Image courtesy: www.anthropic.com, Canva
Tech

ആന്ത്രോപികിന്റെ ക്ലോഡ് ഐ പ്രവര്‍ത്തനരഹിതം; 24 മണിക്കൂറിനിടെ രണ്ടാം തവണയും ആഗോളതലത്തില്‍ തടസം

സമൂഹമാധ്യമങ്ങളായ എക്‌സ്, റെഡ്ഡിറ്റ് എന്നിവയില്‍ ആയിരക്കണക്കിന് ഉപയോക്താക്കളാണ് നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പരാതിപ്പെടുന്നത്

Dhanam News Desk

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ ക്ലോഡ് (Claude) വീണ്ടും പ്രവര്‍ത്തനരഹിതമായത് ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ പ്രതിസന്ധിയിലാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ടാം തവണയാണ് ആന്ത്രോപിക് (Anthropic) വികസിപ്പിച്ച ഈ എഐ സേവനത്തില്‍ തടസം നേരിടുന്നത്.

ഇന്നലെ ഉണ്ടായ (മാര്‍ച്ച് 2-) ആദ്യത്തെ തകരാറില്‍ വൈകുന്നേരം 5 മണി മുതല്‍ 8 മണി വരെ വിവിധ രാജ്യങ്ങളില്‍ സേവനം ലഭ്യമായിരുന്നില്ല.

ഔട്ടേജ് മോണിറ്ററിംഗ് സൈറ്റായ ഡൗണ്‍ഡിറ്റക്റ്റര്‍ (Downdetector) നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം, യുണൈറ്റഡ് സ്റ്റേറ്റ്‌സ് സമയം രാവിലെ 9:35 ആയപ്പോഴേക്കും 4,000-ലധികം ഉപയോക്താക്കള്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 40% പേര്‍ ക്ലോഡ് ചാറ്റിലും, 34% പേര്‍ ആപ്പിലും, 15% പേര്‍ വെബ്സൈറ്റിലും ആണ് തടസങ്ങള്‍ നേരിട്ടത്.

ഇന്ത്യയിലും സമാനമായ സമയത്ത് മുന്നൂറിലധികം ഉപയോക്താക്കള്‍ പരാതിയുമായി രംഗത്തെത്തി. ഇതില്‍ 71% പേര്‍ ക്ലോഡ് ചാറ്റും, 15% പേര്‍ ആപ്പും, 14% പേര്‍ വെബ്സൈറ്റും ഉപയോഗിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടു. ഇതിന് മുന്‍പ് നടന്ന തകരാറില്‍ ഇന്ത്യയില്‍ നിന്ന് ആയിരത്തിലധികം ഉപയോക്താക്കള്‍ പ്ലാറ്റ്ഫോമിനെതിരെ പരാതികള്‍ അറിയിച്ചിരുന്നു.

സേവനം ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ 'ഇന്റേണല്‍ സര്‍വര്‍ എറര്‍' (Internal Server Error) അല്ലെങ്കില്‍ 'കപ്പാസിറ്റി ഓവര്‍ലോഡ്' സന്ദേശങ്ങളാണ് കാണിക്കുന്നത്.

കഴിഞ്ഞ ദിവസവും സമാനമായ രീതിയില്‍ ക്ലോഡ് മണിക്കൂറുകളോളം പ്രവര്‍ത്തനരഹിതമായിരുന്നു. സേവനം പുനഃസ്ഥാപിച്ചുവെന്ന് അധികൃതര്‍ അറിയിച്ചതിന് പിന്നാലെയാണ് വീണ്ടും തകരാര്‍ സംഭവിച്ചത്.

സ്റ്റാറ്റസ് പേജിലൂടെ (status page) ക്ലോഡ് ഈ തടസം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ഈ പ്രശ്‌നത്തെക്കുറിച്ച് കമ്പനി അന്വേഷിച്ചു വരികയാണെന്നും വ്യക്തമാക്കി. എങ്കിലും എന്താണ് യഥാര്‍ത്ഥ കാരണമെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഗൂഗിളിന്റെ ജെമിനി (Gemini), ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി (ChatGPT) എന്നിവയ്ക്ക് പ്രധാന എതിരാളിയായ ക്ലോഡ് പെട്ടെന്ന് നിലച്ചത് ഐടി പ്രൊഫഷണലുകളെയും വിദ്യാര്‍ത്ഥികളെയും വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളായ എക്‌സ് (X), റെഡ്ഡിറ്റ് (Reddit) എന്നിവയില്‍ ആയിരക്കണക്കിന് ഉപയോക്താക്കളാണ് നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പരാതിപ്പെടുന്നത്.

ഇതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ആന്ത്രോപിക് കമ്പനിയുടെ അധികാരികളും തമ്മില്‍ വാക്‌പോര് ഉണ്ടായതും ശ്രദ്ധ നേടിയിരുന്നു. ആക്ടീവ് വാര്‍ ഫീല്‍ഡില്‍ ആന്ത്രോപിക് എ.ഐ ഉപയോഗിക്കാനുള്ള യു.എസ് സര്‍ക്കാരിന്റെ നീക്കത്തെ സാങ്കേതിക വിദ്യയുടെ ഉടമകളായ ക്ലോഡ് ശക്തമായി എതിര്‍ത്തിരുന്നു. ഇതേ തുടര്‍ന്ന് ആന്ത്രോപിക് ഉപയോഗിക്കുന്നത് നിര്‍ത്താന്‍ പ്രസിഡന്റ് ട്രംപ് ഫെഡറല്‍ ഏജന്‍സികള്‍ക്ക് നല്‍കിയെന്നും സൂചനയുണ്ടായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT