Canva
Tech

ഐഫോണില്‍ മലയാളിയുടെയും ഒരു കൈ സഹായം, ഫോണ്‍ നിര്‍മാണത്തില്‍ ആപ്പിളിന് 40 ഇന്ത്യന്‍ കമ്പനികളുമായി ബന്ധം, കേരള കമ്പനിയെ അറിയാമോ?

ആദ്യ നാല് വര്‍ഷങ്ങള്‍ക്കിടെ 45 ബില്യന്‍ ഡോളര്‍ (ഏകദേശം 4 ലക്ഷം കോടി രൂപ) മൂല്യമുള്ള ഐഫോണുകളാണ് ഇന്ത്യയില്‍ നിര്‍മിച്ചത്

Dhanam News Desk

രണ്ട് നിര്‍മാണ പ്ലാന്റുകളുമായി ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയ ആപ്പിള്‍ നിലവില്‍ എട്ട് സംസ്ഥാനങ്ങളിലേക്ക് പടര്‍ന്നതായി റിപ്പോര്‍ട്ട്. നിലവില്‍ ആപ്പിളിന് തമിഴ്‌നാട്ടിലും കര്‍ണാടകയിലുമാണ് ഐഫോണ്‍ നിര്‍മാണ പ്ലാന്റുകളുള്ളത്. ഇതിന് പുറമെ കേരളം അടക്കമുള്ള എട്ടോളം സംസ്ഥാനങ്ങളിലെ കമ്പനികളുമായി ആപ്പിള്‍ വ്യാപാര ബന്ധം സ്ഥാപിച്ചതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളം, ഗുജറാത്ത്, ഹരിയാന, തെലങ്കാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 40ഓളം കമ്പനികളാണ് ആപ്പിളിന് ഐഫോണ്‍ നിര്‍മാണ സഹായ സാമഗ്രികള്‍ ലഭ്യമാക്കുന്ന ഇന്ത്യന്‍ ശൃംഖലയില്‍ ഉള്ളത്. മൂന്ന് തരത്തിലുള്ള സേവനങ്ങളാണ് ഈ കമ്പനികള്‍ ആപ്പിളിന് നല്‍കി വരുന്നത്. ഫോക്‌സ്‌കോണിന്റെയും ടാറ്റയുടെയും നേതൃത്വത്തില്‍ രാജ്യത്തുള്ള അഞ്ച് ഐഫോണ്‍ ഫാക്ടറികളില്‍ ആവശ്യമായ ഘടകങ്ങളും മറ്റും വിതരണം ചെയ്യുകയാണ് ആദ്യത്തേത്. ഇന്ത്യക്ക് പുറത്തുള്ള ആവശ്യങ്ങള്‍ക്കായി ഇലക്ട്രോണിക്‌സ് ഘടകങ്ങള്‍ നിര്‍മിക്കുന്നതാണ് മറ്റൊന്ന്. ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിക്കുന്നതിനുള്ള ഉപകരണങ്ങള്‍ കുറച്ചുകാലം മുമ്പ് വരെ ചൈനയില്‍ നിന്നാണ് എത്തിച്ചിരുന്നത്. എന്നാല്‍ നിലവില്‍ ഇത്തരം ഉപകരണങ്ങളും ഇന്ത്യന്‍ കമ്പനികള്‍ തന്നെ നിര്‍മിക്കുന്നതായാണ് റിപ്പോര്‍ട്ട്.

കേരള ബന്ധം

നെസ്റ്റ് ഗ്രൂപ്പിന് കീഴിലുള്ള ഇലക്ട്രോണിക്‌സ് ഹാര്‍ഡ്‌വെയര്‍ നിര്‍മാതാക്കളായ എസ്.എഫ്.ഒ ടെക്‌നോളജീസും കുറേക്കാലമായി ആപ്പിളിന്റെ സപ്ലൈ ചെയിനിന്റെ ഭാഗമാണ്. എന്തൊക്കെ സേവനങ്ങളാണ് കമ്പനി ആപ്പിളിന് നല്‍കുന്നതെന്ന് വ്യക്തമല്ല. ഇതിന് പുറമെ ഗുജറാത്തിലെ ഹിന്‍ഡാല്‍ക്കോ, ഓട്ടോമേഷന്‍ കമ്പനിയായ വിപ്രോ പാരി, മഹാരാഷ്ട്രയിലെ ജബ്‌ലി, ഭാരത് ഫോര്‍ജ്, ഹരിയാനയിലെ വി.വി.ഡി.എന്‍ ടെക്‌നോളജീസ്, കര്‍ണാടകയിലെ ജെ.എല്‍.കെ ടെക്‌നോളജീസ് എന്നിവരും പട്ടികയിലുണ്ട്. സെപ്റ്റംബറിലെ കണക്ക് അനുസരിച്ച് 15 ഇന്ത്യന്‍ കമ്പനികളാണ് ആപ്പിളുമായി വ്യാപാര ബന്ധം സ്ഥാപിച്ചിരുന്നത്. എന്നാല്‍ നിലവിലിത് 40 കമ്പനികളായി വളര്‍ന്നതായും റിപ്പോര്‍ട്ട് തുടരുന്നു.

2020ലാണ് ഇന്ത്യയില്‍ ഐഫോണുകള്‍ നിര്‍മിക്കാന്‍ ആപ്പിള്‍ തീരുമാനിക്കുന്നത്. ആദ്യ നാല് വര്‍ഷങ്ങള്‍ക്കിടെ 45 ബില്യന്‍ ഡോളര്‍ (ഏകദേശം 4 ലക്ഷം കോടി രൂപ) മൂല്യമുള്ള ഐഫോണുകളാണ് ഇന്ത്യയില്‍ നിര്‍മിച്ചത്. ഇതില്‍ 76 ശതമാനവും കയറ്റുമതി ചെയ്യുകയായിരുന്നു. 2014-15ല്‍ കയറ്റുമതി പട്ടികയില്‍ 167ാം സ്ഥാനമുണ്ടായിരുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2024-25) ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

ആദ്യഘട്ടത്തില്‍ ചൈനയില്‍ നിന്നും ഉപകരണങ്ങളെത്തിച്ച് കൂട്ടി യോജിപ്പിക്കുന്ന അസംബ്ലിംഗ് മാത്രമാണ് ഇന്ത്യയില്‍ നടന്നത്. എന്നാല്‍ ഐഫോണ്‍ മോഡലുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഘടക വസ്തുക്കളും രാജ്യത്ത് തന്നെ ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT