞ്ചിംഗ് ചടങ്ങില്‍, ഓഫ്‌ലൈന്‍ യുപിഐ പേയ്‌മെന്റ് സേവനവും ഏസ്മണി അവതരിപ്പിച്ചു. സ്മാര്‍ട്ട്‌ഫോണും ഇന്റര്‍നെറ്റും ഇല്ലാതെ സാധാരണ കീപാഡ് ഫോണ്‍ ഉപയോഗിച്ച് പണമിടപാട് നടത്താനാവുന്നതാണ് ഓഫ്‌ലൈന്‍ യുപിഐ. മലയാളം, തമിഴ് ഭാഷകളില്‍ ഇതാദ്യമായാണ് ഈ സേവനം ആരംഭിക്കുന്നതെന്ന് ജിമ്മിന്‍ ജെ കുറിച്ചിയില്‍ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT