Image : BSNL website and Canva 
Tech

വരുമാനം കൂട്ടാന്‍ പുതുവഴിയുമായി ബി.എസ്.എന്‍.എല്‍; എന്റര്‍പ്രൈസ് ബിസിനസ് ശക്തമാക്കും

കഴിഞ്ഞപാദത്തില്‍ ബി.എസ്.എന്‍.എല്ലിന്റെ നഷ്ടം കൂടിയിരുന്നു

Dhanam News Desk

പ്രവര്‍ത്തന വരുമാനം കൂട്ടാനും ലാഭപാതയിലേറാനുമായി എന്റര്‍പ്രൈസ് ബിസിനസ് കൂടുതല്‍ ശക്തിപ്പെടുത്താന്‍ പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്‍ ഒരുങ്ങുന്നു. ജീവനക്കാരുടെ എണ്ണമുയര്‍ത്തിയാകും എന്റര്‍പ്രൈസ് മേഖലയെ കൂടുതല്‍ ഉഷാറാക്കുക.

നിലവില്‍ ബി.എസ്.എന്‍.എല്ലിന്റെ മൊത്തം വരുമാനത്തില്‍ 24 ശതമാനം സംഭാവന ചെയ്യുന്നത് എന്റര്‍പ്രൈസ് വിഭാഗമാണ്. ടെലികോം ഇതര സേവനങ്ങളായ എസ്.ഐ.പി ട്രങ്ക് സര്‍വീസ്, ടോള്‍ഫ്രീ നമ്പര്‍, വോയിസ് വി.പി.എന്‍., ബള്‍ക്ക് പുഷ് എസ്.എം.എസ് തുടങ്ങിയവയാണ് എന്റര്‍പ്രൈസ് സേവനങ്ങളിലുള്ളത്. 42 ശതമാനം വിഹിതവുമായി സെല്ലുലാര്‍ സേവനവിഭാഗമാണ് ബി.എസ്.എന്‍.എല്ലിന് ഏറ്റവുമധികം വരുമാനം സംഭാവന ചെയ്യുന്നത്.

ജീവനക്കാരെ കൂട്ടും

ഇന്ത്യയിലെമ്പാടുമായി ആകെ 54,000ഓളം ജീവനക്കാരാണ് ബി.എസ്.എന്‍.എല്ലിനുള്ളത്. ഇതില്‍ 1.8 ശതമാനം പേര്‍ മാത്രമേ എന്റര്‍പ്രൈസ് വിഭാഗത്തിലുള്ളൂ. അതായത് ഏതാണ്ട് 977 പേര്‍. ഇവരുടെ എണ്ണം 4 ശതമാനത്തിലേക്ക് ഉയര്‍ത്താനാണ് നിലവിലെ നീക്കമെന്നാണ് സൂചനകള്‍. മറ്റ് വിഭാഗങ്ങളില്‍ നിന്നാണ് ജീവനക്കാരെ എന്റര്‍പ്രൈസ് ബിസിനസ് വിഭാഗത്തിലേക്ക് മാറ്റുക.

കഴിഞ്ഞ ജനുവരി-മാര്‍ച്ചില്‍ എന്റര്‍പ്രൈസ് വിഭാഗം 1,906 കോടി രൂപയുടെ വരുമാനം നേടിയിരുന്നത് നടപ്പുവര്‍ഷം ജൂലൈ-സെപ്റ്റംബറില്‍ 952 കോടി രൂപയായി ഇടിഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ജീവനക്കാരുടെ എണ്ണമുയര്‍ത്തി ഈ വിഭാഗത്തിന് കൂടുതല്‍ പ്രാമുഖ്യം നല്‍കാനുള്ള നീക്കം.

നഷ്ടം കൂടി, കേരളത്തിലും ക്ഷീണം

നടപ്പുവര്‍ഷം ഏപ്രില്‍-ജൂണിലെ 1,470 കോടി രൂപയുടെ നഷ്ടം ജൂലൈ-സെപ്റ്റംബറില്‍ 1,482 കോടി രൂപയായി ഉയര്‍ന്നത് ബി.എസ്.എന്‍.എല്ലിന് ക്ഷീണമായിരുന്നു. തുടര്‍ച്ചയായി വരുമാന നേട്ടത്തിലായിരുന്ന കേരള സര്‍ക്കിളും കഴിഞ്ഞപാദത്തില്‍ നഷ്ടമാണ് രേഖപ്പെടുത്തിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT