Tech

വണ്‍പ്ലസ്, റിയല്‍മി സ്മാര്‍ട്ട്‌ഫോണുകള്‍ ഷോപ്പുകളില്‍ കിട്ടാക്കനിയാകും; ചൈനീസ് കമ്പനികള്‍ തന്ത്രം മാറ്റുന്നു

ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിച്ച സമയത്ത് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ ഓണ്‍ലൈനായിട്ടായിരുന്നു വില്പന.

Dhanam News Desk

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വിറ്റഴിക്കപ്പെടുന്ന ചൈനീസ് സ്മാര്‍ട്ട് ഫോണുകള്‍ ഇനി ഷോപ്പുകളില്‍ നിന്ന് ചിലപ്പോള്‍ വാങ്ങാന്‍ സാധിച്ചെന്ന് വന്നേക്കില്ല. നിര്‍മാണ, വിതരണ ചെലവുകള്‍ കുത്തനെ ഉയര്‍ന്നുവെന്ന കാരണത്താല്‍ ഓഫ്‌ലൈന്‍ വില്പന കുറയ്ക്കാനാണ് വണ്‍പ്ലസ്, റിയല്‍മീ തുടങ്ങിയ ചൈനീസ് കമ്പനികളുടെ തീരുമാനം. ഇതുസംബന്ധിച്ച് റീട്ടെയ്ല്‍ വ്യാപാരികള്‍ക്ക് കമ്പനികളുടെ ഭാഗത്തു നിന്നും അറിയിപ്പ് പോയതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിച്ച സമയത്ത് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ ഓണ്‍ലൈനായിട്ടായിരുന്നു വില്പന. ഈ രീതിയിലേക്ക് തന്നെ മടങ്ങാനാണ് വണ്‍പ്ലസും റിയല്‍മീയും തീരുമാനിച്ചിരിക്കുന്നത്. ഇതുവഴി ചെലവ് പരമാവധി കുറയ്ക്കാമെന്ന് കമ്പനികള്‍ കണക്കുകൂട്ടുന്നു.

നിര്‍മാണചെലവ് കുത്തനെ കൂടി

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ചിപ്പുകളുടെയും മറ്റ് അസംസ്‌കൃത വസ്തുക്കളുടെയും വില അടുത്ത കാലത്തായി കുത്തനെ ഉയര്‍ന്നിരുന്നു. ഇത് ഫോണ്‍ നിര്‍മാണം ചെലവേറിയതാക്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡേറ്റ സെന്ററുകള്‍ക്കായി അസംസ്‌കൃത വസ്തുക്കള്‍ വ്യാപകമായി വഴിമാറി പോകുന്നതാണ് ഇത്തരം വസ്തുക്കളുടെ വില ഒരു വര്‍ഷത്തിനിടെ മൂന്നിരട്ടിയോളം കൂടാന്‍ കാരണമായത്.

ആപ്പിള്‍, സാംസംഗ് പോലുള്ള വന്‍കിട കമ്പനികളെ അപേക്ഷിച്ച് ഇടത്തരം സെഗ്മെന്റിലുള്ള കമ്പനികളെയാണ് വിലവര്‍ധന കൂടുതല്‍ ബാധിച്ചത്. ഇതോടെയാണ് ഓണ്‍ലൈനിലേക്ക് മാറി ചെലവ് കുറയ്ക്കാന്‍ ഇടത്തരം കമ്പനികള്‍ തീരുമാനിച്ചത്.

റിലയന്‍സ് റീട്ടെയ്‌ലിന്റെ ജിയോമാര്‍ട്ടുമായി ചേര്‍ന്ന് കൂടുതല്‍ ഓഫ്‌ലൈന്‍ വില്പനയയ്ക്ക് വണ്‍പ്ലസ് 2024ല്‍ തുടക്കം കുറിച്ചിരുന്നു. ഓഫ്‌ലൈന്‍ സാന്നിധ്യം കൂട്ടാനുള്ള നീക്കത്തില്‍ നിന്നുള്ള പിന്മാറ്റമായി ഇപ്പോഴത്തെ തീരുമാനത്തെ വിലയിരുത്താം.

നീക്കത്തിനെതിരേ വ്യാപാരികള്‍

അതേസമയം, ചൈനീസ് കമ്പനികളുടെ നീക്കത്തിനെതിരേ റീട്ടെയ്ല്‍ വ്യാപാരികള്‍ രംഗത്തു വന്നിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള സൗത്തിന്ത്യ ഓര്‍ഗനൈസ്ഡ് റീട്ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ വണ്‍പ്ലസിന് ഈ വിഷയത്തില്‍ കത്തയച്ചു. ഓണ്‍ലൈന്‍ വഴി മാത്രം വില്പന നടത്താനുള്ള നീക്കം ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് അസോസിയേഷന്റെ വിലയിരുത്തല്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT