രാജ്യത്ത് സൈബര്‍ സുരക്ഷാ മേഖലയില്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട 25,000-30,000 വരെ ഒഴിവുകള്‍ നികത്തപ്പെടുന്നില്ല. ഈ മേഖലയിലെ നൈപുണ്യ വിടവ് (talent gap) 35-50 ശതമാനം വരെയാണെന്നും എച്ച്.ആര്‍ സേവന കമ്പനിയായ ടീംലീസ് ഡിജിറ്റലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു സ്ഥാപനത്തിന് ആവശ്യമായ കഴിവുകളും ഉദ്യോഗാര്‍ത്ഥികളുടെ കഴിവുകളും തമ്മിലുള്ള പൊരുത്തക്കേടാണ് നൈപുണ്യ വിടവ്.
സൈബര്‍ മേഖലയിലെ തട്ടിപ്പുകള്‍ വര്‍ധിച്ചതോടെ ഇത് തടയാനായി കമ്പനികള്‍ക്ക് യോഗ്യരായ ആളുകളെ ആവശ്യമാണ്. എല്ലാ രംഗത്തും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗം വര്‍ധിച്ചതോടെ ഇത്തരക്കാരുടെ സേവനം അത്യാവശ്യമായി. ഐ.ടി മുതല്‍ ക്വിക്ക് കൊമേഴ്‌സ് വരെയുള്ള രംഗങ്ങളില്‍ കമ്പനികള്‍ ഇന്ന് ഏജന്റിക് എ.ഐയുടെ സേവനം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വലിയ അളവില്‍ ഡാറ്റ ഉപയോഗിച്ചാണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം നടക്കുന്നത്. ഗ്ലോബല്‍ കാപ്പബിലിറ്റി സെന്ററുകള്‍ (ജി.സി.സി) രാജ്യത്ത് വ്യാപകമായതും ഇത്തരക്കാരുടെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചു.
എന്നാല്‍ ഈ ജോലികള്‍ ചെയ്യുന്നതിന് യോഗ്യരായ ആളുകളെ ലഭിക്കുന്നില്ലെന്നാണ് കമ്പനികളുടെ പരാതി. മിഡ്-സീനിയര്‍ ലെവലിലുള്ള റോളുകളിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ ക്ഷാമം കൂടുതലായി അനുഭവപ്പെടുന്നതെന്നും റിപ്പോര്‍ട്ട് തുടരുന്നു. സെക്യുരിറ്റി ആര്‍ക്കിടെക്റ്റ്‌സ്, ക്ലൗഡ് സെക്യുരിറ്റി എഞ്ചിനീയര്‍, ഇന്‍സിഡന്റ്‌സ് റെസ്‌പോണ്‍സ് എക്‌സ്‌പേര്‍ട്, എ.ഐയുമായി ബന്ധപ്പെട്ട സുരക്ഷ എന്നീ മേഖലകളിലും ക്ഷാമം രൂക്ഷമാണ്. എന്‍ട്രി ലെവല്‍ റോളുകളിലേക്ക് എളുപ്പത്തില്‍ ആളുകളെ ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
സൈബര്‍ സുരക്ഷയില്‍ മതിയായ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന ശമ്പളം ലഭിക്കുന്നതും ഈ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. തുടക്കക്കാരനായ സെക്യുരിറ്റി ഓപ്പറേഷന്‍ സെന്റര്‍ (എസ്.ഒ.സി) അനലിസ്റ്റിന് പ്രതിവര്‍ഷം 4-8 ലക്ഷം രൂപ വരെ ശമ്പളം ലഭിക്കും. മിഡ്-സീനിയര്‍ ലെവലിലുള്ളവര്‍ക്ക് പ്രതിവര്‍ഷം 12-35 ലക്ഷം രൂപ വരെ ശമ്പളം വാഗ്ദാനം ചെയ്യുന്നുണ്ട്. മറ്റ് എഞ്ചിനീയറിംഗ് ജോലികളേക്കാള്‍ 30-60 ശതമാനം വരെ ഉയര്‍ന്ന ശമ്പളം ഈ മേഖലയില്‍ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine