Apple, trump Image courtesy: Canva, x.com/tim_cook
Tech

ട്രംപിന്റെ സമ്മര്‍ദ്ദത്തില്‍ ടിം കുക്ക് വീണു; അമേരിക്കയില്‍ നിക്ഷേപം വര്‍ധിപ്പിക്കാന്‍ ആപ്പിള്‍; ഇന്ത്യയിലും ചൈനയിലും ഐഫോണ്‍ ഉല്‍പാദനം കുറഞ്ഞേക്കും

അമേരിക്കയിലെ ഉയര്‍ന്ന നിര്‍മ്മാണ ചെലവുകള്‍ വിപണിയില്‍ പിടിച്ചുനില്‍ക്കുന്നതിന് ആപ്പിളിന് തടസ്സമാകുമെന്ന ആശങ്കളുമുണ്ട്

Dhanam News Desk

അമേരിക്കയില്‍ ഉല്‍പാദന, തൊഴില്‍ മേഖലകള്‍ ശക്തിപ്പെടുത്താനുള്ള സമ്മര്‍ദം പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കൂട്ടിയതോടെ ആപ്പിള്‍ ഉള്‍പ്പടെയുള്ള ആഗോള കമ്പനികള്‍ കൂടുതല്‍ നിക്ഷേപവുമായി രംഗത്തെത്തുന്നു. സ്മാര്‍ട്ട്‌ഫോണുകളുടെ നിര്‍മാണത്തിന് 10,000 കോടി ഡോളര്‍ കൂടി ആപ്പിള്‍ അമേരിക്കയില്‍ നിക്ഷേപിക്കും. ആപ്പിള്‍ സി.ഇ.ഒ ടിം കുക്കുമായുള്ള ചര്‍ച്ചക്ക് ശേഷം പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതോടെ ആപ്പിളിന്റെ നിക്ഷേപം 60,000 കോടി ഡോളര്‍ ആയി ഉയരും. ഈ വര്‍ഷം ആദ്യമാണ് 50,000 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് ആപ്പിള്‍ അറിയിച്ചത്.

20,000 തൊഴില്‍ അവസരങ്ങള്‍

ആപ്പിളിന്റെ പുതിയ നിക്ഷേപ പദ്ധതികള്‍ അമേരിക്കയില്‍ 20,000 പുതിയ തൊഴില്‍ അവസരങ്ങളാണ് തുറക്കുക. അമേരിക്കയില്‍ വില്‍ക്കുന്ന ഐഫോണുകള്‍ അമേരിക്കയില്‍ തന്നെ നിര്‍മിക്കുന്നതാകണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ട്രംപ് പറഞ്ഞു. വിദേശത്ത് നിര്‍മിക്കുന്ന ഐഫോണുകള്‍ അമേരിക്കയില്‍ വില്‍ക്കുമ്പോള്‍ 25 ശതമാനം നികുതി ഈടാക്കുമെന്ന് മൂന്ന് മാസം മുമ്പ് ട്രംപ് ആപ്പിളിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്ന് സ്മാര്‍ട് ഫോണുകള്‍ക്കും കമ്പ്യൂട്ടറുകള്‍ക്കും അമേരിക്ക ഇളവുകള്‍ നല്‍കിയിരുന്ന സമയത്താണ് ആപ്പിളിന് അധിക നികുതി ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നത്. നേരത്തെ ആപ്പിളിന്റെ കമ്പ്യൂട്ടര്‍ നിര്‍മാണം അമേരിക്കയില്‍ നടന്നിരുന്നെങ്കിലും പിന്നീട് തായ്‌ലാന്‍ഡിലേക്കും ഇന്ത്യയിലേക്കും മാറ്റിയിരുന്നു.

ഇന്ത്യയെ എങ്ങനെ ബാധിക്കും

ആപ്പിളിന്റെ ഫാക്ടറി സംവിധാനം അമേരിക്കയില്‍ ശക്തമാക്കുന്നത് ഇന്ത്യ ഉള്‍പ്പടെ നിരവധി രാജ്യങ്ങളെ ബാധിക്കുമെന്നാണ് കരുതുന്നത്. നിലവില്‍ ഐഫോണിന്റെയും ഐപാഡിന്റെയും നിര്‍മാണം പ്രധാനമായും നടക്കുന്നത് ചൈന, വിയറ്റ്‌നാം, ഇന്ത്യ, തായ്‌ലാന്‍ഡ് എന്നീ രാജ്യങ്ങളിലാണ്. ഇന്ത്യയില്‍ അടുത്ത കാലത്ത് ഐഫോണുകളുടെ നിര്‍മാണം വലിയ തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ട്രംപുമായുള്ള പുതിയ ഉടമ്പടി പ്രകാരം ആപ്പിളിന് അമേരിക്കയില്‍ നിര്‍മാണം വര്‍ധിപ്പിക്കേണ്ടി വരുമ്പോള്‍ അത് ഏഷ്യന്‍ രാജ്യങ്ങളെയാകും കൂടുതലായി ബാധിക്കുക. സര്‍ക്കാരുകളുടെ പിന്തുണയാകും ഏത് രാജ്യത്ത് നിര്‍മാണം തുടരണമെന്ന് ആപ്പിളിനെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. അതേസമയം, അമേരിക്കയിലെ ഉയര്‍ന്ന നിര്‍മ്മാണ ചെലവുകള്‍ വിപണിയില്‍ പിടിച്ചുനില്‍ക്കുന്നതിന് ആപ്പിളിന് തടസ്സമാകുമെന്ന ആശങ്കളുമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT