ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യക്ക് വമ്പന്‍ മാറ്റങ്ങള്‍ വരുമെന്നും അടുത്ത 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ പല ജോലികള്‍ക്കും മനുഷ്യനെ വേണ്ടാതാകുമെന്നും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. നിലവില്‍ ഡോക്ടര്‍മാര്‍, അധ്യാപകര്‍ പോലുള്ള വിദഗ്ധരെയാണ് നമ്മള്‍ പല കാര്യങ്ങള്‍ക്കു ആശ്രയിക്കുന്നത്. എ.ഐയുടെ വരവോടെ ഇത്തരം അറിവുകള്‍ കൂടുതല്‍ പേരിലേക്ക് സൗജന്യമായി എത്തുമെന്നും അടുത്തിടെ നടന്ന ഒരു ടി.വി ഷോയില്‍ അദ്ദേഹം പറഞ്ഞു.
തന്റെ ജീവിതകാലത്ത് വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കിയ രണ്ട് സാങ്കേതിക വിദ്യകള്‍ ഉദയം ചെയ്‌തെന്നാണ് 2023ല്‍ ബില്‍ ഗേറ്റ്‌സ് അഭിപ്രായപ്പെട്ടത്. അതിലൊന്ന് ജി.പി.യുവും ( ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ്) മറ്റൊന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമാണ്. മൈക്രോ പ്രോസസസര്‍, പേഴ്‌സണല്‍ കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ എന്നിവ പോലെ അടിസ്ഥാനപരമായ കണ്ടുപിടുത്തമാണ് എ.എയുടേതും. മനുഷ്യന്റെ നിലവിലെ തൊഴില്‍, പഠനം, യാത്ര, ആരോഗ്യ പരിപാലനം, ആശയവിനിമയം തുടങ്ങിയ കാര്യങ്ങളെയെല്ലാം എ.ഐ മാറ്റിമറിക്കും. വ്യവസായങ്ങള്‍ ഈ സാങ്കേതിക വിദ്യക്കനുസരിച്ച് മാറും. എങ്ങനെ ഫലപ്രദമായി എ.ഐ ഉപയോഗിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി ബിസിനസുകളെയും തരംതിരിക്കുന്ന കാലം വരുമെന്നും അദ്ദേഹം എഴുതിയിരുന്നു.
ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ആര്‍തര്‍ ബ്രൂക്‌സുമായി അടുത്തിടെ നടത്തിയ സംഭാഷണത്തില്‍ ഇക്കാര്യം ഗേറ്റ്‌സ് വീണ്ടും ആവര്‍ത്തിച്ചു. രോഗ നിര്‍ണയം മുതല്‍ വ്യക്തിഗത പഠനം വരെയുള്ള എല്ലാ കാര്യങ്ങളിലും എ.ഐ മാറ്റം കൊണ്ടുവരുമെന്ന് അദ്ദേഹം ഊന്നിപ്പറയുന്നു. നിലവിലുള്ള ലോകക്രമത്തെ അത്ഭുതകരമായ വേഗത്തിലാണ് എ.ഐ മാറ്റുന്നത്. ഇതൊരു നല്ല കാര്യമാണെങ്കിലും അതിവേഗത്തിലുള്ള എ.ഐ വളര്‍ച്ച ഒരല്‍പ്പം ആശങ്കയും സൃഷ്ടിക്കുന്നുണ്ട്. ഏതറ്റം വരെ ഇവ വളരുമെന്ന് ആര്‍ക്കും നിശ്ചയമില്ലാത്തതും മറ്റൊരു ആശങ്കയാണ്. വ്യാജവിവരങ്ങള്‍, ഡീപ്പ് ഫേക്കുകള്‍, മുന്‍വിധിയോടെ പ്രവര്‍ത്തിക്കുന്ന എ.ഐ ഏജന്റുകള്‍ എന്നിവയും ആശങ്കയുണ്ടാക്കുന്നതായാണ് ഗേറ്റ്‌സ് പറയുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൂടുതല്‍ കാര്യക്ഷമമാകുന്നതോടെ നിലവിലെ തൊഴില്‍ സാഹചര്യങ്ങളില്‍ എന്തുമാറ്റമുണ്ടാകുമെന്നാണ് പലരുടെയും സംശയം. ഇക്കാര്യത്തിലും ബില്‍ ഗേറ്റ്‌സിന് ഉത്തരമുണ്ട്. മനുഷ്യ സഹജമായ സഹാനുഭൂതിക്കും രോഗിയോടുള്ള ആശയ വിനിമയത്തിനും പ്രധാന്യം നല്‍കുന്ന ആരോഗ്യ മേഖലയിലെ ജോലികള്‍ സുരക്ഷിതമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഒപ്പം എഞ്ചിനീയറിംഗ്, എ.ഐ ഗവേഷണം, ആര്‍ടിസ്റ്റുകള്‍, എഴുത്തുകാര്‍, ഡിസൈനര്‍മാര്‍ എന്നിവര്‍ക്കും ഒരളവ് വരെ ഭീഷണിയാകില്ല. എന്നാല്‍ എ.ഐ അസിസ്റ്റന്റുകള്‍ കളം നിറയുന്നതോടെ അതിവൈദഗ്ധ്യവും മാനുഷിക വികാരങ്ങളും വേണ്ട ജോലികള്‍ക്ക് മാത്രമേ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിലനില്‍പ്പുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു.
അതേസമയം, ടെക്കികള്‍ക്കിടയില്‍ പുതിയ ട്രെന്‍ഡായി മാറിയിരിക്കുകയാണ് വൈബ് കോഡിംഗ് എന്ന ആശയം. എ.ഐ സഹായത്തോടെ സാധാരണ ഭാഷ ഉപയോഗിച്ച് സോഫ്റ്റ്‌വെയര്‍ നിര്‍മിക്കുന്നതിനെയാണ് വൈബ് കോഡിംഗ് എന്ന് വിളിക്കുന്നത്. കോഡിംഗ് ഭാഷകള്‍ക്ക് ബദലായി സംസാര ഭാഷയില്‍ കോഡുകള്‍ നിര്‍മിക്കാനും അവയുടെ തെറ്റുതിരുത്താനും സാധിക്കും. സി, സി++, പൈത്തന്‍ (Python) തുടങ്ങിയ കോഡിംഗ് ഭാഷയിലെ അറിവിനേക്കാള്‍ പ്രോംപ്ട് എഞ്ചിനീയറിംഗ്, മോഡല്‍ ഫൈന്‍ടൂണിംഗ്, ഇന്റര്‍പ്രെട്ടീവ് ഡീബഗ്ഗിംഗ്, ലോ ലെവല്‍ ഡിസൈന്‍ കമ്യൂണിക്കേഷന്‍ എന്നിവയിലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള കഴിവുമാണ് ഇത്തരം ജോലികള്‍ക്ക് പ്രധാനം. കോഡിംഗ് ജോലികള്‍ക്ക് പുറമെ മാര്‍ക്കറ്റിംഗ്, എഴുത്ത്, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ തൊഴില്‍ മേഖലകളിലും ഈ ട്രെന്‍ഡ് വൈകാതെ വ്യാപകമാകുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.
എ.ഐ കാലത്ത് പിടിച്ചുനില്‍ക്കാന്‍ മാനുഷികമായ കഴിവുകള്‍ വളര്‍ത്തുകയാണ് വേണ്ടതെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. ആളുകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള കഴിവാണ് പ്രധാനം. ഇതിനൊപ്പം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം എങ്ങനെ വിവരിക്കുമെന്ന് കൂടി മനസിലാക്കണം. ഇതിന് ഭാഷാപരമായ അറിവുകള്‍ നേടണം. എല്ലാ വിഷയങ്ങളിലും കുറച്ച് കാര്യങ്ങള്‍ അറിയുന്നതിലുപരി ഒരു വിഷയത്തില്‍ ആഴത്തില്‍ അറിവ് നേടിയിരിക്കണമെന്നും ചിലര്‍ പറയുന്നു. ഒപ്പം എ.ഐ ടൂളുകളെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും നിര്‍ബന്ധമാണ്. കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമുള്ള പല വിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന എ.ഐ ജനറലിസ്റ്റുകള്‍ എന്ന പദവും ഇപ്പോള്‍ ടെക് മേഖലയില്‍ ട്രെന്‍ഡിംഗാണ്.
Read DhanamOnline in English
Subscribe to Dhanam Magazine