ചാറ്റ്ജിപിടി പോലുള്ള നിര്‍മിത ബുദ്ധി സാങ്കേതികവിദ്യകള്‍ വളര്‍ന്നു കൊണ്ടിരിക്കുന്നതിനാല്‍ ഇന്ത്യയിലെ കോഡര്‍മാര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും തൊഴില്‍ നഷ്ടമുണ്ടായേക്കുമെന്ന് സ്റ്റെബിലിറ്റി എ.ഐ സി.ഇ.ഒ ഇമാദ് മൊസ്റ്റാക്ക്. ബഹുരാഷ്ട്ര കമ്പനികള്‍ (എം.എന്‍.സി) കോഡുകള്‍ എഴുതാനും വായിക്കാനും അവലോകനം ചെയ്യാനും എ.ഐ സംവിധാനങ്ങള്‍ സ്വീകരിച്ചുകൊണ്ടിരിക്കുയാണ്. അതിനാല്‍ എ.ഐയുടെ വളര്‍ച്ച അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ലെവല്‍ ത്രീ പ്രോഗ്രാമര്‍മാര്‍ വരെയുള്ള ഔട്ട്സോഴ്സ് കോഡര്‍മാരുടെ ജോലി നഷ്ടപ്പെടുത്തും.
കോഡിംഗ് ഏറ്റെടുത്ത് എ.ഐ
പുതിയ ജനറേറ്റീവ് എ.ഐ മോഡലുകള്‍ മെച്ചപ്പെട്ട രീതിയില്‍ കോഡിംഗ് ജോലികള്‍ ചെയ്യും. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടി.സി.എസ്), വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയ വലിയ കമ്പനികളെ ഇത് ബാധിച്ചേക്കാം. എന്നിരുന്നാലും ഈ സാങ്കേതികവിദ്യയുമായി സഹകരിച്ചു ജോലി ചെയ്യുന്നതിനായി 25,000 എഞ്ചിനീയര്‍മാരെ എ.ഐയില്‍ പരിശീലിപ്പിക്കാന്‍ ടി.സി.എസ് ലക്ഷ്യമിടുന്നുണ്ട്. എ.ഐക്ക് വിദ്യാഭ്യാസ മേഖലയിലും ആരോഗ്യപരിരക്ഷയിലും അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഇമാദ് മൊസ്റ്റാക്ക് പറയുന്നു. അതേസമയം സാമൂഹികപരമായി ചില തടസ്സങ്ങള്‍ ഇത് സൃഷ്ടിച്ചേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിയന്ത്രണങ്ങള്‍ വേണം
ചാറ്റ്ജിപിടി പോലെയുള്ള എ.ഐ സംവിധാനങ്ങള്‍ അടുത്ത വര്‍ഷത്തോടെ മൊബൈല്‍ ഫോണുകളില്‍ ഓഫ്‌ലൈനായി മാറാന്‍ സാധ്യതയുള്ളതിനാന്‍ ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ നിരവധി ഉപയോക്താക്കള്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ എഴുത്തോ ചിത്രങ്ങളോ ഉപയോഗിക്കുകയും സൃഷ്ടിക്കുകയും ചെയ്യും. ഓപ്പണ്‍എ.ഐയുടെ സാം ആള്‍ട്ട്മാന്‍ ഉള്‍പ്പെടെ പലരും ഉപയോക്താക്കളുടെ സ്വകാര്യതയും ജോലിയും സംരക്ഷിക്കുന്നതിനായി എ.ഐ സംവിധാനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗൂഗിളും മൈക്രോസോഫ്റ്റും സമാനമായ ആശങ്കകള്‍ പങ്കുവെച്ചിട്ടുണ്ട്. അതേസമയം എ.ഐ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അവര്‍ വാദിക്കുന്നുണ്ട്.എ.ഐ കൂടുതല്‍ വ്യാപനം ഇത്തരത്തില്‍ തുടരുമ്പോള്‍ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ തൊഴില്‍ വിപണിയിലെ സാധ്യതയുള്ള മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുകയും എ.ഐ അധിഷ്ഠിത തൊഴിലുകള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണമെന്ന് ഇമാദ് മൊസ്റ്റാക്ക് പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine