ai and job canva
Tech

ചെലവ് ചുരുക്കാനല്ല, ബിസിനസ് 10 മടങ്ങ് വളർത്താൻ എഐ; സംരംഭകർ അറിയേണ്ടത്

എഐ ഉപയോഗിച്ച് എത്ര ജീവനക്കാരെ ഒഴിവാക്കാനാകും എന്ന് ചോദിക്കുന്നത് നിര്‍ത്തുക. പകരം ബിസിനസ് എത്രത്തോളം വലുതാക്കാന്‍ സാധിക്കുമെന്ന് ചോദിക്കുക

Dhanam News Desk

എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) അഥവാ നിര്‍മിത ബുദ്ധി വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയതോടെ ജോലികള്‍ ഒരു പരിധിവരെ എളുപ്പമായി. 'ഇനി കുറച്ച് ജീവനക്കാരെ മാത്രം വെച്ച് സ്ഥാപനം മുന്നോട്ട് കൊണ്ടുപോകാനാകുമോ' എന്നാണ് ഭൂരിഭാഗം സംരംഭകരും ചിന്തിക്കുക. എന്നാല്‍ ശരിക്കും 'മുമ്പ് നമുക്ക് ചെയ്യാന്‍ കഴിയാതിരുന്ന ജോലികള്‍ ഇനി ഏറ്റെടുക്കാന്‍ സാധിക്കുമോ?' എന്നാണ് സംരംഭകര്‍ ചോദിക്കേണ്ടത്.

ഇതില്‍ ഏത് ചോദ്യമാണ് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നതെന്ന് വ്യക്തമാക്കുന്നതിനായി ചില കണക്കുകള്‍ നോക്കാം. സ്ഥാപനങ്ങളിലെ ഏറ്റവും ഉയര്‍ന്ന 500 ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് 2025ല്‍ പുറത്തുവന്ന ഒരു ഇവൈ റിപ്പോര്‍ട്ട് പ്രകാരം, എഐ വഴി ഉല്‍പാദനക്ഷമത വര്‍ധിച്ചതായി രേഖപ്പെടുത്തിയ കമ്പനികളില്‍ 17 ശതമാനം മാത്രമാണ് ജീവനക്കാരുടെ എണ്ണം കുറക്കാന്‍ ആ നേട്ടം ഉപയോഗിച്ചത്.

ബാക്കി 83 ശതമാനം കമ്പനികളും ആ നേട്ടത്തെ വീണ്ടും നിക്ഷേപങ്ങളാക്കി മാറ്റുകയാണ് ചെയ്തത്-എഐ ശേഷി വര്‍ധിപ്പിക്കുക, പുതിയ സര്‍വീസുകള്‍ ആരംഭിക്കുക, ഗവേഷണം, മറ്റ് ബിസിനസുകള്‍ ഏറ്റെടുക്കുക തുടങ്ങിയവക്കാണ് അവര്‍ അത് ഉപയോഗിച്ചത്. അഞ്ച് വര്‍ഷത്തിന് ശേഷം, ചെലവ് ചുരുക്കിയവരും വീണ്ടും നിക്ഷേപം നടത്തിയവരും തമ്മില്‍ യാതൊരു താരതമ്യവും ഉണ്ടാകില്ല.

സമയം ലാഭിക്കുന്നു

ഭൂരിഭാഗം വൈറ്റ് കോളര്‍ ജോലികളിലെയും കഠിനമായ ജോലികളുടെ 80 ശതമാനം വരെ ഇപ്പോള്‍ എഐ വഴി ചെയ്യുന്നുണ്ട്. ബാങ്ക് അക്കൗണ്ടുകള്‍ ഒത്തുനോക്കുന്നതിനും ജിഎസ്ടി റിട്ടേണുകള്‍ക്കും ഓഡിറ്റ് വര്‍ക്കിങ് പേപ്പറുകള്‍ക്കുമായി എല്ലാ മാസവും മൂന്നാഴ്ച ചെലവഴിച്ചിരുന്ന ഒരു ഫിനാന്‍സ് ടീം അതേ ജോലി മൂന്ന് ദിവസം കൊണ്ട് പൂര്‍ത്തിയാക്കുന്നു.

നിങ്ങള്‍ക്ക് രണ്ട് ചോയ്സുകള്‍ ഉണ്ട്. ലാഭിച്ച സമയം ഉപയോഗിച്ച് കുറച്ച് ആളുകളെ വെച്ച് പ്രവര്‍ത്തിക്കാനും ആ വ്യത്യാസം ചെലവില്‍ ലാഭമായി രേഖപ്പെടുത്താനും കഴിയും. അല്ലെങ്കില്‍ നിങ്ങള്‍ക്ക് അതേ ആളുകളെ നിലനിര്‍ത്താനും യഥാര്‍ത്ഥ മൂല്യം സൃഷ്ടിക്കുന്ന ജോലിയിലേക്ക് അവരെ പുനര്‍വിന്യസിക്കാനും കഴിയും.

ജീവനക്കാരെ വെട്ടിക്കുറക്കുന്നതിന് മുമ്പ് ഒരു കാര്യം അന്വേഷിക്കുക. നിങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ കൂടുതല്‍ നല്‍കാന്‍ കഴിഞ്ഞാല്‍ നിങ്ങളുടെ വിപണി യഥാര്‍ത്ഥത്തില്‍ കൂടുതല്‍ വാങ്ങുമോ? ഭൂരിഭാഗം ബിസിനസുകളിലും ഉത്തരം 'അതെ' എന്നാണ്. സമയമോ വിഭവങ്ങളോ ഇല്ലാത്തതിനാല്‍ നിങ്ങള്‍ വേണ്ടെന്ന് വെക്കുന്ന ക്ലയ്ന്റുകളുണ്ട്. ഇത് സത്യമാണെങ്കില്‍ എഐ ഒരു ഗ്രോത്ത് ലിവര്‍ ആണ്, കോസ്റ്റ് ലിവര്‍ അല്ല.

ഏച്ചുകെട്ടരുത്; ഇഴചേര്‍ക്കുക

നിലവിലുള്ള പ്രോസസ് തുടരുകയും അതിനിടയിലേക്ക് എഐ തിരുകിക്കയറ്റുകയും ചെയ്യുക എന്നതാണ് ഭൂരിഭാഗം കമ്പനികളും വരുത്തുന്ന തെറ്റ്. പുതിയ ടൂളുകള്‍ ലഭിക്കുന്നുണ്ടെങ്കിലും ജോലിയുടെ വേഗത കൂടുകയോ, ലാഭം മെച്ചപ്പെടുകയോ ചെയ്യുന്നില്ല. സാങ്കേതികവിദ്യയല്ല ഇവിടെ പ്രശ്‌നം, പ്രോസസ് മികച്ചതല്ലാത്തതാണ്.

കേരളത്തിലെ ഒരു റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ പ്രോജക്റ്റ് ലോഞ്ചുകള്‍ക്കായി ആറാഴ്ചത്തെ സൈക്കിളിലൂടെ കടന്നുപോയിരുന്നു. ബ്രോഷറിന്റെ കോപ്പി തയാറാക്കാന്‍ മാര്‍ക്കറ്റിങ് വിഭാഗം രണ്ടാഴ്ച എടുത്തു. ലീഡുകളെ വിളിക്കുന്നതിന് മുമ്പ് സെയില്‍സ് വിഭാഗം ഈ ബ്രോഷറിനായി കാത്തിരുന്നു. സിആര്‍എം അപ്‌ഡേറ്റ് ചെയ്തിരുന്നത് കൈകൊണ്ടായിരുന്നു.

എഐ വന്നപ്പോള്‍ ബ്രോഷര്‍ കോപ്പി വേഗത്തില്‍ എഴുതാന്‍ അത് ഉപയോഗിക്കുക എന്നതായിരുന്നു ഏറ്റവും ലളിതമായ നീക്കം. ബ്രോഷര്‍ തയാറാക്കാന്‍ മൂന്ന് ദിവസമാണ് ഇപ്പോള്‍ വേണ്ടിവരുന്നത്. പക്ഷേ സെയില്‍സ് വിഭാഗം ഇപ്പോഴും അതിനായി കാത്തിരുന്നു. സൈക്കിള്‍ ആറാഴ്ചയില്‍ നിന്ന് അഞ്ചാഴ്ചയായി കുറഞ്ഞു. ഇതൊരു ചെറിയ പുരോഗതി മാത്രമാണ്.

ഇതിന് പകരം എല്ലാ ഘട്ടങ്ങളിലും എഐ പ്രയോജനപ്പെടുത്താനാകും. ബ്രോഷര്‍ കോപ്പി, വിഷ്വലുകള്‍, മുന്‍കാല ഉപഭോക്തൃ ഡാറ്റ അടിസ്ഥാനമാക്കിയുള്ള ലീഡ്-സ്‌കോറിങ്, വാട്ട്‌സാപ്പ് സന്ദേശങ്ങള്‍, തത്സമയ സിആര്‍എം അപ്‌ഡേറ്റുകള്‍ തുടങ്ങിയവയില്‍ എഐ പ്രയോജനപ്പെടുത്താനായാല്‍ ആരും ആരെയും കാത്തിരിക്കേണ്ടി വരില്ല. ഒന്നാം ദിവസം തന്നെ ലീഡുകളെ വിളിക്കാന്‍ തുടങ്ങാം.

സിആര്‍എം പശ്ചാത്തലത്തില്‍ തനിയെ അപ്‌ഡേറ്റ് ചെയ്യപ്പെടും. സൈക്കിള്‍ ഒമ്പത് ദിവസമായി ചുരുങ്ങും. ഈമാസം നിങ്ങളുടെ പ്രധാനപ്പെട്ട മൂന്ന് പ്രക്രിയകള്‍ കണ്ടെത്തുക. ഇതില്‍ ഏതൊക്കെ ഘട്ടങ്ങളാണ് എഐക്ക് ഏറ്റെടുക്കാന്‍ കഴിയുക എന്ന് തിരിച്ചറിയുക. ബാക്കിയുള്ളവ പുനഃരൂപകല്‍പന ചെയ്യുക.

എഐ വരുന്നതിന് മുമ്പ്, ഒരു ജൂനിയര്‍ ജീവനക്കാരന്‍ മാന്യമായ ജോലി ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് ഒരു മാനേജര്‍ തന്റെ ഭൂരിഭാഗം സമയവും ചെലവഴിച്ചിരുന്നത്. എഐ വന്നതിന് ശേഷം, ജൂനിയര്‍ ആ ജോലി വളരെ എളുപ്പത്തില്‍ ചെയ്യുന്നു. എന്നാല്‍ എഐയുടെ സഹായത്തോടെ ജൂനിയര്‍ തയാറാക്കി നല്‍കിയ റിപ്പോര്‍ട്ട് ശരിയാണോ എന്ന് പരിശോധിക്കുകയെന്ന ഭാരിച്ച ജോലിയാണ് ഇപ്പോള്‍ മാനേജര്‍മാര്‍ക്ക് ഉള്ളത്.

ഔട്ട്പുട്ടിലെ തെറ്റുകള്‍ കണ്ടെത്തുക ബുദ്ധിമുട്ടാണ്. മാനേജര്‍ക്ക് ഇപ്പോള്‍ പരിശോധിക്കേണ്ടത് ജൂനിയറുടെ ജോലിയല്ല, മറിച്ച് എഐയുടെ യുക്തിയാണ്. ഔട്ട്പുട്ടിന്റെ അളവ് കൂടുമ്പോള്‍ അവ പരിശോധിച്ചുറപ്പിക്കാനുള്ള ബാധ്യത കൂടുകയാണ് ചെയ്യുന്നത്. മുറിയില്‍ എഐ ടൂളുകള്‍ ഇല്ലാതെ, നിലവിലെ സാഹചര്യങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്ന് ടീം ചര്‍ച്ച ചെയ്യുന്നതിനായി ആഴ്ചയിലൊരിക്കല്‍ ഒരു മീറ്റിങ് ഷെഡ്യൂള്‍ ചെയ്യുക.

സമയമെടുക്കും

ബിസിനസില്‍ എഐ ഉള്‍പ്പെടുത്തി, തുടക്കത്തില്‍ തന്നെ നേട്ടം പ്രതീക്ഷിക്കരുത്. കാര്യങ്ങള്‍ പഠിക്കുകയും പുനഃക്രമീകരിക്കുകയും ചെയ്യുന്നതിനിടെ ചെറിയ ഇടിവ് സംഭവിക്കാം. അതിന് പിന്നാലെ കുത്തനെ വളര്‍ച്ചയുണ്ടാകും. ഇതറിയാത്തവരാണ് എഐ നടപ്പാക്കുന്നതില്‍ പരാജയപ്പെടുന്നത്. ആറ് മുതല്‍ പന്ത്രണ്ട് മാസം വരെ ഉല്‍പാദനക്ഷമതയില്‍ ഇടിവ് പ്രതീക്ഷിച്ചുകൊണ്ട് എഐ നടപ്പാക്കുക.

എഐ സംബന്ധിച്ച് ഇന്ത്യയിലെ ചെറുകിട സംരംഭകര്‍ വരുത്തുന്ന ഏറ്റവും വലിയ തെറ്റ് ഈ മാറ്റത്തിന്റെ ചുമതല ഐടി ടീമിനെയോ, ഒരു സോഫ്റ്റ്വെയര്‍ വെണ്ടറെയോ, അല്ലെങ്കില്‍ ഓഫീസില്‍ 'കമ്പ്യൂട്ടര്‍ കാര്യങ്ങള്‍ നോക്കുന്ന ആള്‍' എന്ന് കരുതപ്പെടുന്നവരെ ഏല്‍പിക്കുന്നു എന്നതാണ്.

എഐ എന്നത് ഒരു സോഫ്റ്റ്വെയര്‍ അപ്ഗ്രേഡ് അല്ല. അടുത്ത ദശകത്തില്‍ നിങ്ങള്‍ ഏതുതരം ബിസിനസാണ് കെട്ടിപ്പടുക്കാന്‍ പോകുന്നത് എന്നതിനെക്കുറിച്ചുള്ള തന്ത്രപരമായ ഒരു തീരുമാനമാണത്. തീരുമാനമെടുക്കേണ്ടത് സംരംഭകരാണ്. ഒരു ഐടി സംരംഭമെന്ന നിലയിലാണ് കൈകാര്യം ചെയ്യുന്നതെങ്കില്‍ എഐ സ്വാഭാവികമായും ചെലവ് ചുരുക്കലിലേക്ക് എത്തും.

ഒരു തന്ത്രപരമായ സംരംഭം എന്ന നിലയിലാണ് കൈകാര്യം ചെയ്യുന്നതെങ്കില്‍, അത് വളര്‍ച്ച കൈവരിക്കും. കമ്പനിയെ ചെറുതാക്കാന്‍ എഐ ഉപയോഗിച്ചാല്‍, ഇന്ന് നിങ്ങള്‍ നടത്തുന്ന ബിസിനസിന്റെ ഒരു ചെറിയ പതിപ്പായിരിക്കും നടത്തുക. വളരാന്‍ വേണ്ടി അത് ഉപയോഗിച്ചാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ തികച്ചും വ്യത്യസ്തമായ ഒരു ബിസിനസ് ആയിരിക്കും നടത്തുക.

സുബിന്‍ കബീര്‍ & അരുണ്‍ സുരേന്ദ്രബാബു

(ആര്‍ട്ട് ഓഫ് കണ്‍സള്‍ട്ടിങ് എല്‍എല്‍പിയുടെ പാര്‍ട്ണറാണ് സുബിന്‍ കബീര്‍. ഹാബിറ്റ് തിയറിയുടെ എംഡിയാണ് അരുണ്‍ സുരേന്ദ്രബാബു)

ധനം മാഗസിന്‍ ജൂണ്‍ 30 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT