Image courtesy: Canva
Tech

ചാറ്റ് ജി.പി.ടി യില്‍ വ്യാജ ആധാര്‍, പാന്‍ കാര്‍ഡുകള്‍ വ്യാപകമായി സൃഷ്ടിക്കപ്പെടുന്നു, ദുരുപയോഗം ചെയ്യപ്പെട്ടേക്കുമെന്ന് വിമര്‍ശനം ശക്തം

ഫോട്ടോറിയലിസ്റ്റിക് ഇമേജുകൾ സൃഷ്ടിക്കാനുള്ള സവിശേഷതയാണ് ചാറ്റ് ജിപിടി അവതരിപ്പിച്ചത്.

Dhanam News Desk

ചിത്രങ്ങള്‍ സൃഷ്ടിക്കാനുളള പ്രത്യേക സവിശേഷതകളുമായാണ് ജി.പി.ടി-4ഒ (ജി.പി.ടി-4ഓമ്നി) ഓപ്പണ്‍എ.ഐ പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ഈ മോഡലില്‍ നേറ്റീവ് ഇമേജ് ജനറേഷൻ സവിശേഷത അവതരിപ്പിച്ചതിന് ശേഷം ഏകദേശം 70 കോടിയോളം ചിത്രങ്ങളാണ് ഉപയോക്താക്കള്‍ സൃഷ്ടിച്ചെടുത്തത്.

എന്നാല്‍ ജി.പി.ടി-4ഒ യുടെ ഈ കഴിവ് പലരും ദുരുപയോഗം ചെയ്തേക്കാമെന്ന ആശങ്ക ശക്തമാകുകയാണ്. ഇന്ത്യയിലെ പ്രധാന തിരിച്ചറിയല്‍ രേഖയില്‍ ഒന്നായ ആധാര്‍ കാര്‍ഡ് ഏകദേശം കൃത്യതയോടെ വ്യാജമായി സൃഷ്ടിക്കാന്‍ ഈ പതിപ്പിന് സാധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ജി.പി.ടി-4ഒ യുടെ ആധാര്‍ കാര്‍ഡ് പനഃസൃഷ്ടിക്കാനുളള കഴിവ് തട്ടിപ്പുകാരും ക്രിമിനലുകളും ഉപയോഗപ്പെടുത്തുമോ എന്ന ആശങ്കയാണ് ശക്തമാകുന്നത്. ചാറ്റ് ജി.പി.ടി യുടെ പുതിയ ഇമേജ് ജനറേറ്റർ ഉപയോഗിച്ച് വ്യാജ ആധാർ കാർഡുകള്‍ അവരുടെ ചിത്രങ്ങള്‍ സഹിതം ചില ഉപയോക്താക്കൾ സമൂഹമാധ്യമങ്ങളില്‍ പങ്കിടാൻ ആരംഭിച്ചിട്ടുണ്ട്.

ആദായനികുതി വകുപ്പ് നല്‍കുന്ന പാൻ കാർഡും ഇത്തരത്തില്‍ വ്യാജമായി സൃഷിക്കാന്‍ സാധിക്കുന്നുണ്ട്.

ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള സവിശേഷതകൾ എ.ഐ കമ്പനികള്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ചുളള വിരുദ്ധാഭിപ്രായങ്ങള്‍ ഇതോടെ ശക്തമായിരിക്കുകയാണ്. ഫോട്ടോറിയലിസ്റ്റിക് ഇമേജുകൾ സൃഷ്ടിക്കാനുള്ള ചാറ്റ് ജിപിടിയുടെ പുതിയ കഴിവാണ് സംശയദൃഷ്ടിയിലുളളത്. ടെസ്‌ല സിഇഒ എലോൺ മസ്‌കിന്റെയും ഓപ്പണ്‍ എഐ സിഇഒ സാം ആൾട്ട്മാന്റെയും വ്യാജ ആധാര്‍ കാര്‍ഡുകളും ഉപയോക്താക്കള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ടു.

ഉപയോക്താക്കള്‍ നല്‍കുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് കൂടുതൽ സൂക്ഷ്മവും കൃത്യവുമായ ചിത്രങ്ങൾ നേരിട്ട് സൃഷ്ടിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ജി.പി.ടി-4ഒ യുടെ നേറ്റീവ് ഇമേജ് ജനറേഷൻ സവിശേഷതകള്‍ പ്രവര്‍ത്തിക്കുന്നത്. മുന്‍ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി GPT-4o നേറ്റീവ് ഇമേജ് ജനറേഷൻ സിസ്റ്റത്തിന് കൂടുതൽ അപകടസാധ്യതയുളളതായി ഓപ്പണ്‍ എ.ഐ വ്യക്തമാക്കുന്നു. അതേസമയം, കുട്ടികളുടെ ഫോട്ടോറിയലിസ്റ്റിക് ചിത്രങ്ങൾ സൃഷ്ടിക്കുന്നതിനും ലൈംഗിക ഉള്ളടക്കമുളള, അക്രമാസക്തമായ, അധിക്ഷേപകരമായ, വെറുപ്പുളവാക്കുന്ന ചിത്രങ്ങൾ സൃഷ്ടിക്കുന്നതിനും നിലവിൽ ചാറ്റ് ജി.പി.ടി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT