ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വര്‍ഷങ്ങളായി ആധിപത്യം പുലര്‍ത്തുന്ന ചൈനീസ് കമ്പനികള്‍ക്ക് വന്‍ തിരിച്ചടി. വിവോ (Vivo), ഓപ്പോ (Oppo), ഷവോമി (Xiaomi) തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ വിപണി വിഹിതം കുത്തനെ ഇടിഞ്ഞു. സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണത്തിനാവശ്യമായ മെമ്മറി ചിപ്പുകളുടെ വില വര്‍ധിച്ചതും കുറഞ്ഞ വിലയുള്ള ഫോണുകളുടെ വില്പന കുറഞ്ഞതുമാണ് പ്രധാന കാരണങ്ങള്‍. ഇതിനിടെ ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസംഗ് (Samsung) ഇന്ത്യന്‍ വിപണിയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.
വിപണി ഗവേഷണ സ്ഥാപനമായ ഓംഡിയയുടെ (Omdia) കണക്കനുസരിച്ച് 2025 ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 75 ശതമാനമായിരുന്നു ചൈനീസ് കമ്പനികളുടെ സംയുക്ത വിപണി വിഹിതം. 2026ലെ സമാനപാദത്തില്‍ ഇത് 68 ശതമാനമായി കുറഞ്ഞു. ഒരു വര്‍ഷത്തിനിടെ ഏഴ് ശതമാനം പോയിന്റിന്റെ ഇടിവാണുണ്ടായത്.
2026 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി കഴിഞ്ഞ പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും മോശം മൂന്നാം പാദ പ്രകടനമാണ് കാഴ്ചവച്ചത്. കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ കണക്കനുസരിച്ച് സ്മാര്‍ട്ട്ഫോണ്‍ ഷിപ്പ്മെന്റ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം കുറഞ്ഞു. എന്നാല്‍ ഓംഡിയയുടെ കണക്കില്‍ ഇടിവ് 26 ശതമാനമാണ്.
ഈ കാലയളവില്‍ 3.58 കോടി ഫോണുകളാണ് വിപണിയിലേക്ക് എത്തിയത്. പ്രാഥമിക കണക്കുകള്‍ പ്രകാരം വില്പനയ്ക്കായി എത്തിച്ച ഫോണുകളുടെ എണ്ണത്തില്‍ 23-25 ശതമാനത്തിന്റെ കുറവുണ്ടായി. ഫോണുകളുടെ വില ഉയര്‍ന്നതോടെ ഉപയോക്താക്കള്‍ പുതിയ മോഡലുകളിലേക്ക് മാറുന്നത് നീട്ടിവയ്ക്കുകയാണ്. ഉത്സവകാല വില്പന മുന്നില്‍ക്കണ്ട് സാധാരണയായി കമ്പനികള്‍ സ്റ്റോക്ക് വര്ധിപ്പിക്കാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ല.
ചൈനീസ് കമ്പനികളെ പ്രതിസന്ധിയിലാക്കിയ പ്രധാന ഘടകം മെമ്മറി ചിപ്പുകളുടെ വിലക്കയറ്റമാണ്. സ്മാര്‍ട്ട്ഫോണുകളില്‍ ഉപയോഗിക്കുന്ന ഡി.റാം (DRAM), നാന്‍ഡ് (NAND) മെമ്മറികളുടെ വില വലിയ തോതില്‍ ഉയര്‍ന്നു. ട്രെന്‍ഡ്ഫോഴ്സിന്റെ കണക്കുകള്‍ പ്രകാരം നേരത്തെ ഒരു സ്മാര്‍ട്ട്ഫോണിന്റെ മൊത്തം നിര്‍മാണച്ചെലവില്‍ 10-15 ശതമാനം മാത്രമായിരുന്ന മെമ്മറിയുടെ പങ്ക് ചില സാധാരണ മോഡലുകളില്‍ 30-40 ശതമാനമായി ഉയര്‍ന്നു.
ഇന്ത്യയില്‍ ചൈനീസ് ബ്രാന്‍ഡുകളുടെ കരുത്ത് കുറഞ്ഞ വിലയിലുള്ള സ്മാര്‍ട്ട് ഫോണിന്റെ വില്പനയായിരുന്നു. എന്നാല്‍ മെമ്മറി വില വര്‍ധിച്ചതോടെ ഇത്തരം ഫോണുകള്‍ കുറഞ്ഞ വിലയില്‍ വില്‍ക്കുന്നത് കമ്പനികള്‍ക്ക് പ്രയാസമായി. നിര്‍മാണച്ചെലവ് ഉപയോക്താക്കളിലേക്ക് കൈമാറിയപ്പോള്‍ വില ഉയരുകയും ആവശ്യക്കാര്‍ കുറയുകയും ചെയ്തു.
ചൈനീസ് ബ്രാന്‍ഡുകള്‍ക്ക് വിപണി വിഹിതം നഷ്ടപ്പെടുന്നതിനിടെ ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ കമ്പനികള്‍ നേട്ടമുണ്ടാക്കുന്നുണ്ട്. കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ കണക്കനുസരിച്ച് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ സംയുക്ത വിപണി വിഹിതം മുന്‍വര്‍ഷത്തെ രണ്ട് ശതമാനത്തില്‍നിന്ന് ഏഴ് ശതമാനമായി ഉയര്‍ന്നു.
കുറഞ്ഞ വിലയുള്ള ഫോണുകളുടെ വില്പനയില് തിരിച്ചടി നേരിടുന്നതോടെ ചൈനീസ് കമ്പനികള്‍ ബിസിനസ് തന്ത്രങ്ങളിലും മാറ്റം വരുത്തുകയാണ്.
ചില കമ്പനികള്‍ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണുകള്‍ക്കുപകരം 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലുകള്‍ അവതരിപ്പിക്കുന്നു. ഡിസ്പ്ലേ ഉള്‍പ്പെടെയുള്ള ഘടകങ്ങളുടെ സവിശേഷതകളിലും മാറ്റം വരുത്തി നിര്‍മാണച്ചെലവ് നിയന്ത്രിക്കാനുള്ള ശ്രമങ്ങളുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine