ബാങ്ക് അക്കൗണ്ടില്‍ പണമില്ലെങ്കിലും ഇനി ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്ത് ധൈര്യമായി സാധനങ്ങള്‍ വാങ്ങാം. പ്രമുഖ ഫിന്‍ടെക് പ്ലാറ്റ്ഫോമായ ഭാരത്പേ, ഉപഭോക്താക്കള്‍ക്കായി 'ഭാരത്പേ ഫ്‌ളെക്‌സ്' (BharatPe Flex) എന്ന പേരില്‍ പുതിയ ക്രെഡിറ്റ്-ഓണ്‍-യുപിഐ (Credit-on-UPI) സേവനം അവതരിപ്പിച്ചു. യെസ് ബാങ്കുമായി സഹകരിച്ചാണ് കമ്പനി ഈ പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്. മുന്‍കൂട്ടി അനുമതി ലഭിച്ച ഡിജിറ്റല്‍ ക്രെഡിറ്റ് പരിധി (Credit Line) ഉപയോഗിച്ച് യുപിഐ വഴി തത്സമയം പണമിടപാടുകള്‍ നടത്താന്‍ സഹായിക്കുന്നതാണ് ഈ സംവിധാനം.
സാധാരണ യുപിഐ ഇടപാടുകളില്‍ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് തല്‍സമയം പണം കുറയുമ്പോള്‍, ഭാരത്പേ ഫ്‌ളെക്‌സ് വഴി അക്കൗണ്ടില്‍ പൂജ്യം ബാലന്‍സ് ആണെങ്കിലും ഇടപാടുകള്‍ തടസമില്ലാതെ പൂര്‍ത്തിയാക്കാം.
ഭാരത്പേ ആപ്പിലൂടെ പൂര്‍ണമായും ഡിജിറ്റലായുള്ള കെവൈസി (KYC) പ്രക്രിയ പൂര്‍ത്തിയാക്കുന്നതിലൂടെ അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് മിനിറ്റുകള്‍ക്കകം ഈ ക്രെഡിറ്റ് ലൈന്‍ ലഭ്യമാകും. ബില്ലിംഗ് സൈക്കിള്‍ അനുസരിച്ച് കൃത്യമായി തുക തിരിച്ചടയ്ക്കുന്നവര്‍ക്ക് 45 ദിവസം വരെ പലിശരഹിത കാലാവധി ലഭിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഇതുകൂടാതെ വലിയ തുകകളുടെ ബില്ലുകള്‍ അടയ്ക്കേണ്ടി വരുന്ന സാഹചര്യങ്ങളില്‍, ഈ ബാധ്യത ലഘൂകരിക്കാനായി തുക തുല്യ പ്രതിമാസ ഗഡുക്കളായി (EMIs) മാറ്റി തിരിച്ചടയ്ക്കാനുള്ള ഫ്െളക്‌സിബിള്‍ ഓപ്ഷനും കമ്പനി നല്‍കുന്നുണ്ട്. ഈ പ്ലാറ്റ്ഫോം വഴി നടത്തുന്ന യോഗ്യമായ യുപിഐ ഇടപാടുകള്‍ക്ക് പ്രത്യേക ക്യാഷ്ബാക്കുകളും റിവാര്‍ഡുകളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. പരമ്പരാഗത ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പകരമായി ഉപയോഗിക്കാവുന്ന ഒന്നാണിത്.
മാസാവസാനങ്ങളിലോ ശമ്പളം ലഭിക്കാന്‍ വൈകുന്ന സാഹചര്യങ്ങളിലോ പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങളെ മറികടക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കും. മെഡിക്കല്‍ എമര്‍ജന്‍സികള്‍, വാഹന റിപ്പയറിംഗ്, പെട്ടെന്ന് വരുന്ന വലിയ വീട്ടുചെലവുകള്‍ എന്നിവയ്ക്ക് വലിയ പലിശയ്ക്ക് കടം വാങ്ങാതെ തന്നെ താല്‍ക്കാലിക ആശ്വാസം കണ്ടെത്താന്‍ ഭാരത്പേ ഫ്‌ളെക്‌സ് ഉപഭോക്താക്കളെ പ്രാപ്തരാക്കും. നിലവില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഇല്ലാത്തവര്‍ക്കും ഡിജിറ്റല്‍ ഇടപാടുകളില്‍ സജീവമായവര്‍ക്കും ഇതൊരു മികച്ച ബദല്‍ മാര്‍ഗമാണ്. ഭാരത്പേ ആപ്പ് വഴി തന്നെ ഉപഭോക്താക്കള്‍ക്ക് ചെലവുകള്‍, കുടിശ്ശികകള്‍, തിരിച്ചടവ് തീയതികള്‍ എന്നിവ കൃത്യമായി ട്രാക്ക് ചെയ്യാനും സാധിക്കും.
ചെറുകിട വ്യാപാരികള്‍ മുതല്‍ സാധാരണ ഉപഭോക്താക്കള്‍ വരെ ദൈനംദിന ആവശ്യങ്ങള്‍ക്ക് യുപിഐ പേയ്‌മെന്റുകളെ പരമാവധി ആശ്രയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഭാരത്പേ ഫ്െളക്‌സ് പോലുള്ള ക്രെഡിറ്റ് സംവിധാനങ്ങള്‍ക്ക് വിപണിയില്‍ പെട്ടെന്ന് സ്വാധീനം ചെലുത്താനാകും. ഉത്സവ സീസണുകളിലും മറ്റും വിപണിയിലെ ഉപഭോഗത്തില്‍ പ്രകടമായ വര്‍ധന രേഖപ്പെടുത്താനും ഇത്തരം തല്‍സമയ വായ്പാ സംവിധാനങ്ങള്‍ സഹായകരമാകും.
നിങ്ങള്‍ ആദ്യം പ്ലേ സ്റ്റോറില്‍ നിന്നോ (Play Store) ആപ്പ് സ്റ്റോറില്‍ നിന്നോ (App Store) ഭാരത്പേ (BharatPe) ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം.
ആപ്പ് തുറന്ന ശേഷം, 'BharatPe Flex' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ഡിജിറ്റല്‍ ഓണ്‍ബോര്‍ഡിംഗും കെ.വൈ.സി (KYC) പ്രക്രിയയും പൂര്‍ത്തിയാക്കുക.
കെ.വൈ.സി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, നിങ്ങള്‍ക്ക് അനുവദിച്ച ക്രെഡിറ്റ് ലൈന്‍ (approved credit line) നിങ്ങളുടെ യു.പി.ഐ-യുമായി (UPI) ലിങ്ക് ചെയ്യാന്‍ സാധിക്കും.
ഇതിനുശേഷം നിങ്ങളുടെ യു.പി.ഐ പിന്‍ (UPI PIN) സെറ്റ് ചെയ്ത് പണമിടപാടുകള്‍ നടത്താന്‍ ആരംഭിക്കാവുന്നതാണ്.
Fintech firm BharatPe has introduced a pre-approved credit line integrated with UPI payments, offering users up to 45 days of interest-free repayment.
Read DhanamOnline in English
Subscribe to Dhanam Magazine