Image : BSNL and Canva 
Tech

നോക്കിയയും എറിക്‌സണും അടക്കമുള്ള വമ്പന്മാരുമായി സഹകരണം, 5ജിയും എ.ഐയും വരുതിയിലാക്കാന്‍ ബി.എസ്.എന്‍.എല്‍

സ്വീഡിഷ് കമ്പനിയായ എറിക്‌സണ്‍, ഫിന്നിഷ് കമ്പനി നോക്കിയ, ക്വാല്‍കോം റിസര്‍ച്ച് ആന്‍ഡ് ടെക്‌നോളജീസ്, അമേരിക്കന്‍ കമ്പനിയായ സിസ്‌കോ തുടങ്ങിയവരുമായാണ് ധാരണയിലെത്തിയത്

Dhanam News Desk

ടെലികോം രംഗത്തെ ആഗോള കമ്പനികളുമായി കരാറൊപ്പിട്ട് പൊതുമേഖല സ്ഥാപനമായ ബി.എസ്.എന്‍.എല്‍. സ്വീഡിഷ് കമ്പനിയായ എറിക്‌സണ്‍, ഫിന്നിഷ് കമ്പനി നോക്കിയ, ക്വാല്‍കോം റിസര്‍ച്ച് ആന്‍ഡ് ടെക്‌നോളജീസ്, അമേരിക്കന്‍ കമ്പനിയായ സിസ്‌കോ തുടങ്ങിയവരുമായാണ് ധാരണ. ബി.എസ്.എന്‍.എല്ലിന് കീഴില്‍ ജബല്‍പ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് രത്‌ന ഭീം റാവു അംബേദ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെലികോം ട്രെയിനിംഗ് കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പുതുതലമുറ സാങ്കേതിക വിദ്യകളായ 5ജി, എ.ഐ, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐ.ഒ.ടി) എന്നിവയില്‍ പരിശീലനം നല്‍കാനാണ് പദ്ധതി.

കരാര്‍ അനുസരിച്ച് ജബല്‍പ്പൂരിലെ ക്യാമ്പസില്‍ പ്രതിവര്‍ഷം 2,000 വിദ്യാര്‍ത്ഥികള്‍ക്ക് 5ജി സാങ്കേതിക വിദ്യയില്‍ പരിശീലനവും ക്ലാസും സംഘടിപ്പിക്കും. ഇതിനായി എറിക്‌സണ്‍ 5ജി സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇവിടെയൊരുക്കും. ക്വാല്‍കോമിന്റെ നേതൃത്വത്തില്‍ 5ജി, എ.ഐ എന്നീ സാങ്കേതിക വിദ്യകളില്‍ വിദ്യാര്‍ത്ഥികള്‍ക്കും ബി.എസ്.എന്‍.എല്ലിലെ പരിശീലകര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കും. നെറ്റ്‌വര്‍ക്കിംഗ്, സൈബര്‍ സുരക്ഷ, ഐ.ടി അടിസ്ഥാന സൗകര്യം തുടങ്ങിയ വിഷയങ്ങളില്‍ പ്രാഗത്ഭ്യം നേടാനായി സിസ്‌കോ നെറ്റ്‌വര്‍ക്കിംഗ് അക്കാഡമിയും നിലവില്‍ വരും. ഇതിനുള്ള ഓണ്‍ലൈന്‍ പാഠ്യപദ്ധതിയും ടൂളുകളും സിസ്‌ക്കോ സൗജന്യമായി നല്‍കും. രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ ഈ പദ്ധതി നടപ്പിലാക്കുന്നതിന്റെ ചുമതല ബി.എസ്.എന്‍.എല്ലിനാണ്.

5ജി റേഡിയോ, കോര്‍ നെറ്റ്‌വര്‍ക്ക്, എ.ഐ/ എം.എല്‍ ആപ്ലിക്കേഷന്‍സ് എന്നിവയില്‍ പ്രതിവര്‍ഷം 300 പേര്‍ക്ക് നോക്കിയ സൊല്യൂഷന്‍സ് ആന്‍ഡ് നെറ്റ്‌വര്‍ക്ക്‌സ് ഇന്ത്യയും പരിശീലനം നല്‍കും. ഇതിനായി ജബല്‍പ്പൂരില്‍ 5ജി മികവിന്റെ കേന്ദ്രവും, എ.ഐ/ എം.എല്‍ ലാബും നോക്കിയ സ്ഥാപിക്കും. ടെലികോം രംഗത്തെ കണ്ടുപിടുത്തങ്ങളെയും സംരംഭങ്ങളെയും പിന്തുണക്കുന്നതിനാണ് ഇവരുമായി സഹകരിക്കുന്നതെന്നും കേന്ദ്ര ടെലികോം മന്ത്രാലയം അറിയിച്ചു.

BSNL has signed MoUs with Ericsson, Nokia, Qualcomm, and Cisco to launch advanced training programs in 5G, AI/ML, cybersecurity, and networking at its apex institute in Jabalpur, aiming to build a future-ready telecom workforce.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT