Tech

എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ നിരക്കുകള്‍ വര്‍ധിക്കും!

കോര്‍പ്പറേറ്റ് പ്ലാനുകളുടെ താരിഫും ഉയരും!

Dhanam News Desk

രണ്ട് പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാരായ എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവ അവരുടെ റീചാര്‍ജ് പ്ലാനുകളുടെ താരിഫ് കൂട്ടാന്‍ ഒരുങ്ങുന്നു. അടുത്ത മാസം മുതല്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജിനായി കൂടുതല്‍ തുക ചെലവഴിക്കേണ്ടി വരും. 49 രൂപ മുതല്‍ ആരംഭിക്കുന്ന എയര്‍ടെല്‍ എന്‍ട്രി ലെവല്‍ പ്രതിമാസ പ്രീപെയ്ഡ് പ്ലാന്‍ ഇതിനകം തന്നെ റദ്ദാക്കി. അടിസ്ഥാന ലെവല്‍ പ്ലാന്‍ ഇപ്പോള്‍ 79 രൂപയിലാണ് തുടങ്ങുന്നത്. കഴിഞ്ഞയാഴ്ച, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്കും കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്കുമായുള്ള എന്‍ട്രി ലെവല്‍ പ്ലാനിന്റെ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. കുറഞ്ഞ കോര്‍പ്പറേറ്റ് പ്ലാനുകളിലെ നിരക്കുകള്‍ 30 ശതമാനമാണ് എയര്‍ടെല്‍ വര്‍ധിപ്പിച്ചത്.

എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കുള്ള 'ബിസിനസ് പ്ലസ്' പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ എയര്‍ ടെല്‍ ഡാറ്റാ ആനുകൂല്യവും അടുത്തിടെ കുറച്ചിരുന്നു. അടിസ്ഥാന പ്രീപെയ്ഡ് പ്ലാനുകള്‍ മാറ്റാന്‍ വോഡഫോണ്‍ ഐഡിയയും പദ്ധതിയിടുന്നുണ്ടെന്നു ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു. കോര്‍പ്പറേറ്റ് കണക്ഷനുകള്‍ വലിയ രീതിയില്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.

ഇതിനിടയില്‍ ഏതാനും സര്‍ക്കിളുകളിലെ അടിസ്ഥാന ലെവല്‍ റീചാര്‍ജ് വിലയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഉടന്‍ തന്നെ പ്രീപെയ്ഡ് പ്ലാനുകളിലെ മാറ്റങ്ങള്‍ രാജ്യമെമ്പാടും വ്യാപിപ്പിക്കും. വരാനിരിക്കുന്ന മൊത്ത വരുമാന (എജിആര്‍) കുടിശ്ശിക അടക്കുന്നതിനാണ് ടെലികോം കമ്പനികള്‍ ക്യാഷ് ജനറേഷന്‍ മെച്ചപ്പെടുത്തുന്നതെന്നാണ് സൂചന. മാര്‍ച്ച് 22 വരെയുള്ള വോഡഫോണ്‍ ഐഡിയയുടെയും എയര്‍ടെല്ലിന്റെയും മൊത്ത വരുമാന കുടിശ്ശിക യഥാക്രമം 9,000 കോടി രൂപയും 4,100 കോടി രൂപയുമാണ്.

പോസ്റ്റ്പെയ്ഡ് ഉപയോക്താക്കളില്‍ 60% വരുന്ന എന്റര്‍പ്രൈസ് സെഗ്മെന്റിന്റെ താരിഫ് നിരക്ക് ഭാരതി എയര്‍ടെല്‍ വര്‍ദ്ധിപ്പിക്കും.

ടെലികോം ഓപ്പറേറ്ററുടെ ഡാറ്റ പ്രകാരം എയര്‍ടെല്ലിന്റെ മൊത്തം ഉപഭോക്താക്കളുടെ എണ്ണം ജൂണില്‍ 348.29 ദശലക്ഷമാണ്. വോഡ്ഫോണ്‍ ഐഡിയയ്ക്ക് മെയ് 31 വരെ 277.62 ദശലക്ഷം ഉപഭോക്താക്കളുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT