ഇന്ത്യയില്‍ വൈദ്യുതി വാഹന നിര്‍മാണത്തെ പ്രതിസന്ധിയിലാക്കുന്ന അപൂര്‍വ്വ ധാതുക്കളുടെ ക്ഷാമം പരിഹരിക്കാന്‍ ഇന്ത്യ പുതിയ മാര്‍ഗങ്ങള്‍ തേടുന്നു. വൈദ്യുതി വാഹനങ്ങളുടെ പ്രധാന ഘടകമായ കാന്തം നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്ന അപൂര്‍വ്വ ധാതുക്കളുടെ കയറ്റുമതിക്ക് ചൈന ഏര്‍പ്പെടുത്തിയ വിലക്ക് മറികടക്കാനാണ് പുതിയ നീക്കം. ധാതു ശേഖരം ഏറെയുള്ള എട്ട് രാജ്യങ്ങളുമായി കേന്ദ്ര ഖനി മന്ത്രാലയം കരാറില്‍ എത്തിയതായി കേന്ദ്ര വാണിജ്യ സഹമന്ത്രി ജിതിന്‍ പ്രസാദ ലോക്‌സഭയെ അറിയിച്ചു.
അപൂര്‍വ്വ ധാതുക്കളുടെ കയറ്റുമതി ചൈന നിര്‍ത്തിയതോടെ ഇന്ത്യയില്‍ വിതരണ ശൃംഖല പ്രതിസന്ധിയിലാണെന്ന് കേന്ദ്ര വാണിജ്യ സഹ മന്ത്രി അറിയിച്ചു. വൈദ്യുതി വാഹന നിര്‍മാണ മേഖലയെയാണ് കൂടുതലായി ബാധിച്ചിരിക്കുന്നത്. ധാതു സമ്പത്ത് കൂടുതലുള്ള രാജ്യങ്ങളുമായി പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
അര്‍ജന്റീന, ഓസ്‌ട്രേലിയ, മലാവി, മൊസാംബിക്, പെറു, സാംബിയ,സിംബാബ്‌വെ, പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഐവറി കോസ്റ്റ് എന്നിവയുമായി കേന്ദ്ര സര്‍ക്കാര്‍ കരാറില്‍ എത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയുമായി ചര്‍ച്ച നടത്തിയതായും മന്ത്രി പറഞ്ഞു കേന്ദ്ര സര്‍ക്കാരിന്റെ സംയുക്ത സംരംഭമായ ഖനിജ് ബിദേഷ് ഇന്ത്യ (KABIL) വിവിധ രാജ്യങ്ങളുമായി അപൂര്‍വ്വ ധാതുക്കളുടെ ഇറക്കുമതി സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി വരുന്നതായും മന്ത്രി അറിയിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine