Representational Image From Canva 
Tech

പുതിയ ബുദ്ധിയുമായി ആപ്പിള്‍: വരുതിയിലാകുമോ നിര്‍മിത ബുദ്ധി?

സാധാരണക്കാരുടെ കാഴ്ചപ്പാടുകളെ മാറ്റും; എ.ഐ ഉപയോഗം എളുപ്പമാക്കും

Dhanam News Desk

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ആപ്പിള്‍ ഇന്റലിജന്‍സ് എന്ന് വിളിക്കുന്ന കാലം വരുമോ? ചാറ്റ് ജിപിടിയും ഓപ്പണ്‍ എഐ യും വാഴുന്ന മേഖലയിലേക്ക് പുതിയ നിര്‍മിതബുദ്ധിയുമായി ആപ്പിള്‍ കടന്നു വരുന്നത് ഈ മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിടമല്‍സരത്തില്‍ പിടിച്ചു നില്‍ക്കാന്‍ ആപ്പിളിന് ഏറെ പണിപ്പെടേണ്ടി വരുമെന്നാണ് വിപണിയില്‍ നിന്നുള്ള സൂചനകള്‍. ഓപ്പണ്‍ എഐ, ഗൂഗിള്‍, മെറ്റ എന്നിവര്‍ എ.ഐ സാങ്കേതിക വിദ്യയില്‍ ബഹുദൂരം മുന്നിലാണ്. എന്നാല്‍ പുതിയ ചില വഴികളിലൂടെ സഞ്ചരിക്കാനാണ് ആപ്പിളിന്റെ പ്ലാന്‍. ഇത് ആപ്പിള്‍ ഇന്റലിജന്‍സിനെ ജനകീയമാക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഡോക്യുമെന്റുകള്‍, ഇമേജ്, വീഡിയോ എന്നിവയില്‍ ആപ്പിളിന് മറ്റു കമ്പനികളെ പിന്നിലാക്കാന്‍ കഴിയില്ലെന്നാണ് കണക്കുകൂട്ടല്‍. അതേസമയം, സാധാരണക്കാരുടെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ചില തന്ത്രങ്ങളാണ് ആപ്പിളിന്റെ കയ്യിലുള്ളത്.

സാധാരണക്കാരുടെ ജീവിതത്തിലേക്ക്

നിര്‍മിത ബുദ്ധിയെ കുറിച്ച് നിലവിലുള്ള കാഴ്ചപ്പാടുകളില്‍ മാറ്റം വരുത്താനാണ് ആപ്പിള്‍ ശ്രമിക്കുന്നത്. അതുവഴി സാധാരണക്കാരന്റെ ജീവിതത്തെ എളുപ്പത്തില്‍ സ്വാധീനക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. സാങ്കേതികതക്കപ്പുറം ധാര്‍മികതക്ക് ഊന്നല്‍ നല്‍കിയുള്ള പുതിയൊരു വഴി. നിര്‍മിത ബുദ്ധിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ നിലവിലുള്ള ഒട്ടേറെ സംശയങ്ങളുടെ കുരുക്കഴിക്കാനാണ് ആപ്പിളിന്റെ ഉദ്യമം. ഈ സാങ്കേതിക വിദ്യക്ക് ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യതയും സ്വീകാര്യതയും വര്‍ധിപ്പിക്കുകയും സുരക്ഷിതത്വ ബോധം വളര്‍ത്തുകയും  ചെയ്യാനാണ് കമ്പനിയുടെ അടിസ്ഥാന ശ്രമം.

പ്രധാന വെല്ലുവിളികള്‍

2022 ല്‍ ചാറ്റ് ജിപിടി ആരംഭിച്ചതു മുതല്‍ നിര്‍മിത ബുദ്ധി നേരിടുന്നത് രണ്ട് പ്രധാന ചോദ്യങ്ങളാണ്. ഡാറ്റകള്‍ സംബന്ധിച്ചും  ഉപയോഗക്ഷമത സംബന്ധിച്ചുമുള്ള  സംശയങ്ങൾ  ആദ്യം ഉയര്‍ന്നു. ജനങ്ങളെ ഭ്രമിപ്പിക്കാന്‍ മാത്രമുള്ള സാങ്കേതിക വിദ്യയെന്ന വിമര്‍ശനവും എന്തിന് വേണ്ടിയാണ് ഇത് ഉപയോഗിക്കുകയെന്നുള്ള ചോദ്യങ്ങളുമുണ്ടായി. മറ്റൊന്ന് ഈ ഡാറ്റകളുടെ ധാര്‍മികയെ സംബന്ധിച്ചായിരുന്നു. എന്നാല്‍ മുന്നോട്ടു പോകുന്തോറും ഇത് സംബന്ധിച്ച സംശയങ്ങള്‍ കുറയുന്നുണ്ട്. നോട്ട്ബുക്ക് എല്‍.എം, ജിപിടി 40 തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ ലാംഗ്വേജ് മോഡലുകളെ അനായാസം ഉപയോഗിക്കാമെന്നായി. 50 മുതല്‍ 100 പുസ്തകങ്ങളുടെ ഉള്ളടക്കം വരെ അപ് ലോഡ് ചെയ്യാനുള്ള സൗകര്യങ്ങളായി. ലേഖനങ്ങള്‍ മുതല്‍ പോഡ്കാസ്റ്റുകള്‍ വരെ എളുപ്പത്തില്‍ പ്രോംപ്റ്റ് ചെയ്‌തെടുക്കാനും ഇപ്പോള്‍ സംവിധാനങ്ങളുണ്ട്. ഇത്തരത്തിലുള്ള യൂസര്‍ ഡാറ്റകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ള വിപണനമാണ് ആപ്പില്‍ ഇന്റലന്‍സ് നടപ്പാക്കുന്നത്. നമുക്ക് പരിചിതമല്ലാത്ത ഡാറ്റകളെ ഉപയോഗിക്കാതെ ഓരോരുത്തരും നല്‍കുന്ന ഡാറ്റകളെ അടിസ്ഥാനമാക്കിയുള്ള മികച്ച റിസള്‍ട്ടുകള്‍ നല്‍കാനാണ് ആപ്പിളിന്റെ സംവിധാനം കൂടുതല്‍ പ്രയോജനപ്പെടുക.  ഡാറ്റകളുടെ വിശ്വാസ്യത മെച്ചപ്പെടുത്താനാകും. ഇതുവഴി നിര്‍മിത ബുദ്ധിയെ സാധാരണ ജീവിതവുമായി കൂടുതല്‍ അടുപ്പിക്കും. ഇമെയില്‍ വായിക്കുന്നത് പോലെയോ വാര്‍ത്ത കാണുന്നത് പോലെയോ എളുപ്പമുള്ളതായി ഈ സാങ്കേതിക വിദ്യയെ മാറ്റുകയാണ് ആപ്പിള്‍ ചെയ്യുന്നത്. സാമൂഹികമായും ധാര്‍മികമായും നിര്‍മിത ബുദ്ധിയുടെ ഉപയോഗം കൂടുതല്‍ സ്വീകാര്യമാക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

എളുപ്പമാക്കുന്ന ആപ്പിള്‍ തന്ത്രം

സ്ങ്കീര്‍ണമായ സാങ്കേതിക വിദ്യകളെ എളുപ്പമാക്കുന്നതില്‍ ആപ്പിളിനുള്ള മികവ് നിര്‍മിത ബുദ്ധിയിലും പ്രകടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1970 കളില്‍ വേഡ് പ്രോസസിംഗ് ആദ്യമായി വന്നപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ ഇതേ സംശയങ്ങളുണ്ടായിരുന്നു. കൈകൊണ്ട് എഴുതാനുള്ള കഴിവ് പോലും മനുഷ്യന് നഷ്ടമാകുമെന്ന് ആശങ്കകളുണ്ടായിരുന്നു. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതിന് തന്നെ ഏറെ പേര്‍ക്കും മടിയുണ്ടായി. എന്നാല്‍ ആപ്പിളിന്റെ മാകിന്റോഷ് പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ ഈ ധാരണകളെ മാറ്റി മറിച്ചു. കമ്പ്യൂട്ടറുകളില്‍ കാണുന്നത് തന്നെ നമുക്ക് നേരിട്ട് ലഭിക്കുന്നുവെന്ന സ്ഥിതി വന്നതോടെ കമ്പ്യൂട്ടറിന്റെ ഉപയോഗം ജനകീയമായി. പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ ഉപയോഗത്തില്‍ മാകിന്റോഷ് ചെയ്തത് തന്നെയാണ് നിര്‍മിത ബുദ്ധിയില്‍ ആപ്പിള്‍ ഇന്റലിജന്‍സ് ചെയ്യുന്നത്. എല്ലാവര്‍ക്കും വേണ്ടിയുള്ള നിര്‍മിത ബുദ്ധിയാണ് ആപ്പിള്‍ മുന്നോട്ടു വെക്കുന്നത്. ഈ സാങ്കേതിക വിദ്യയെ കുറിച്ചുള്ള പൊതുധാരണകളെ മാറ്റി മറിക്കുന്നതാകും ആപ്പിള്‍ ഇന്റലന്‍സ് എന്നാണ് നിരീക്ഷണം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT