തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ നിര്‍മിക്കുന്ന പുതിയ ഐടി കെട്ടിടത്തിന്റെ ഉടമ്പടി പത്രം കാസ്പിയന്‍ ടെക്പാര്‍ക്‌സ് മാനേജിംഗ് ഡയറക്ടര്‍ തോമസ് ചാക്കോക്ക് ടെക്‌നോപാര്‍ക്ക് സി.ഇ.ഒ കേണല്‍ സഞ്ജീവ് നായര്‍ കൈമാറുന്നു 
Tech

കാസ്പിയന്‍ ടെക്പാര്‍ക്‌സിന്റെ പുതിയ കെട്ടിടം തിരുവനന്തപുരം ടെക്‌നോ പാര്‍ക്കില്‍; സ്ഥലം കൈമാറ്റത്തിന് ഉടമ്പടിയായി; ഐടിയില്‍ പുതിയ സൗകര്യങ്ങളൊരുങ്ങും

നിര്‍മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും

Dhanam News Desk

കൊച്ചി ആസ്ഥാനമായ കാസ്പിയന്‍ ടെക്പാര്‍ക്‌സിന്റെ പുതിയ പ്രൊജക്ട് തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ വരുന്നു. അത്യാധുനിക സൗകര്യങ്ങളുള്ള ഐടി കെട്ടിടത്തിന്റെ നിര്‍മാണത്തിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. ടെക്‌നോപാര്‍ക്ക് ഫേസ് വണ്‍ കാമ്പസില്‍ കെട്ടിടം നിര്‍മിക്കുന്നതിനുള്ള സ്ഥലം കൈമാറി. ഉടമ്പടി പത്രം ടെക്‌നോപാര്‍ക്ക് സി.ഇഒ കേണല്‍ സഞ്ജീവ് നായരില്‍ നിന്ന് കാസ്പിയന്‍ ടെക്പാര്‍ക്‌സ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ തോമസ് ചാക്കോ ഏറ്റുവാങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ സെക്രട്ടറി (ഇലക്ടോണിക്‌സ് ആന്റ് ഐടി) ശ്രീറാം സാംബശിവ റാവു ചടങ്ങില്‍ പങ്കെടുത്തു.

കമ്പനികള്‍ക്ക് പുതിയ സാധ്യതകള്‍

ഐടി കമ്പനികള്‍ക്ക് ആധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്നതിനുള്ള സൗകര്യങ്ങളാണ് കെട്ടിടത്തില്‍ ഉണ്ടാകുക. ഐടി കമ്പനി ഓഫീസുകള്‍, കോ വര്‍ക്കിംഗ് സ്‌പേസുകള്‍ എന്നിവക്ക് സൗകര്യമൊരുക്കും. ഫേസ് വണ്‍ കാമ്പസില്‍ 81.45 സെന്റ് സ്ഥലമാണ് ഇതിനായി കാസ്പിയന്‍ ടെക്പാര്‍ക്‌സിന് ലീസില്‍ ലഭിക്കുന്നത്. ഐടി രംഗത്ത് പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിന് കമ്പനികള്‍ക്ക് സഹായകമാകുന്നതാകും ഈ കെട്ടിടമെന്ന് ടെക്‌നോപാര്‍ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ വ്യക്തമാക്കി. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ മികച്ച രീതിയില്‍ പദ്ധതികള്‍ നടപ്പാക്കിയ കമ്പനിയാണ് കാസ്പിയന്‍ എന്നും അദ്ദേഹം പറഞ്ഞു.

ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും

ഒരു വര്‍ഷത്തിനുള്ളില്‍ കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കരാര്‍. ഒരു മാസത്തിനകം കെട്ടിടത്തിന്റെ ഡിസൈനും അനുബന്ധ രേഖകളും കാസ്പിയന്‍ ടെക്‌പാര്‍ക്‌സ് സമര്‍പ്പിക്കും. ഉടമ്പടി കൈമാറ്റ ചടങ്ങില്‍ ടെക്‌പാര്‍ക്‌സ് സിടിഒ മാധവന്‍ പ്രവീണ്‍, സിഎഫ്ഒ വിപിന്‍ കുമാര്‍ എസ്, ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് (മാര്‍ക്കറ്റിംഗ് ആന്റ് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് വനന്ത് വരദ, സീനിയര്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ്) ജോര്‍ജ് ജേക്കബ്, ഡയറക്ടര്‍ ഉണ്ണിയമ്മ തോമസ്, ജനറല്‍ മാനേജര്‍ (അഡ്മിന്‍ ആന്റ് പി.ആര്‍) രാഖി.കെ.തോമസ് എന്നിവരും പങ്കെടുത്തു..

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT