Image courtesy: Canva
Tech

എ.ഐ തൊഴിൽ വിപണിയെ തകർക്കുമോ? മുന്നറിയിപ്പുമായി പോപ്പ് ലിയോയും ആന്ത്രോപിക് സഹസ്ഥാപകനും

എഐയെക്കുറിച്ചുള്ള ആദ്യ വിജ്ഞാപനമായ 'മാഗ്നിഫിക്ക ഹ്യുമാനിറ്റാസ്' പുറത്തിറക്കി പോപ്പ് ലിയോ പതിനാലാമൻ

Dhanam News Desk

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) വരും വര്‍ഷങ്ങളില്‍ വലിയ തോതിലുള്ള തൊഴില്‍ സ്ഥാനചലനങ്ങള്‍ക്ക് കാരണമാകുമെന്ന മുന്നറിയിപ്പുമായി പ്രമുഖ എഐ ഗവേഷണ സ്ഥാപനമായ ആന്ത്രോപിക് (Anthropic) സഹസ്ഥാപകന്‍ ക്രിസ്റ്റഫര്‍ ഒലാ . വത്തിക്കാനില്‍ എഐയെക്കുറിച്ചുള്ള തന്റെ ആദ്യ വിജ്ഞാപനമായ 'മാഗ്നിഫിക്ക ഹ്യുമാനിറ്റാസ്' (Magnifica Humanitas) പോപ്പ് ലിയോ പതിനാലാമൻ പുറത്തിറക്കിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ അധ്വാനത്തിന് പകരമായി എഐ സിസ്റ്റങ്ങള്‍ വന്‍തോതില്‍ കടന്നുവരാനുള്ള സാധ്യത വര്‍ധിക്കുകയാണെന്നും, അങ്ങനെ സംഭവിക്കുകയാണെങ്കില്‍ തൊഴില്‍ നഷ്ടപ്പെടുന്നവരെ പിന്തുണയ്ക്കുക എന്നത് ചരിത്രപരമായ പ്രാധാന്യമുള്ള ഒരു ധാര്‍മ്മിക ഉത്തരവാദിത്തമായിരിക്കുമെന്നും ഒലാ വ്യക്തമാക്കി.

അസ്വസ്ഥതയുണ്ടാക്കുന്ന കാര്യങ്ങള്‍

ആന്ത്രോപിക് ഉൾപ്പെടെയുള്ള മുന്‍നിര എഐ ലാബുകൾ വാണിജ്യപരവും ഭൗമരാഷ്ട്രീയവുമായ സമ്മർദ്ദങ്ങൾക്കിടയിലാണ് പ്രവർത്തിക്കുന്നത്. ഇത് പലപ്പോഴും പൊതുസുരക്ഷ മുൻനിർത്തിയുള്ള ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിന് വിരുദ്ധമായി വരാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എഐ എന്നത് സയന്‍സ് ഫിക്ഷനുകളില്‍ ചിത്രീകരിക്കുന്നത് പോലെയുള്ള വെറും നിര്‍ജീവമായ യന്ത്രങ്ങളല്ല.

ഇവ മനുഷ്യഭാഷയില്‍ നിന്നും പെരുമാറ്റത്തില്‍ നിന്നും രൂപപ്പെടുത്തിയവയാണ്, അതായത് "ഇവ നമ്മളില്‍ നിന്ന് തന്നെ ഉണ്ടായവയാണ്". എഐ മോഡലുകളുടെ പ്രവര്‍ത്തനരീതിയില്‍ ഡെവലപ്പര്‍മാര്‍ക്ക് പോലും കൃത്യമായി വിശദീകരിക്കാന്‍ കഴിയാത്ത നിഗൂഢവും അസ്വസ്ഥതയുണ്ടാക്കുന്നതുമായ കാര്യങ്ങള്‍ ഗവേഷകര്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്നും ഒലാ പറഞ്ഞു.

വൈറ്റ് കോളര്‍ ജോലികള്‍ എഐ കവരുന്നത് സംബന്ധിച്ച ആഗോള ആശങ്കകള്‍ക്കിടയിലാണ് ഈ പ്രസ്താവനകള്‍. അടുത്ത ഒന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 50 ശതമാനം വൈറ്റ് കോളര്‍ ജോലികളും വെട്ടിക്കുറയ്ക്കപ്പെട്ടേക്കാമെന്ന് ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡേയ് നേരത്തെ പ്രവചിച്ചിരുന്നു. സാങ്കേതികമായി പുരോഗതി കൈവരിക്കുമ്പോഴും വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നത് സാമൂഹിക സമാധാനത്തെ തകര്‍ക്കുമെന്ന് പോപ്പ് ലിയോയും തന്റെ പ്രസംഗത്തിൽ മുന്നറിയിപ്പ് നല്‍കി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT