Tech

ടിം കുക്കിൻ്റെ പിന്തുടര്‍ച്ചാവകാശിക്കായി ആപ്പിളില്‍ ചര്‍ച്ചകള്‍ സജീവം, ആരാകും അടുത്ത സി.ഇ.ഒ? സാധ്യത കൂടുതല്‍ ഈ വ്യക്തിക്ക്

നിലവില്‍ 65 വയസു പിന്നിട്ട ടിം കുക്ക് അടുത്ത വര്‍ഷം സ്ഥാനമൊഴിഞ്ഞേക്കും

Dhanam News Desk

ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായ ആപ്പിളിന്റെ സി.ഇ.ഒ സ്ഥാനത്തു നിന്ന് ടിം കുക്ക് അടുത്ത വര്‍ഷത്തോടെ പടിയിറങ്ങാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, കമ്പനിയില്‍ പിന്‍ഗാമിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ സജീവം.

നിലവില്‍ ആപ്പിളിന്റെ ഹാര്‍ഡ്വെയര്‍ എന്‍ജിനീയറിംഗ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റായ ജോണ്‍ ടെര്‍ണസിന്റെ പേരാണ് ഇപ്പോള്‍ പ്രധാനമായും ഉയര്‍ന്നുവരുന്നത്. ഐഫോണ്‍, ഐപാഡ്, മാക്, എയര്‍പോഡ്സ് തുടങ്ങി എല്ലാ പ്രധാന ഹാര്‍ഡ്വെയര്‍ വിഭാഗങ്ങളുടെയും ചുമതല വഹിക്കുന്നത് ടെര്‍ണസാണ്. 2001-ലാണ് ടെര്‍ണസ് ആപ്പിളില്‍ ചേരുന്നത്.

പരിഗണിക്കുന്നവരില്‍ ഇവരും

ടെര്‍ണസിനെ കൂടാതെ മറ്റ് ചില പേരുകളും നേരത്തെ ഉയര്‍ന്നിരുന്നു. ആപ്പിളിന്റെ ഓപ്പറേഷന്‍സ് വിഭാഗം തലവനായ ജെഫ് വില്യംസ്, റീട്ടെയ്ല്‍ വിഭാഗം തലവനായ ദൈദ്രെ ഓബ്രിയന്‍ എന്നിവരെയും മുന്‍പ് സി.ഇ.ഒ. സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ നിലവിലെ റിപ്പോര്‍ട്ടുകള്‍ എല്ലാം ടെര്‍ണസിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്.

നിലവില്‍ 65 വയസു പിന്നിട്ട ടിം കുക്ക്‌ അടുത്ത വര്‍ഷം സ്ഥാനമൊഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റീവ് ജോബ്സിന് ശേഷം 2011-ല്‍ ആപ്പിളിന്റെ സി.ഇ.ഒ. പദവിയിലേക്ക് എത്തിയ കുക്ക് കമ്പനിയെ വലിയ വിജയങ്ങളിലേക്ക് നയിച്ച ശേഷമാണ് സ്ഥാനമൊഴിയാന്‍ തയാറെടുക്കുന്നത്.

അടുത്ത പാദത്തിലെ വരുമാന റിപ്പോര്‍ട്ട് ജനുവരി അവസാനത്തോടെ പുറത്തു വരും. അതിനു ശേഷമാകും പുതിയ സി.ഇ.ഒ.യെ പ്രഖ്യാപിക്കുക എന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ടിം കുക്കോ ആപ്പിളോ വിരമിക്കലിനെ കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 'ഇറങ്ങാന്‍ സമയമായി എന്ന് എപ്പോള്‍ തോന്നുന്നുവോ അപ്പോള്‍ ഞാന്‍ സ്ഥാനമൊഴിയും' എന്നാണ് കഴിഞ്ഞ വര്‍ഷം ടിം കുക്ക് തന്റെ വിരമിക്കല്‍ പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോള്‍ 'വയേര്‍ഡ്' മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT