Image courtesy: Canva
Tech

ഇനി എ.ഐയും സ്വപ്നം കാണും! ക്ലോഡ് എ.ഐക്കായി അത്ഭുതകരമായ 'ഡ്രീംസ്' ഫീച്ചർ അവതരിപ്പിച്ച് ആന്ത്രോപിക്

മനുഷ്യർ സാധാരണയായി ഉറക്കത്തിലൂടെ ഓർമ്മകളെ ക്രമീകരിച്ച് അനാവശ്യമായ വിവരങ്ങൾ ഒഴിവാക്കുന്ന പ്രക്രിയയ്ക്ക് സമാനമായ പ്രത്യേകത

Dhanam News Desk

മനുഷ്യർക്ക് സമാനമായ രീതിയിൽ 'സ്വപ്നം കാണാൻ' (Dreams) സഹായിക്കുന്ന പുതിയ സവിശേഷതയുമായി ആന്ത്രോപിക്. തങ്ങളുടെ എഐ ചാറ്റ്ബോട്ടായ 'ക്ലോഡിലാണ്' (Claude) ഈ സവിശേഷത ആന്ത്രോപിക് (Anthropic) അവതരിപ്പിച്ചിരിക്കുന്നത്. മനുഷ്യർ സാധാരണയായി ഉറക്കത്തിലൂടെ ഓർമ്മകളെ ക്രമീകരിച്ച് അനാവശ്യമായ വിവരങ്ങൾ ഒഴിവാക്കുന്ന പ്രക്രിയയ്ക്ക് സമാനമാണ് ഈ പ്രത്യേകത.

ക്ലോഡിന്റെ മുൻകാല സംഭാഷണങ്ങളും വിവരങ്ങളും വിശകലനം ചെയ്ത് ഓർമ്മശക്തിയും പ്രവർത്തനക്ഷമതയും കൂട്ടാന്‍ ഈ സവിശേഷത ഉപകാരപ്രദമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 'കോഡ് വിത്ത് ക്ലോഡ്' (Code with Claude) എന്ന പേരില്‍ നടത്തിയ ഡെവലപ്പർ കോൺഫറൻസിലാണ് കമ്പനി ഈ വിവരം അറിയിച്ചത്.

പ്രവർത്തിക്കുന്നത് എങ്ങനെ?

എഐ ഏജന്റുകൾ തുടർച്ചയായി കുറച്ചു കാലം പ്രവർത്തിച്ചാല്‍ അവരുടെ മെമ്മറി സ്റ്റോറിൽ വിവരങ്ങൾ കുമിഞ്ഞുകൂടുകയും അത് ക്രമരഹിതമാകുകയും ചെയ്യാനുള്ള സാധ്യതകള്‍ വളരെയധികമാണ്. 'ഡ്രീംസ്' എന്ന സവിശേഷത കൊണ്ട് ക്ലോഡ് മുൻകാലങ്ങളിലെ 100 സെഷനുകൾ വരെയുള്ള വിവരങ്ങളാണ് പരിശോധിച്ച് പഠിക്കുന്നത്. ഇത് ആവർത്തിച്ചുള്ള തെറ്റുകൾ, പ്രവർത്തനരീതികൾ, ടീം മുൻഗണനകൾ തുടങ്ങിയവ കണ്ടെത്താന്‍ എ.ഐ ഏജന്‍റിനെ സഹായിക്കുന്നു.

അതിന് ശേഷം പഴയ മെമ്മറിയിലെ ആവശ്യമില്ലാത്ത വിവരങ്ങള്‍ ഒഴിവാക്കി കൂടുതൽ വ്യക്തതയുളള ഒരു പുതിയ മെമ്മറി സ്റ്റോർ സൃഷ്ടിക്കുന്നു. യഥാർത്ഥ മെമ്മറിയിൽ മാറ്റം വരുത്താതെ ഒരു പ്രത്യേക ഔട്ട്‌പുട്ട് സ്റ്റോറാണ് ഇത് പ്രവര്‍ത്തിക്കുക, ഇതുമൂലം മനുഷ്യ ഇടപെടല്‍ നടത്തുന്നതിനായി ഡെവലപ്പർമാർക്ക് ഈ വിവരങ്ങള്‍ പരിശോധിക്കാനും ആവശ്യമെങ്കിൽ ഒഴിവാക്കാതെ സൂക്ഷിക്കാനും കഴിയും.

ലഭ്യതയും ഗുണങ്ങളും

നിലവിൽ ക്ലോഡ് ഓപ്പസ് 4.7 (Claude Opus 4.7), ക്ലോഡ് സോണറ്റ് 4.6 (Claude Sonnet 4.6) എന്നീ മോഡലുകളിലാണ് ഈ സവിശേഷത അവതരിപ്പിച്ചിരിക്കുന്നത്. പരീക്ഷണ പ്രക്രിയകളുടെ ഭാഗമായി 'ഹാർവി' (Harvey) എന്ന ലീഗൽ എഐ കമ്പനി ഈ പ്രത്യേകത ഉപയോഗിച്ചപ്പോൾ ജോലികൾ പൂർത്തിയാക്കുന്ന ശേഷി 6 മടങ്ങ് വർദ്ധിച്ചതായി ആന്ത്രോപിക് അറിയിച്ചു.

സ്വയം നവീകരിക്കുന്ന (Self-improving) എഐ ഏജന്റുകൾ എന്ന ലക്ഷ്യത്തിലേക്കുള്ള വളരെ പ്രധാനപ്പെട്ട ചുവടുവെപ്പായി ആണ് ഈ നീക്കത്തെ കാണുന്നത്. ഇതോടൊപ്പം 'ഔട്ട്‌കംസ്' (Outcomes) എന്ന ഫീച്ചറും കമ്പനി പുറത്തിറക്കി. സ്വന്തം ജോലികൾ പ്രത്യേക മാനദണ്ഡങ്ങൾ ഉപയോഗിച്ച് വിശകലനം ചെയ്യാനും തെറ്റുകൾ പ്രത്യക്ഷപ്പെട്ടാല്‍ അവ തിരുത്തി വീണ്ടും ചെയ്യാനുമുളള അവസരം എഐ ഏജന്റിന് നൽകുന്നതാണ് ഈ പ്രത്യേകത.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT