Tech

ചാറ്റ് ജിപിടി തൊഴിലവസരങ്ങള്‍ കവര്‍ന്നു തുടങ്ങി, കമ്പനികള്‍ക്ക് വന്‍ ലാഭം

നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്തിയ കമ്പനികള്‍ക്ക് ഒരു ലക്ഷം ഡോളര്‍ വരെ ചെലവ് കുറക്കാന്‍ സാധിച്ചു

Dhanam News Desk

പൊതുവെ ഭയപ്പെട്ടത് പോലെ ചാറ്റ് ജിപിടി തൊഴില്‍ അവസരങ്ങള്‍ ഇല്ലാതെയാക്കുമോ? വ്യവസായ നേതൃത്വത്തില്‍ ഉള്ള 1000 പേര്‍ക്ക് ഇടയില്‍ നടത്തിയ സര്‍വേയില്‍ നിന്നാണ് കമ്പനികള്‍ എങ്ങനെ ചാറ്റ് ജിപിടി ഉപയോഗിക്കുമെന്ന് സൂചനകള്‍ ലഭിച്ചിരിക്കുന്നത്.

ചെലവ് ചുരുക്കൽ 

നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്തിയ കമ്പനികളില്‍ 48 ശതമാനം 50,000 ഡോളറിന് മുകളില്‍ ചെലവ് ചുരുക്കാന്‍ സാധിച്ചതായി അറിയിച്ചു. 11 ശതമാനം ഒരു ലക്ഷം ഡോളറില്‍ അധികം ലാഭം നേടി. ഫോര്‍ച്യൂണ്‍ ബിസിനസ് മാസികയില്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ നല്‍കിയിരിക്കുന്നത്.

 ഉപഭോക്തൃ സേവനങ്ങള്‍

ചാറ്റ് ബോട്ടുകള്‍ (chatbot) പല കമ്പനികളിലും ഉപഭോക്തൃ സേവനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നുണ്ട്. ചില കമ്പനികള്‍ ഉള്ളടക്കം ഉണ്ടാകാനും (ലേഖനങ്ങള്‍, ബ്ലോഗുകള്‍), കോപ്പി റൈറ്റിങ് നടത്താനും, ലേഖന സംഗ്രഹങ്ങള്‍ക്കും, പ്രോഗ്രാം കോഡുകള്‍ എഴുതാനും നിര്‍മിത ബുദ്ധി അധിഷ്ഠിതമായ സോഫ്റ്റ്വെയര്‍ ഉപയോഗപ്പെടുത്തുന്നു.

തൊഴില്‍ അന്വേഷകരും 

ജോലിയുടെ വിവരങ്ങള്‍ എഴുതാന്‍ 77 ശതമാനം കമ്പനികള്‍ നിര്‍മിത ബുദ്ധി ഉപയോഗിക്കുന്നു. തൊഴില്‍ അന്വേഷകരില്‍ 50 ശതമാനം പേരും ബയോഡാറ്റ ഉണ്ടാക്കാന്‍ ചാറ്റ് ജിപിടിയെ ആശ്രയിക്കുന്നു മറ്റുള്ളവര്‍ കവര്‍ ലെറ്റര്‍ എഴുതാനും ചാറ്റ് ജിപിടിയുടെ സഹായം തേടുന്നു. തൊഴില്‍ അന്വേഷകരില്‍ ചാറ്റ് ജിപിടി ഉപയോഗിച്ചവരില്‍ 76 ശതമാനം അതിന്റെ പ്രവര്‍ത്തനത്തില്‍ സംതൃപ്തി രേഖപ്പെടുത്തി.

മെയ്ക്ക് മൈ ട്രിപ്പ്

മെയ്ക്ക് മൈ ട്രിപ്പ് (Make My Trip) എന്ന യാത്ര പോര്‍ട്ടല്‍ നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്തി യാത്രക്കാര്‍ക്ക് അവധിക്കാലം ആസൂത്രണം ചെയ്യാനും, ഉപഭോക്തൃ സേവനങ്ങള്‍ നല്‍കാനും ഉള്ള സംവിധാനം പരീക്ഷിക്കുകയാണ്. വിജയിച്ചാല്‍ അത് കൂടുതലായി ഉപയോഗപ്പെടുത്തി ലാഭവും മാര്‍ജിനും വര്‍ധിപ്പിക്കാന്‍ കമ്പനി ശ്രമിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT