Image courtesy: hcl/canva 
Tech

ഐ.ടി ജോലിയോ ലക്ഷ്യം, എച്ച്.സി.എല്‍ ടെക് വിളിക്കുന്നൂ 10,000 പുതുമുഖങ്ങളെ

ആവശ്യം അനുസരിച്ച് ഓരോ പാദത്തിലുമായാണ് ഈ നിയമനങ്ങള്‍ നടത്തുക

Dhanam News Desk

നടപ്പ് സാമ്പത്തിക വര്‍ഷം (2024-25) 10,000ല്‍ അധികം പുതുമുഖങ്ങളെ ചേര്‍ക്കുമെന്ന് പ്രമുഖ ഐ.ടി സേവന കമ്പനിനായ എച്ച്.സി.എല്‍ ടെക്. പ്രധാനമായും കാമ്പസ് റിക്രൂട്ട്‌മെന്റ് വഴിയാണ് ഇവരെ നിയമിക്കുക. 2023-24 സാമ്പത്തിക വര്‍ഷം ഏകദേശം 15,000 പുതുമുഖങ്ങളെ നിയമിക്കാനാണ് കമ്പനി ലക്ഷ്യമിട്ടതെന്നും ഇക്കാലയളവില്‍ 12,000ല്‍ അധികം പുതുമുഖങ്ങളെ ചേര്‍ത്തുവെന്നും എച്ച്.സി.എല്‍ ടെക് ചീഫ് പീപ്പിള്‍ ഓഫീസര്‍ രാമചന്ദ്രന്‍ സുന്ദരരാജന്‍ പറഞ്ഞു.

നാലാം പാദത്തില്‍ 3,096 പുതുമുഖങ്ങൾ കമ്പനിയില്‍ ചേര്‍ന്നതോടെ 2023-24 സാമ്പത്തിക വര്‍ഷത്തിൽ എച്ച്.സി.എല്‍ ടെക് 12,141 പുതുമുഖങ്ങളെ ചേര്‍ത്തു. ഇതോടെ നാലാം പാദത്തില്‍ കമ്പനിയിലെ ആകെ ജീവനക്കാരുടെ എണ്ണം 2.27 ലക്ഷമായി. നടപ്പ് സാമ്പത്തിക വര്‍ഷം 10,000ല്‍ അധികം പുതുമുഖങ്ങളെ ചേര്‍ക്കാനൊരുങ്ങുന്നത്. ആവശ്യം അനുസരിച്ച് ഓരോ പാദത്തിലുമായാണ് ഈ നിയമനങ്ങള്‍ നടത്തുക. 

കമ്പനിയില്‍ നിന്നും കൊഴിഞ്ഞുപോകുന്നവരുടെ നിരക്ക് (ആട്രിഷന്‍) മുന്‍ പാദത്തിലെ 12.8 ശതമാനത്തില്‍ നിന്ന് നാലാം പാദത്തില്‍ 12.4 ശതമാനമായി കുറഞ്ഞു. 2023-24 സാമ്പത്തിക വര്‍ഷം കമ്പനിയുടെ ലാഭം 5.73 ശതമാനം വര്‍ധിച്ച് 15,702 കോടി രൂപയായി. വരുമാനം 8.33 ശതമാനം വര്‍ധിച്ച് 1.09 ലക്ഷം കോടി രൂപയായി. 18 രൂപ ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT