Image : Canva 
Tech

ആപ്പിളിന്റെ ഇന്ത്യയിലെ ഉല്‍പാദനവും കയറ്റുമതിയും കൂടി, നിക്ഷേപമുയര്‍ത്തി പ്രധാന പങ്കാളികള്‍, 2028ല്‍ പ്രാദേശിക വിഹിതം 30% ആകും

ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറ് മാസങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതിയില്‍ ആപ്പിളിന് 10 ബില്യൺ ഡോളറിന്റെ റെക്കോര്‍ഡ് നേട്ടം

Dhanam News Desk

ആപ്പിളിന്റെ ഇന്ത്യയിലെ വില്‍പ്പനക്കാര്‍ അവരുടെ പ്രാദേശിക സാന്നിധ്യം ശക്തിപ്പെടുത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ആപ്പിള്‍ ഐഫോണിന് ഘടകഭാഗങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന ടി.ഡി കോണെക്‌സ് ഫെസിലിറ്റി ഉയര്‍ത്താനായി കാര്യമായ നിക്ഷേപം നടത്തുകയാണ്. ആപ്പിള്‍ ഐഫോണ്‍ നിര്‍മാതാക്കളായ ഫോക്‌സ്‌കോണിന്റെ ഉപകമ്പനിയായ യുഴാന്‍ ടെക്‌നോളജി തമിഴ്‌നാട് യൂണിറ്റില്‍ നിന്ന് ഡിസ്‌പ്ലേ മൊഡ്യൂളുകളുടെ കയറ്റുമതി ആരംഭിച്ചിട്ടുമുണ്ട്.

തമിഴ്നാട്ടിലെ ഒറഗഡത്ത് പ്ലാന്റുള്ള സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ടിഡി കോണക്‌സ്, 200 കോടി രൂപയുടെ നിക്ഷേപം നടത്തി സൗകര്യം വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവിലുള്ള സൗകര്യത്തിന് സമീപം ഏകദേശം 20 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ്.

സിഎന്‍സി (കമ്പ്യൂട്ടര്‍ ന്യൂമറിക്കല്‍ കണ്‍ട്രോള്‍), പ്ലാസ്റ്റിക് ഇഞ്ചക്ഷന്‍, മെറ്റല്‍ സ്റ്റാമ്പിംഗ്, ലിക്വിഡ് സിലിക്കണ്‍ റബ്ബര്‍, മോള്‍ഡിംഗ് തുടങ്ങി സ്മാര്‍ട്ട്ഫോണുകളുമായി ബന്ധപ്പെട്ട നിര്‍മാണങ്ങളാണ് ടിഡി കോണക്‌സ് നടത്തുന്നു.

യുഴാന്‍ ടെക്‌നോളജീസ് തമിഴ്‌നാട്ടില്‍ ഡിസ്‌പ്ലേ മൊഡ്യൂളുകളുടെ അസംബ്ലിംഗ് യൂണിറ്റുകള്‍ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറത്തുള്ള ഫോക്‌സ്‌കോണ്‍ ഫാക്ടറികള്‍ക്കുള്ള ഐഫോണ്‍ മോഡലുകള്‍ക്കായി ഡിസ്‌പ്ലേ മൊഡ്യൂളുകള്‍ കയറ്റുമതി ആരംഭിച്ചിട്ടുമുണ്ട്.

കയറ്റുമതി ഉയര്‍ന്നു

ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറ് മാസങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതിയില്‍ ആപ്പിള്‍ 10 ബില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് നേട്ടം കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 5.71 ബില്യണ്‍ ഡോളറായിരുന്നു. ആപ്പിളിന്റെ കരാര്‍ നിര്‍മ്മാണത്തിന്റെ ഭൂരിഭാഗവും ഫോക്സ്‌കോണും ടാറ്റ ഇലക്ട്രോണിക്സുമാണ് നടത്തുന്നത്. അതേ സമയം, ഇന്ത്യയില്‍ വിതരണക്കാരുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിലാണ് ആപ്പിളിന്റെ ശ്രദ്ധ.

ആഗോളതലത്തില്‍ നോക്കിയാല്‍ അഞ്ചില്‍ ഒരു ഐഫോണ്‍ ഇന്ത്യയിലാണ് നിര്‍മ്മിക്കപ്പെടുന്നത്. 2028 ന് മുമ്പ് തന്നെ പ്രാദേശിക സോഴ്സിംഗ് 30 ശതമാനം മറികടക്കാന്‍ സാധിച്ചേക്കുമെന്നാണ് കരുതുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT