canva
Tech

മനുഷ്യരേക്കാള്‍ ചെലവേറിയതാണോ കൃത്രിമബുദ്ധി? മൈക്രോസോഫ്റ്റും ഊബറും എഐ ബജറ്റ് വെട്ടിക്കുറയ്ക്കുന്നു

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനേക്കാള്‍ വലിയ തുകയാണ് എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ ചിലവാകുന്നത് എന്ന് കമ്പനികള്‍

Dhanam News Desk

ബിസിനസ് മേഖലയില്‍ ചിലവ് ചുരുക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനും സഹായിക്കുമെന്ന വലിയ വാഗ്ദാനങ്ങളോടെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) കടന്നുവന്നത്. എന്നാല്‍ നിലവിലെ യാഥാര്‍ത്ഥ്യം മറിച്ചാണെന്നാണ് ആഗോള ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ഊബര്‍ എന്നിവരില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനേക്കാള്‍ വലിയ തുകയാണ് എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ ചിലവാകുന്നത് എന്ന് ഈ കമ്പനികള്‍ വെളിപ്പെടുത്തുന്നു.

മൈക്രോസോഫ്റ്റ് ക്ലോഡ് കോഡ് ലൈസന്‍സുകള്‍ റദ്ദാക്കുന്നു

ഡെവലപ്പര്‍മാര്‍ക്കും ഡിസൈനര്‍മാര്‍ക്കും പ്രോജക്ട് മാനേജര്‍മാര്‍ക്കും എഐ സഹായത്തോടെ കോഡിംഗ് നടത്തുന്നതിനായി ആറുമാസം മുന്‍പാണ് മൈക്രോസോഫ്റ്റ് 'ക്ലോഡ് കോഡ്' ലൈസന്‍സുകള്‍ വന്‍തോതില്‍ നല്‍കിയത്. എന്നാല്‍ ജീവനക്കാര്‍ക്കിടയില്‍ ഇതിന്റെ ഉപയോഗം അതിവേഗം വര്‍ധിച്ചതോടെ കമ്പനിയുടെ ചിലവുകള്‍ കുതിച്ചുയര്‍ന്നു. ഇതേത്തുടര്‍ന്ന് ഭൂരിഭാഗം നേരിട്ടുള്ള ക്ലോഡ് കോഡ് ലൈസന്‍സുകളും റദ്ദാക്കാന്‍ മൈക്രോസോഫ്റ്റ് നിര്‍ബന്ധിതരായിരിക്കുകയാണ്. പകരം ജീവനക്കാരെ സ്വന്തം പ്ലാറ്റ്ഫോമായ ഗിറ്റ്ഹബ് കോപൈലറ്റിലേക്ക് (GitHub Copilot CLI) മാറ്റുകയാണ് കമ്പനി ഇപ്പോള്‍ ചെയ്യുന്നത്.

നാല് മാസം കൊണ്ട് ഊബര്‍ തീര്‍ത്തത് ഒരു വര്‍ഷത്തെ എഐ ബജറ്റ്!

സമാനമായ പ്രതിസന്ധിയാണ് പ്രമുഖ റൈഡ് ഹെയ്ലിംഗ് കമ്പനിയായ ഊബറും നേരിടുന്നത്. എഐ ടൂളുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി കമ്പനിക്കുള്ളില്‍ പ്രത്യേക മത്സരങ്ങള്‍ വരെ ഊബര്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഫലം മറ്റൊന്നായിരുന്നു; 2026-ലേക്ക് എഐ കോഡിംഗ് ടൂളുകള്‍ക്കായി മാറ്റിവെച്ച മുഴുവന്‍ ബജറ്റും വെറും നാല് മാസം കൊണ്ട് ഊബര്‍ ഉപയോഗിച്ചു തീര്‍ത്തുവെന്ന് കമ്പനിയുടെ വെളിപ്പെടുത്തി.

എന്തുകൊണ്ടാണ് എഐ ചിലവ് ഇത്രയധികം വര്‍ധിക്കുന്നത്?

എഐ ഉപയോഗം കൂടുമ്പോള്‍ ചിലവ് കൂടുന്നതിന് പ്രധാന കാരണം അതിന്റെ വിലനിര്‍ണയ രീതിയാണ് (Pricing Model). ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍ (LLMs) ഈടാക്കുന്നത് 'ടോക്കണ്‍' (Token) അടിസ്ഥാനമാക്കിയാണ്. എഐ പ്രോസസ് ചെയ്യുന്ന വാക്കിന്റെയോ അക്ഷരങ്ങളുടെയോ അടിസ്ഥാന യൂണിറ്റാണ് ടോക്കണ്‍. അതുകൊണ്ട് തന്നെ ജീവനക്കാര്‍ കൂടുതല്‍ കാര്യക്ഷമമായി എഐ ഉപയോഗിക്കുമ്പോള്‍ ടോക്കണ്‍ ഉപഭോഗം വര്‍ധിക്കുകയും അത് കമ്പനികളുടെ ബില്ലുകള്‍ കുത്തനെ കൂട്ടുകയും ചെയ്യുന്നു.

ടെക് ലോകത്തെ പ്രമുഖ ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയയുടെ (NVIDIA) വൈസ് പ്രസിഡന്റ് ബ്രയാന്‍ കറ്റാന്‍സാരോ അടുത്തിടെ വ്യക്തമാക്കിയത്, 'തന്റെ ടീമില്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളത്തേക്കാള്‍ എത്രയോ മുകളിലാണ് എഐ കംപ്യൂട്ടിംഗിനായി വരുന്ന ചിലവ്' എന്നാണ്.

കോര്‍പ്പറേറ്റ് ലോകത്തിന് മുന്നിലുള്ള വെല്ലുവിളി

2030-ഓടെ എഐ ടോക്കണുകളുടെ നിര്‍മ്മാണ ചിലവ് 90 ശതമാനത്തോളം കുറയുമെന്ന് ഗവേഷണ സ്ഥാപനമായ ഗാര്‍നര്‍ (Gartner) പ്രവചിക്കുന്നുണ്ടെങ്കിലും, കമ്പനികളുടെ എഐ ബില്ലുകള്‍ കുറയാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. കാരണം വരും നാളുകളില്‍ സ്വയം പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള 'ഏജന്റിക് എഐ' (Agentic AI) സംവിധാനങ്ങളിലേക്ക് കമ്പനികള്‍ മാറുമ്പോള്‍ ടോക്കണ്‍ ഉപയോഗം ഇപ്പോഴുള്ളതിനേക്കാള്‍ 24 മടങ്ങ് വരെ വര്‍ധിച്ചേക്കാം.

അതുകൊണ്ട് തന്നെ മനുഷ്യ തൊഴിലാളികള്‍ക്ക് പകരക്കാരനാകാന്‍ എഐക്ക് സാധിക്കുമെന്ന വലിയ പ്രഖ്യാപനങ്ങള്‍ക്കിടയിലും, അതിന്റെ സാമ്പത്തിക വശം വലിയൊരു ചോദ്യചിഹ്നമായി കോര്‍പ്പറേറ്റ് ലോകത്തിന് മുന്നില്‍ അവശേഷിക്കുകയാണ്.

Microsoft and Uber reveal that rising AI token and computing costs are making artificial intelligence more expensive than human employees for many enterprise operations.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT