മൊബൈല്‍ ഉപയോക്താക്കളെ വലിയ ബുദ്ധിമുട്ടിലാക്കുന്ന പ്രശ്നമാണ് സ്പാം കോളുകള്‍. വളരെ അത്യാവശ്യമുളള മീറ്റിംഗുകളിലോ കാര്യങ്ങളിലോ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ സ്പാം കോളുകള്‍ വരുന്നത് ഉപയോക്താക്കള്‍ക്ക് ശല്യപ്പെടുത്തലായാണ് അനുഭവപ്പെടാറുളളത്. ബിസിനസ് ആവശ്യങ്ങള്‍ക്കോ വിവിധ ഏജന്‍സികള്‍ ധനസഹായത്തിനായോ ഇത്തരം സ്പാം കോളുകള്‍ വിളിക്കുമ്പോള്‍ ആളുകള്‍ക്ക് അത് അനാവശ്യമായി പലപ്പോഴും അനുഭവപ്പെടാറുണ്ട്.
ഈ പ്രതിസന്ധിക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് എയര്‍ടെല്‍. സംശയാസ്പദമായ എല്ലാ സ്പാം കോളുകളും ടെക്സ്റ്റ് മെസേജുകളും തത്സമയം ഉപയോക്താക്കളെ അറിയിക്കുന്ന എ.ഐയുടെ സഹായത്തോടെയുളള സംവിധാനം പ്രഖ്യാപിച്ചിരിക്കുകയാണ് ഭാരതി എയർടെൽ.
സൗജന്യമായിട്ടായിരിക്കും ഈ സവിശേഷത എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കുക. ഒരു സ്പാം കോളിനെക്കുറിച്ചോ ടെക്സ് മെസേജിനെക്കുറിച്ചോ എ.ഐ സിസ്റ്റത്തിന് സംശയം ഉണ്ടായാൽ, സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കൾ കോളിന് ഉത്തരം നൽകുന്നതിന് മുമ്പോ അല്ലെങ്കിൽ മെസേജിലെ ഒരു ലിങ്കിൽ ക്ലിക്കുചെയ്യുന്നതിന് മുമ്പോ, അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി “സംശയിക്കപ്പെടുന്ന സ്‌പാം” എന്ന സന്ദേശം മൊബൈലില്‍ എഴുതി കാണിക്കുന്നതായിരിക്കും.
സ്പാം സന്ദേശങ്ങളുടെ ഭീഷണി പരിഹരിക്കാൻ കഴിഞ്ഞ 12 മാസങ്ങളായി കമ്പനി സമഗ്രമായ ഗവേഷണമാണ് നടത്തിയതെന്ന് ഭാരതി എയർടെൽ (ഇന്ത്യ & സൗത്ത് ഏഷ്യ) മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഗോപാൽ വിറ്റൽ പറഞ്ഞു.
നുഴഞ്ഞുകയറ്റം നടത്തുന്ന അനാവശ്യ ആശയവിനിമയങ്ങളുളള സ്പാം കോളുകളുടെ ആക്രമണങ്ങളെ തടയുന്നതാണ് എ.ഐയുടെ സഹായത്തോടെയുളള സ്പാം ഫ്രീ നെറ്റ്‌വർക്ക്. ഇത് എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് സംരക്ഷണ കവചമൊരുക്കുമെന്നും വിറ്റല്‍ പറഞ്ഞു.
ഒരു സ്പാം ടെക്സ്റ്റ് സന്ദേശത്തിൽ സംശയാസ്പദമായ ലിങ്ക് ഉണ്ടെങ്കിൽ, സിസ്റ്റം അത് തത്സമയം സ്കാൻ ചെയ്യുകയും അതിൽ ക്ലിക്ക് ചെയ്യരുതെന്ന് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യും.
ഓരോ ദിവസവും ഉണ്ടാകുന്ന 10 കോടി സ്പാം കോളുകളും 30 ലക്ഷം സ്പാം ടെക്സ്റ്റ് സന്ദേശങ്ങളും വിജയകരമായി തിരിച്ചറിയാൻ ഈ എ.ഐ സംവിധാനത്തിന് കഴിയുണ്ടെന്നും കമ്പനി അറിയിച്ചു.
എയര്‍ടെല്ലിന്റെ സമാന മാതൃകയില്‍ മറ്റു ടെലികോം കമ്പനികളും ഈ സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്തിയേക്കുമെന്ന വിലയിരുത്തിലിലാണ് ടെലികോം വിദഗ്ധര്‍.
Read DhanamOnline in English
Subscribe to Dhanam Magazine