സുരക്ഷിതവും ഉത്തരവാദിത്വമുള്ളതുമായ ഡിജിറ്റല്‍ സമൂഹം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സൈബര്‍ ഷീല്‍ഡ് ഫൗണ്ടേഷന് തുടക്കമായി. കൊച്ചി ഐഎംഎ ഹൗസില്‍ നടന്ന പരിപാടിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു.
മുന്‍ സംസ്ഥാന പോലീസ് മേധാവിയും കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടറുമായ ലോക്‌നാഥ് ബെഹ്‌റ, സൈബര്‍ ഫോറന്‍സിക് വിദഗ്ധന്‍ പി. വിനോദ് ഭട്ടതിരിപ്പാട് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഡിജിറ്റല്‍ കുറ്റകൃത്യങ്ങള്‍ ഇന്ന് വളരെയേറെ വര്‍ധിച്ചെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഡിജിറ്റല്‍ ക്രൈമില്‍ നിന്ന് സുരക്ഷിതമായി നില്ക്കാന്‍ ആര്‍ക്കും സാധിക്കില്ല. നമ്മുടെ ഓരോ ചലനം പോലും നിരീക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. അത്രത്തോളം ലോകം മാറിയിരിക്കുന്നു. നമ്മുടെ ഒരു പിഴവ് പോലുമില്ലാതെ സാമ്പത്തിക കുറ്റകൃത്യത്തിന് നമ്മളെ വിധേയമാക്കാവുന്ന ഭയാനകമായ അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഇരയായവര്‍ക്ക് പിന്തുണ നല്കുക, സൈബര്‍ സുരക്ഷയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുക, ഡിജിറ്റല്‍ ലോകത്ത് സുരക്ഷിതമായി ഇടപെടാനുള്ള പ്രായോഗിക അറിവ് പകരുക എന്നിവയാണ് ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് സൈബര്‍ ഷീല്‍ഡ് ഫൗണ്ടേഷന്‍ സ്ഥാപക ചെയര്‍മാന്‍ പ്രിയദ മോഹന്‍ പറഞ്ഞു.
സാമ്പത്തിക തട്ടിപ്പുകള്‍, വ്യാജ നിക്ഷേപ വാഗ്ദാനങ്ങള്‍, ഓണ്‍ലൈന്‍ ജോലി തട്ടിപ്പുകള്‍, ഫിഷിംഗ് ലിങ്കുകള്‍, ഒടിപി തട്ടിപ്പുകള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്കിംഗ് തുടങ്ങിയ വിവിധ രൂപങ്ങളിലാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ വ്യാപകമാകുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകള്‍ ദുരുപയോഗം ചെയ്ത് വ്യാജ ശബ്ദവും ദൃശ്യങ്ങളും സൃഷ്ടിച്ച് ആളുകളെ കബളിപ്പിക്കുന്ന സംഭവങ്ങളും ഡിജിറ്റല്‍ ലോകത്ത് പുതിയ വെല്ലുവിളിയായി മാറുകയാണ്. ഇത്തരം സൈബര്‍ തട്ടിപ്പുകള്‍ക്കെതിരേ സമൂഹത്തെ ബോധവല്‍ക്കരിക്കുകയാണ് സൈബര്‍ ഷീല്‍ഡ് ഫൗണ്ടേഷന്റെ ലക്ഷ്യം.
സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ വലിയ അനുഭവജ്ഞാനമുള്ള പ്രിയദ മോഹനൊപ്പം ഒരുകൂട്ടം പ്രഗത്ഭരുടെ നേതൃത്വത്തിലാണ് സൈബര്‍ ഷീല്‍ഡ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനം. വിനോദ് ഗോവിന്ദ്, ഫസീല അസീസ്, പ്രിയ ശിവദാസ്, അഡ്വ. രാകേഷ് ശര്‍മ, ഹരീഷ് പിഎന്‍, നോബി കെ സുദര്‍ശന്‍, ഡോ. മഞ്ജു മാലതി, ജയകുമാര്‍ എന്നിവരടങ്ങുന്നതാണ് ടീം.
Read DhanamOnline in English
Subscribe to Dhanam Magazine