Google Image Courtesy: Canva
Tech

വന്‍ പകർപ്പവകാശ ലംഘനത്തിന് ഗൂഗിളിനെതിരെ നിയമ നടപടിയുമായി ഡിസ്നി; 'വെർച്വൽ വെൻഡിംഗ് മെഷീനാണ്' ജെമിനി എ.ഐയെന്നും വിമര്‍ശനം

എ.ഐ സേവനങ്ങളിൽ ശക്തമായ സാങ്കേതിക സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും ഡിസ്നി

Dhanam News Desk

ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) മോഡലുകൾ പരിശീലിപ്പിക്കുന്നതിനായി തങ്ങളുടെ കോപ്പീറൈറ്റുള്ള ഉള്ളടക്കം വൻതോതിൽ പകർത്തിയെന്ന ഗുരുതരമായ ആരോപണവുമായി ഡിസ്നി ഗൂഗിളിനെതിരെ രംഗത്ത്. വന്‍ പകർപ്പവകാശ ലംഘനമാണ് ആരോപിച്ച് ഗൂഗിളിൻ്റെ ജനറൽ കൗൺസിലിന് ഡിസ്നിയുടെ അഭിഭാഷകർ കത്ത് അയച്ചു. ഇത് ഉടന്‍ നിർത്തലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ആരോപണം ഇങ്ങനെ

'ഫ്രോസൺ', 'ദ ലയൺ കിംഗ്', 'മോവാന', 'ഗാർഡിയൻസ് ഓഫ് ദ ഗാലക്‌സി', 'സ്റ്റാർ വാർസ്' തുടങ്ങിയ പ്രമുഖ ഡിസ്‌നി ഫ്രാഞ്ചൈസികളിലെ കഥാപാത്രങ്ങളെ അനുകരിക്കുന്ന ഉള്ളടക്കം ഗൂഗിളിൻ്റെ എ.ഐ സംവിധാനങ്ങൾ ഉപയോഗിച്ച് അനുമതിയില്ലാതെ നിർമ്മിക്കുന്നതായാണ് ആരോപണം.

ഡിസ്നിയുടെ പകര്‍പ്പവകാശമുളള സൃഷ്ടികളെ നിയമവിരുദ്ധമായി ഗൂഗിളിൻ്റെ എ.ഐ ടൂളുകൾ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്നതായും കത്തിൽ പറയുന്നു. ഡിസ്നിയുടെ പ്രശസ്തമായ കഥാപാത്രങ്ങളെ വൻതോതിൽ പുനഃസൃഷ്ടിച്ച് വിതരണം ചെയ്യുന്ന ഒരു "വെർച്വൽ വെൻഡിംഗ് മെഷീൻ" ആയാണ് ഗൂഗിൾ ജെമിനി പ്രവർത്തിക്കുന്നത്. എ.ഐ നിർമ്മിച്ച പല ചിത്രങ്ങളിലും ജെമിനി ലോഗോ കാണുന്നത്, ഡിസ്നിയുടെ ബൗദ്ധിക സ്വത്ത് ഉപയോഗിക്കുന്നതിന് അവരുടെ അംഗീകാരമുണ്ടെന്ന് തെറ്റിദ്ധാരണയും ഉണ്ടാക്കുന്നു.

ഗൂഗിളിന്റെ പ്രതികരണം

മാസങ്ങളോളം ഗൂഗിളുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടും പ്രതികരണമൊന്നും ലഭിക്കാത്തതിനാലാണ് നിയമനടപടിയിലേക്ക് കടന്നതെന്നും ഡിസ്നി സിഇഒ ബോബ് ഐഗർ പറഞ്ഞു. ഭാവിയിൽ സമാന പ്രശ്‌നങ്ങൾ ഒഴിവാക്കാൻ എ.ഐ സേവനങ്ങളിൽ ശക്തമായ സാങ്കേതിക സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും ഡിസ്നി ആവശ്യപ്പെട്ടു. അതേസമയം തങ്ങളുടെ എ.ഐ മോഡലുകളെ പൊതുവായി ലഭ്യമായ വിവരങ്ങളിൽ നിന്നാണ് പരിശീലിപ്പിക്കുന്നതെന്നും ഡിസ്നിയുമായി നല്ല ബന്ധം തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ഗൂഗിള്‍ പ്രതികരിച്ചു.

Disney takes legal action against Google for massive copyright infringement.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT