സ്മാർട്ട് വാച്ചുകളുടെ ഡിസ്‌പ്ലേ ശല്യങ്ങളില്ലാതെ ആരോഗ്യം നിരന്തരം നിരീക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി സ്ക്രീൻ ഇല്ലാത്ത ഫിറ്റ്നസ് ബാൻഡ് വികസിപ്പിക്കാൻ ആപ്പിൾ ഒരുങ്ങുന്നു. പ്രമുഖ സ്മാർട്ട് വെയറബിൾ ബ്രാൻഡായ 'വൂപ്പിന്' (Whoop) സമാനമായ ഫിറ്റ്നസ് ട്രാക്കറിന്റെ പ്രോട്ടോടൈപ്പുകൾ ആപ്പിൾ പരീക്ഷണാടിസ്ഥാനത്തിൽ നിർമ്മിച്ചതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചാൽ 2028-ഓടെ ഈ ഉൽപ്പന്നം വിപണിയിലെത്തിച്ചേക്കും.
ആപ്പിൾ സി.ഇ.ഒ ടിം കുക്ക്, കമ്പനിയുടെ ഹെൽത്ത് ടീമിന് നേതൃത്വം നൽകുന്ന എഡ്ഡി ക്യൂ എന്നിവർക്ക് ഈ പുതിയ ഗാഡ്‌ജറ്റ് വിഭാഗത്തിൽ വലിയ താല്പര്യമുണ്ട്. കൈത്തണ്ടയിൽ അണിയാവുന്ന ഫാബ്രിക് റിസ്റ്റ്ബാൻഡും അതിൽ ഘടിപ്പിച്ച ചെറിയ കമ്പ്യൂട്ടിംഗ് മോഡ്യൂളും അടങ്ങിയതാണ് ഇതിന്റെ പ്രോട്ടോടൈപ്പ്. ഡിസ്‌പ്ലേ പൂർണമായും ഒഴിവാക്കുന്നതിലൂടെ ആപ്പുകൾക്കും നോട്ടിഫിക്കേഷനുകൾക്കും പ്രാധാന്യം നൽകാതെ, ഹൃദയമിടിപ്പ് ഉൾപ്പെടെയുള്ള ആരോഗ്യ വിവരങ്ങൾ വിവിധ സെൻസറുകൾ വഴി കൃത്യമായി ശേഖരിക്കാൻ ഇതിന് സാധിക്കും.
നിലവിൽ സ്ക്രീൻ ഇല്ലാത്ത ഫിറ്റ്നസ് ബാൻഡ് വിപണിയിൽ വൂപ്പ് ആധിപത്യം പുലർത്തുമ്പോൾ ആപ്പിളിന്റെ വരവ് മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കും. എഐ സ്മാർട്ട് ഗ്ലാസുകൾ, ക്യാമറയുള്ള എയർപോഡുകൾ എന്നിവ ഉൾപ്പെടെയുള്ള മറ്റ് ആധുനിക വെയറബിൾ ഉൽപ്പന്നങ്ങളിലും ആപ്പിൾ നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. കൂടാതെ, 'റെഡിനസ് സ്‌കോർ' (readiness score), ബയോളജിക്കൽ വയസ് നിർണയം എന്നിവ ഉൾപ്പെടുത്തി ആപ്പിൾ വാച്ചുകളും, പുതിയ ഐ.ഒ.എസ് 27.2 (iOS 27.2) പതിപ്പിൽ ഹെൽത്ത് ആപ്പും പുനർരൂപകൽപ്പന ചെയ്തുകൊണ്ട് ഡിജിറ്റൽ ആരോഗ്യ വിപണിയിൽ വലിയൊരു മുന്നേറ്റത്തിനാണ് കമ്പനി തയാറെടുക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine