Tech

ഇന്ത്യയില്‍ നിര്‍മിക്കുന്ന ഐ ഫോണുകള്‍ 76 ശതമാനമായി; പിഎല്‍ഐ സ്‌കീമില്‍ പ്രതീക്ഷവെച്ച് നിര്‍മാതാക്കള്‍

അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 3.6 ട്രില്യണ്‍ രൂപയുടെ ഐഫോണുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതി. 80 ശതമാനവും കയറ്റുമതി ചെയ്യും.

Dhanam News Desk

ഇന്ത്യയില്‍ നിര്‍മിക്കുന്ന ആപ്പിള്‍ ഐ-ഫോണ്‍ 2018 നെ അപേക്ഷിച്ച് വന്‍വര്‍ധനവ് തുടരുകയാണ്. 2018 ല്‍ ആപ്പിള്‍ ഐ ഫോണ്‍ നിര്‍മാണത്തിലെ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ളത് 17 ശതമാനമായിരുന്നു. എന്നാല്‍ 2021 ഓടെ ഉല്‍പ്പാദനം 76 ശതമാനമായി വര്‍ധിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍.

രാജ്യത്തെ ഐ ഫോണ്‍, അനുബന്ധ ഉപകരണ നിര്‍മാതാക്കളായ ഫോക്‌സ്‌കോണ്‍(ഹോണ്‍ഹായ്), വിസ്‌ട്രോണ്‍ എന്നിവര്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഉല്‍പ്പാദനം വന്‍തോതില്‍ വര്‍ധിപ്പിക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. പിഎല്‍ഐ (ഉല്‍പാദന-ബന്ധിത പ്രോത്സാഹന പദ്ധതി) സ്‌കീമിന്റെ ചുവടുപിടിച്ചാണ് കമ്പനികള്‍ പുതിയ ലക്ഷ്യങ്ങളിലേക്ക് നീങ്ങുന്നത്.

ഫോക്‌സ്‌കോണിന് ശേഷം ആപ്പിളിന്റെ രണ്ടാമത്തെ വലിയ നിര്‍മ്മാതാക്കളായ പെഗാട്രോണ്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ തങ്ങളുടെ അനുബന്ധ സ്ഥാപനം രജിസ്റ്റര്‍ ചെയ്യുകയും തുടക്കത്തില്‍ തന്നെ 150 ദശലക്ഷം ഡോളര്‍ (ഏകദേശം 1,100 കോടി രൂപ) നിക്ഷേപിക്കുകയും ചെയ്യുന്നപദ്ധതി ആരംഭിച്ചിരുന്നെങ്കിലും കോവിഡ് കാരണം തമിഴ്‌നാട് ആസ്ഥാനമായ പ്രവര്‍ത്തനങ്ങള്‍ മുടങ്ങുകയായിരുന്നു. എന്നാല്‍ ഇത് പുനരാരംഭിച്ചേക്കും.

പിഎല്‍ഐ സ്‌കീമിന്റെ സഹായത്തോടെയുള്ള പദ്ധതി പ്രകാരം ഉല്‍പ്പാദനം 3.6 ട്രില്യണ്‍ ആയി വര്‍ധിപ്പിക്കാനാണ് ഈ കമ്പനികള്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് വാര്‍ത്തകള്‍ പറയുന്നു. ഇതില്‍ 80 ശതമാനം മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് ലക്ഷ്യം.

ഹാന്‍ഡ്സെറ്റ് പിഎല്‍ഐ സ്‌കീമിന് കീഴില്‍, വിദേശ കമ്പനികള്‍ 250 കോടി രൂപ വീതം നിക്ഷേപിക്കുകയും ക്യാഷ്ബാക്കായി 6% നേരിട്ടുള്ള ഇന്‍സെന്റീവ് ലഭിക്കുന്നതിന് ആദ്യ വര്‍ഷത്തില്‍ തന്നെ 4,000 കോടി രൂപയുടെ വര്‍ധനവോട് കൂടിയ ഉല്‍പ്പാദനം നടത്തുകയും ചെയ്യേണ്ടതുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT