പ്രമുഖ നിർമ്മിത ബുദ്ധി (AI) ഗവേഷണ ലാബായ ആന്ത്രോപിക് (Anthropic) തങ്ങളുടെ എഐ കമ്പ്യൂട്ടിംഗ് അടിസ്ഥാന സൗകര്യങ്ങൾ നാല് വ്യത്യസ്ത ചിപ്പ് പ്ലാറ്റ്‌ഫോമുകളിലേക്ക് വിപുലീകരിക്കുന്നു. എൻവിഡിയ ജി.പിയു (Nvidia GPU), ആമസോൺ ട്രെയിനിയം (Amazon Trainium), ഗൂഗിൾ ടി.പിയു (Google TPU), എ.എം.ഡി ജി.പിയു (AMD GPU) എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നത്.
ചിപ്പ് ലഭ്യതയിലെ തടസങ്ങൾ ഒഴിവാക്കാനും, എൻവിഡിയയെ മാത്രം അമിതമായി ആശ്രയിക്കാതിരിക്കാനും, മെച്ചപ്പെട്ട വിലപേശൽ ശേഷി കൈവരിക്കാനും കമ്പനിക്ക് ഇത് സഹായകരമാകും. സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വിവിധ പ്രോസസുകൾക്ക് അനുയോജ്യമായ ചിപ്പുകളിലേക്ക് വർക്ക്‌ലോഡ് വിഭജിക്കുന്ന സാങ്കേതികവിദ്യയാണ് ആന്ത്രോപിക് ഇതിനായി വികസിപ്പിച്ചിരിക്കുന്നത്.
ഓപ്പൺഎഐയുടെ ഗൂഗിൾ ചിപ്പ് സ്വീകാര്യത: മറ്റൊരു പ്രമുഖ എഐ കമ്പനിയായ ഓപ്പൺഎഐയും (OpenAI) തങ്ങളുടെ കമ്പ്യൂട്ടിംഗ് ശേഷി വേഗത്തിൽ വർദ്ധിപ്പിക്കുന്നതിനായി ഗൂഗിളിന്റെ (Alphabet Inc.) എഐ ചിപ്പുകൾ വാങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. കൂടാതെ, ഇതോടൊപ്പം സ്വന്തമായി വികസിപ്പിച്ച എഐ ചിപ്പുകൾ ഉപയോഗിച്ച് തുടങ്ങാനും ഓപ്പൺഎഐ ലക്ഷ്യമിടുന്നുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചിപ്പ് വിപണിയിൽ എൻവിഡിയയുടെ (NVIDIA) ആധിപത്യം സമാനതകളില്ലാത്തതായി തുടരുന്ന സാഹചര്യത്തിലാണ് ഈ നീക്കങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. ജനറേറ്റീവ് എഐ സാങ്കേതികവിദ്യകളുടെ അതിവേഗ വളർച്ചയോടെയാണ് ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റുകളിലെ (GPU) എൻവിഡിയയുടെ കുതിപ്പ് ശക്തമായത്. ലോകമെമ്പാടുമുള്ള വൻകിട ടെക് കമ്പനികളും ക്ലൗഡ് ദാതാക്കളും എഐ മോഡലുകൾ പരിശീലിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും എൻവിഡിയയുടെ അത്യാധുനിക ചിപ്പുകളെയാണ് ആശ്രയിക്കുന്നത്.
ഹാർഡ്‌വെയറിനൊപ്പം അവർ നൽകുന്ന 'ക്യൂഡ' (CUDA) പോലുള്ള സോഫ്റ്റ്‌വെയർ പിന്തുണയും എതിരാളികൾക്ക് പെട്ടെന്ന് മറികടക്കാനാവാത്ത വലിയൊരു കോട്ടയാണ് കമ്പനിക്ക് തീർത്തുനൽകിയിട്ടുള്ളത്. വിപണിയിൽ പുതിയ എതിരാളികൾ വെല്ലുവിളികൾ ഉയർത്തുന്നുണ്ടെങ്കിലും, നൂതന സാങ്കേതികവിദ്യയും ഉയർന്ന പ്രകടനക്ഷമതയും കാരണം എഐ ചിപ്പ് രംഗത്തെ അപ്രമാദിത്വം നിലവിൽ എൻവിഡിയ തുടരുകയാണ്.
പ്രകടനമികവ്, നെറ്റ്‌വർക്കിംഗ്, സോഫ്റ്റ്‌വെയർ ആവാസവ്യവസ്ഥ എന്നിവയിലെ മേൽക്കോയ്മ കാരണം എൻവിഡിയയുടെ ആധിപത്യം പെട്ടെന്ന് ഇല്ലാതാകില്ലെന്ന് വിപണി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ച്, എഐ മോഡൽ പരിശീലനത്തിൽ (Training) ഒരു പ്ലാറ്റ്‌ഫോമിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നത് വലിയ ചെലവും സങ്കീർണതയും ഉണ്ടാക്കുന്ന കാര്യമാണ്. എന്നാൽ വൻകിട കമ്പനികൾ മൾട്ടി-ചിപ്പ് (Multichip) രീതിയിലേക്ക് മാറുന്നത് ദീർഘകാലാടിസ്ഥാനത്തിൽ എൻവിഡിയയുടെ വിലനിർണയ ശേഷിയെയും (Pricing power) വിപണി വിഹിതത്തെയും സ്വാധീനിച്ചേക്കാം.
Read DhanamOnline in English
Subscribe to Dhanam Magazine