Canva
Tech

അഞ്ചു വര്‍ഷം വേണ്ട, ഐ.ടിയും ബി.പി.ഒയുമൊക്കെ നിര്‍മിത ശേഷി വിഴുങ്ങും, കേരളത്തെ കാത്തിരിക്കുന്നതെന്ത്?

സാങ്കേതിക പരിശീലനവും നയപരമായ ഇടപെടലുകളും ഇല്ലെങ്കില്‍ തൊഴില്‍ നഷ്ടം സാമൂഹിക അസമത്വം വര്‍ദ്ധിപ്പിക്കാമെന്ന ആശങ്കയും വിദഗ്ധര്‍ പങ്കുവെക്കുന്നു

Dhanam News Desk

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) മുന്നേറ്റം അഞ്ചു വര്‍ഷത്തിനകം പരമ്പരാഗത ഐടി സേവനങ്ങളുടെയും ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിംഗ് (BPO) സ്ഥാപനങ്ങളുടെയും കഥ കഴിക്കാന്‍ ഇടയാക്കിയേക്കുമെന്ന് വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റ് വിനോദ് ഖോസ്‌ല മുന്നറിയിപ്പ് നല്‍കി. ഇന്ത്യയില്‍ വലിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ച ഈ മേഖലകള്‍ക്ക് അടിസ്ഥാനപരമായ മാറ്റം സംഭവിക്കാമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്ഫോണ്‍ തുടങ്ങിയ മുന്‍പത്തെ സാങ്കേതിക വിപ്ലവങ്ങളില്‍ നിന്ന് ഭിന്നമായി, എഐ മനുഷ്യരുടെ ബൗദ്ധിക പ്രവര്‍ത്തനങ്ങളെ നേരിട്ട് അനുകരിക്കുകയും നിര്‍വഹിക്കുകയും ചെയ്യുന്ന ഘട്ടത്തിലേക്കാണ് കടക്കുന്നതെന്ന് ഖോസ്‌ല ചൂണ്ടിക്കാട്ടുന്നു. ലളിതമായ ഡിജിറ്റല്‍ അസിസ്റ്റന്റുകളില്‍നിന്ന് സ്വയം പ്രവര്‍ത്തിക്കുന്ന 'എഐ വര്‍ക്കര്‍മാര്‍' വരെ വികസിക്കുന്ന സാഹചര്യത്തില്‍, കുറഞ്ഞ ചെലവിലുള്ള മനുഷ്യവിഭവശേഷിയെ അടിസ്ഥാനമാക്കിയുള്ള ഔട്ട്സോഴ്സിംഗ് മോഡല്‍ ദീര്‍ഘകാലം നിലനില്‍ക്കില്ല.

നിയമം, അക്കൗണ്ടിംഗ്, പ്രോജക്ട് മാനേജ്‌മെന്റ് പോലുള്ള വൈറ്റ് കോളര്‍ മേഖലയിലെ നിരവധി ജോലികളും ഓട്ടോമേഷന്‍ ഭീഷണിയിലാണ്. കോര്‍പ്പറേറ്റുകള്‍ കാര്യക്ഷമതയും ചെലവുകുറവും ലക്ഷ്യമാക്കി എഐ അടിസ്ഥാനമാക്കിയ സംവിധാനങ്ങളിലേക്ക് വേഗത്തില്‍ മാറുന്നുണ്ടെന്നത് തൊഴില്‍ വിപണിയില്‍ ആശങ്ക ഉയര്‍ത്തുന്ന ഘടകമാണ്.

എങ്കിലും, സാങ്കേതിക മാറ്റം പുതിയ അവസരങ്ങളും സൃഷ്ടിക്കുമെന്ന നിലപാടും ഖോസ്‌ല പ്രകടിപ്പിച്ചു. നിലവിലെ ഔട്ട്സോഴ്സിംഗ് മാതൃകകളെ ആശ്രയിക്കുന്നത് അപകടകരമാണ്. പകരം, എഐ-അധിഷ്ഠിത വ്യവസായങ്ങള്‍ സൃഷ്ടിക്കുകയും തൊഴിലാളികള്‍ക്ക് അതിനൊത്ത പരിശീലനം നല്‍കുകയും വേണം. എഐയുടെ വ്യാപനത്തോടെ ഉല്‍പാദനക്ഷമത ഉയര്‍ന്നേക്കാം. എന്നാല്‍ സാങ്കേതിക പരിശീലനവും നയപരമായ ഇടപെടലുകളും ഇല്ലെങ്കില്‍ തൊഴില്‍ നഷ്ടം സാമൂഹിക അസമത്വം വര്‍ദ്ധിപ്പിക്കാമെന്ന ആശങ്കയും വിദഗ്ധര്‍ പങ്കുവെക്കുന്നു.

കേരളത്തിന്റെ ഐടി മേഖലക്കും മുന്നറിയിപ്പോ?

കേരളത്തിലെ ടെക്നോപാര്‍ക്ക് (തിരുവനന്തപുരം), ഇന്‍ഫോപാര്‍ക്ക് (കൊച്ചി), സൈബര്‍പാര്‍ക്ക് (കോഴിക്കോട്) തുടങ്ങിയ ഐടി പാര്‍ക്കുകള്‍ ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചവയാണ്. പ്രധാനമായും ഐടി സേവനങ്ങളും ഔട്ട്സോഴ്സിംഗ് പ്രവര്‍ത്തനങ്ങളുമാണ് ഇവിടെ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ പ്രധാന ബിസിനസ് മോഡല്‍.

എഐ അടിസ്ഥാനമാക്കിയ ഓട്ടോമേഷന്‍ വേഗത്തിലാകുകയാണെങ്കില്‍, കോഡിംഗ്, ടെസ്റ്റിംഗ്, ഡാറ്റ പ്രോസസ്സിംഗ്, കസ്റ്റമര്‍ സപ്പോര്‍ട്ട് പോലുള്ള മേഖലകളില്‍ മനുഷ്യ ഇടപെടല്‍ കുറയാന്‍ സാധ്യതയുണ്ട്. ഇതിനകം തന്നെ ചില ഗ്ലോബല്‍ കമ്പനികള്‍ എഐ ടൂളുകള്‍ ഉപയോഗിച്ച് സോഫ്റ്റ്വെയര്‍ ഡെവലപ്‌മെന്റ് സമയം കുറയ്ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം, കേരളത്തിന് ഇത് ഭീഷണിയെന്ന നിലയില്‍ മാത്രം കാണാനാവില്ല. എഐ റിസര്‍ച്ച്, ഡാറ്റ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി, എഐ ട്രെയിനിംഗ്, പ്രോംപ്റ്റ് എഞ്ചിനീയറിംഗ് തുടങ്ങിയ പുതിയ മേഖലകളില്‍ കഴിവ് വികസിപ്പിച്ചാല്‍ സംസ്ഥാനത്തിന് പുതിയ അവസരങ്ങള്‍ ലഭിക്കാം. സര്‍ക്കാര്‍-ഇന്‍ഡസ്ട്രി കൂട്ടായ്മയില്‍ റീസ്‌കില്ലിംഗ് പ്രോഗ്രാമുകള്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകത വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT