Representational Image From Canva 
Tech

130 കോടിയുടെ ഡൊമൈന്‍ വില്‍പ്പനയില്‍ ഞെട്ടി ടെക് ലോകം; ഓപ്പണ്‍ എഐയുടെ നീക്കമെന്ത്?

സാമ്പത്തിക ഇടപാടുകള്‍ വെളിപ്പെടുത്താതെ ധര്‍മേഷ് ഷാ; പ്രതിഫലം കമ്പനി ഓഹരികള്‍

Dhanam News Desk

130 കോടി രൂപ മൂല്യം വരുന്ന ചാറ്റ് ഡോട്ട് കോം എന്ന വെബ് ഡൊമൈന്റെ വില്‍പ്പനയാണ് ഇപ്പോള്‍ ടെക് ലോകത്തെ പുതിയ ചര്‍ച്ച. ഇന്ത്യന്‍ ടെക് സംരംഭകനും ഹബ് സ്‌പോട്ട് സഹസ്ഥാപകനുമായ ധര്‍മേഷ് ഷായുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഈ ഡൊമൈന്‍ വാങ്ങിയത് നിര്‍മിത ബുദ്ധിയിലെ മുടിചൂടാമന്നനായ ഓപ്പണ്‍ എഐ ആണെന്ന വെളിപ്പെടുത്തലാണ് പുറത്തു വന്നിരിക്കുന്നത്. ഉയര്‍ന്ന മൂല്യമുള്ള വില്‍പ്പയിലെ സാമ്പത്തിക ഇടപാടുകളെ കുറച്ചുള്ള വിവരങ്ങള്‍ വെളിച്ചത്തു വന്നിട്ടില്ല. വില്‍പ്പനയെ കുറിച്ച് സ്ഥിരീകരിച്ച ധര്‍മേഷ് ഷാ പക്ഷെ, സാമ്പത്തിക ഇടപാടുകളൊന്നും നടന്നിട്ടില്ലെന്നാണ് പറയുന്നത്. പണത്തിന് പകരം ഓപ്പണ്‍ എഐയിലെ ഓഹരികളാണ് ധര്‍മേഷിന് പ്രതിഫലമായി ലഭിച്ചിരിക്കുന്നത്.

വെളിപ്പെടുത്തിയത് സാം ആള്‍ട്മാന്‍

ഓപ്പണ്‍ എഐ സി.ഇ.ഒ സാം ആള്‍ട്മാന്‍ കഴിഞ്ഞ ദിവസം എക്‌സില്‍ കുറിച്ചത് ചാറ്റ് ഡോട്ട് കോം എന്ന് മാത്രമായിരുന്നു. ഇതോടെ വലിയതെന്തോ സംഭവിക്കുന്നുണ്ടെന്ന് ടെക് ലോകത്ത് സംശയങ്ങള്‍ തുടങ്ങി. പിന്നാലെ ധര്‍മേഷ് ഷാ വെളിപ്പെടുത്തലുമായി രംഗത്തെത്തി. ഈ ഡൊമൈന് വേണ്ടി എഐ സ്റ്റാര്‍ട്ടപ്പ് തനിക്ക് പണത്തിന് പകരം ഷെയറുകളാണ് നല്‍കിയതെന്നായിരുന്നു വെളിപ്പെടുത്തല്‍.  ഇടപാടിന്റെ മൂല്യം എത്രയാണെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ അതൊരു എട്ടക്ക തുകയാണ്. ഞാന്‍ കൈകാര്യം ചെയ്തതില്‍ വെച്ച് ഏറ്റവും മൂല്യമുള്ള വില്‍പ്പനയാണിത്.'

2023 ലാണ് ചാറ്റ് ഡോട്ട് കോം എന്ന ഡൊമൈന്‍ 130 കോടി രൂപക്ക് ( 15 മില്യണ്‍ ഡോളര്‍) ധര്‍മേഷ് ഷാ വാങ്ങിയത്. മാസങ്ങള്‍ക്ക് ശേഷം അതിനേക്കാള്‍ ഉയര്‍ന്ന വിലക്ക് അത് വില്‍പ്പന നടത്തിയതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ആരാണ് വാങ്ങിയതെന്ന വിവരം പുറത്തു വന്നിരുന്നില്ല. സാം ആള്‍ട്മാന്‍ വെളിപ്പെടുത്തിയതോടെയാണ് കൂടുതല്‍ വ്യക്തത വന്നത്.

രണ്ട് ചങ്ങാതിമാര്‍; ലക്ഷ്യം റീബ്രാന്റിംഗ്

ചാറ്റ് ഡോട്ട് കോമിന് സാം ആള്‍ട്മാന്റെ കയ്യില്‍ നിന്ന് പണം വാങ്ങാതിരിക്കുന്നതിന് ധര്‍മേഷ് ഷാ പറയുന്ന കാരണമുണ്ട്.''ചങ്ങാതിമാര്‍ തമ്മിലുള്ള ഇടപാടുകളില്‍ സാമ്പത്തിക ലാഭം നോക്കുന്നത് ശരിയല്ല. മാത്രമല്ല, ഓപ്പണ്‍ എഐയുടെ ഉടമായാകാന്‍ ഞാന്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുമുണ്ട്. സാം ആള്‍ട്മാന്‍ ഓപ്പണ്‍ എഐ തുടങ്ങുന്നതിന് മുമ്പ് തന്നെ ഞങ്ങള്‍ സുഹൃത്തുക്കളാണ്.''  ധര്‍മേഷ് ഷായുടെ വാക്കുകള്‍ ഈ രംഗത്തെ പുതിയ ബിസിനസ് കൂട്ടുകെട്ടിന്റെ തുടക്കം കൂടിയാകുമെന്നാണ് വിലയിരുത്തല്‍.

ചാറ്റ് ഡോട്ട് കോം വാങ്ങിയതിലൂടെ ചാറ്റ്ജിപിടി പുതിയ ബ്രാന്റിംഗിലേക്ക് മാറും. ജി.പി.ടി എന്ന വാക്ക് ഒഴിവാക്കുമെന്നാണ് സൂചനകള്‍. ചാറ്റ് അധിഷ്ഠിത ഡൊമൈനുകള്‍ക്ക് ഭാവിയില്‍ സാധ്യതയേറെയാണെന്ന് തിരിച്ചറിഞ്ഞാണ് കഴിഞ്ഞ വര്‍ഷം ധര്‍മേഷ് ഷാ ചാറ്റ് ഡോട്ട് കോം വാങ്ങിയത്. ലളിതമായ രീതിയില്‍ ഉപയോഗിക്കാമെന്നതും ഭാവിയിലെ ആവശ്യങ്ങളെ മുന്നില്‍ കണ്ട് നിര്‍മിച്ചതുമാണ് ചാറ്റ് ഡോട്ട് കോം എന്ന് ധര്‍മേഷ് പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT