ടെക് ലോകത്ത് വലിയ തരംഗമായി മാറിയ ആന്ത്രോപിക് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ പെട്ടെന്നുള്ള ഉദയം വന്‍കിട ടെക് കമ്പനികള്‍ക്ക് മാത്രമല്ല തിരിച്ചടിയാകുന്നത്. ഇന്ത്യയിലുള്ള ചെറിയൊരു സ്റ്റാര്‍ട്ടപ്പ് കമ്പനിക്കും എഐ കമ്പനിയുടെ പ്രഭാവം തലവേദനയാകുകയാണ്. കര്‍ണാടകയിലെ ബെല്‍ഗാം ആസ്ഥാനമായി 2017ല്‍ ആരംഭിച്ച ആന്ത്രോപിക് സോഫ്റ്റ്‌വെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് യുഎസ് കമ്പനിയുടെ വരവ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
തങ്ങളുടെ അതേ പേരില്‍ ടെക് കമ്പനി ആരംഭിച്ച യുഎസ് കമ്പനിക്കെതിരേ ഇന്ത്യന്‍ ആന്ത്രോപിക് കോടതിയില്‍ കേസും ഫയല്‍ ചെയ്തിട്ടുണ്ട്. തങ്ങളുടെ ബിസിനസിനെ സാരമായി ബാധിക്കുന്നതാണ് സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി തുടങ്ങിയ ആന്ത്രോപിക് പിബിസി എന്ന പേരിലുള്ള കമ്പനിയെന്നാണ് വാദം.
വിദ്യാഭ്യാസം, കണക്റ്റിവിറ്റി, സുരക്ഷാ മേഖലകള്‍ എന്നിവയിലുടനീളം ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വികസിപ്പിക്കുകയും വിന്യസിക്കുകയും ചെയ്യുന്ന ഒരു ഇന്ത്യന്‍ കമ്പനിയാണിത്. ഇന്ത്യയിലുടനീളമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുമായി ചേര്‍ന്നും കമ്പനി പ്രവര്‍ത്തിക്കുന്നു.
2013ലാണ് മുഹമ്മദ് അയാസ് ആന്ത്രോപിക് സ്ഥാപിക്കുന്നത്. തുടക്കത്തില്‍ സ്റ്റാര്‍ട്ടപ്പ് കാറ്റഗറിയിലായിരുന്നു കമ്പനിയുടെ പ്രവര്‍ത്തനം. തുടക്കം മുതല്‍ ആന്ത്രോപിക് എന്ന ഐഡന്റിറ്റിയിലാണ് കമ്പനി മുന്നോട്ടു പോയിരുന്നത്. യുഎസ് കമ്പനി നിലവില്‍ വരുന്നതാകട്ടെ 2021ലും.
ആഗോള തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട യുഎസ് കമ്പനിയുടെ വരവ് തങ്ങളുടെ ഓണ്‍ലൈന്‍ സാന്നിധ്യത്തെ പ്രതികൂലമായി ബാധിച്ചെന്ന് കമ്പനി പറയുന്നു. ഗൂഗിള്‍ ഉള്‍പ്പെടെയുള്ള ടെക് കമ്പനികളുടെ നിക്ഷേപം യുഎസിലെ ആന്ത്രോപിക്കിനുണ്ട്. ഇന്റര്‍നെറ്റ് സെര്‍ച്ചിംഗില്‍ ഉള്‍പ്പെടെ തങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധകിട്ടുന്നില്ലെന്ന് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ത്യന്‍ കമ്പനി പറയുന്നു.
ഉപയോക്താക്കളിലും സ്ഥാപനങ്ങളിലും വലിയതോതില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ പേരിലെ സാമ്യത കാരണമായിട്ടുണ്ട്. തങ്ങളുടെ കമ്പനിയില്‍ നിക്ഷേപം നടത്താന്‍ താല്പര്യം പ്രകടിപ്പിച്ചവര്‍ പോലും പിന്‍വാങ്ങുന്ന അവസ്ഥയാണുള്ളത്.
ഇന്റര്‍നെറ്റില്‍ കമ്പനിയെക്കുറിച്ച് സെര്‍ച്ച് ചെയ്യുമ്പോള്‍ യുഎസ് കമ്പനിയുടെ ഹോംപേജിലേക്കാണ് പോകുന്നത്. വിദേശ വിപണികളിലേക്ക് കടക്കാനുള്ള കമ്പനിയുടെ ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് യുഎസ് ആന്ത്രോപിക്കിന്റെ വരവ് മൂലം സംഭവിച്ചതെന്നും മുഹമ്മദ് അയാസ് പറയുന്നു. കേസ് പരിഗണിക്കുന്നത് ഫെബ്രുവരി 16ലേക്ക് മാറ്റിയിട്ടുണ്ട്.
നിയമപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന അതീവ നൂതനമായ ഒരു എ.ഐ മോഡലാണ് ആന്ത്രോപിക് അവതരിപ്പിച്ചത്. ഇത് വെറുമൊരു ചാറ്റ് ബോട്ട് മാത്രമല്ല, മറിച്ച് സങ്കീര്‍ണമായ നിയമ ജോലികള്‍ മനുഷ്യ സഹായമില്ലാതെ തന്നെ പൂര്‍ത്തിയാക്കാന്‍ ശേഷിയുള്ള ഒന്നാണ്.
നൂറുകണക്കിന് കരാറുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പരിശോധിക്കാനും, എന്‍ഡിഎ ( Non-Disclosure Agreement/NDA) പോലുള്ള രേഖകള്‍ തയ്യാറാക്കാനും ഇതിന് സാധിക്കും. ഓരോ കമ്പനിക്കും അവരുടെ പ്രത്യേക നിയമ മാനദണ്ഡങ്ങള്‍ അനുസരിച്ച് എ.ഐയെ മാറ്റിയെടുക്കാം.
ആയിരക്കണക്കിന് ഡോളര്‍ ചിലവഴിച്ച് സോഫ്റ്റ്വെയറുകള്‍ വഴിയോ അഭിഭാഷകര്‍ വഴിയോ ചെയ്തിരുന്ന കാര്യങ്ങള്‍ ഈ എഐ ടൂള്‍ സൗജന്യമായോ വളരെ കുറഞ്ഞ നിരക്കിലോ ചെയ്തുനല്‍കും.
Read DhanamOnline in English
Subscribe to Dhanam Magazine