Canva
Tech

എഐയ്ക്ക് മുടക്കിയ കാശ് മുതലാക്കണം; ഇന്ത്യൻ ഐടി മേഖലയ്ക്ക് പിടിവള്ളിയായി 'ഫോർവേഡ് ഡിപ്ലോയ്മെന്റ്' വിപ്ലവം

ഡിപ്ലോയ്മെന്റ് രം​ഗത്തുണ്ടാകുന്ന പുതിയ മാറ്റം, എഐയുടെ കടന്നുവരവിനെ തുടർന്ന് നിറംമങ്ങിപ്പോയ ഇന്ത്യൻ ഐടി മേഖലയ്ക്ക് പുത്തനുണർവ് സമ്മാനിക്കുന്നതും ടെക്കികൾക്ക് പുതിയ സാമ്പത്തിക—തൊഴിൽ അവസരം തുറന്നുനൽകുന്നതുമാണ്

Pintu Prakash

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖലയിലെ മുൻഗണനകളിൽ നിർണായക മാറ്റം പ്രകടമാകുന്നു. ഇതുവരെ ഏറ്റവും മികച്ച എഐ മോഡൽ ആരുടേത്? എന്ന ചോദ്യത്തിനായിരുന്നു പ്രാധാന്യമെങ്കിൽ, നിലവിലെ ബിസിനസ് പ്രവർത്തനങ്ങളിലേക്ക് എഐ സാങ്കേതികവിദ്യയെ വിജയകരമായി പ്രയോജനപ്പെടുത്തുന്നതിനാണ് (Deployment) കമ്പനികൾ ഇപ്പോൾ മുൻഗണന നൽകുന്നത്. ഈ പരിവർത്തനം ടെക് വിപണിയിൽ 'ഫോർവേഡ് ഡിപ്ലോയ്ഡ് എഞ്ചിനീയർമാർ' (Forward Deployed Engineers - FDE) എന്ന പുതിയൊരു തൊഴിൽ മേഖലയ്ക്ക് വലിയ തോതിലുള്ള ആവശ്യകത സൃഷ്ടിച്ചിരിക്കുകയാണ്. ക്ലൗഡ് കമ്പ്യൂട്ടിംഗ് വിപ്ലവത്തിന്റെ കാലത്ത് 'ക്ലൗഡ് ആർക്കിടെക്റ്റുകൾ' വഹിച്ചതിന് സമാനമായ പങ്കാണ് എ.ഐ യുഗത്തിൽ ഇവർ കൈകാര്യം ചെയ്യുന്നത്.

ലെ​ഗസി സിസ്റ്റങ്ങളും ഹ്യൂമൻ ലൂപ്പും

പല വൻകിട കമ്പനികളും എഐ സാങ്കേതികവിദ്യ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നുണ്ടെങ്കിലും, അവയെ പരമ്പരാഗത ഐടി സംവിധാനങ്ങളുമായും (Legacy systems) സങ്കീർണവും വീകേന്ദ്രീകൃതവുമായ ഡാറ്റാ ഘടനകളുമായും സംയോജിപ്പിക്കുമ്പോൾ വലിയ വെല്ലുവിളികൾ നേരിടുന്നുണ്ട്. ഇതു എഐ മോഡലുകളുടെ സാങ്കേതിക പോരായ്മയേക്കാൾ ഉപരിയായി, അവ പ്രായോഗികമായി നിലവിലുള്ള കമ്പനികളുടെ പ്രവർത്തന ശൈലിക്ക് അനുയോജ്യമായ രീതിയിൽ നടപ്പിലാക്കാനുള്ള സാങ്കേതിക വൈദഗ്ധ്യത്തിന്റെ കുറവാണ് കാരണം.

"ഭീമൻ ഐടി കമ്പനികൾ 80-90കൾ മുതൽ ഒരുപാട് കൊച്ചുകമ്പനികളെ ഏറ്റെടുത്തിട്ടുണ്ട്. ഇതിനെ തുടർന്ന് വമ്പൻ കമ്പനികളുടെ ടെക്നോളജി സ്റ്റാക്കിൽ പഴയതും പുതിയതുമായ ഒരുപാട് സാങ്കേതികവിദ്യകൾ ഇടകലർന്ന് കിടക്കുകയാണ്. ഇതിന്റെയൊക്കെ പ്രവർത്തന യുക്തിയും മുൻകാല അനുഭവങ്ങളിൽ നിന്നുള്ള പാഠങ്ങൾക്കും ഒപ്പം, ഐടി സർവീസസ് കമ്പനികളിലെ ജീവനക്കാരുടെ തലച്ചോറും ഫലപ്രദമായി കൂടിച്ചേരുമ്പോഴാണ് നിർദിഷ്ട പ്രവർത്തനഫലം കരസ്ഥമാക്കിയിരുന്നത്. അതുകൊണ്ടുതന്നെ, പുതിയ എഐ സാങ്കേതികവിദ്യ കൊണ്ടുവന്നാലും ഈ പഴയ സിസ്റ്റങ്ങളിൽ നിന്നും ഇത് അർത്ഥവും യുക്തിയും തെറ്റിപ്പോകാതെ അനായാസം വായിച്ചെടുക്കാൻ ഒരു 'ഹ്യൂമൻ ലൂപ്പ്' (Human loop) നിലവിൽ കൂടിയേ തീരൂ. അവിടെയാണ് ഫോർവേഡ് ഡിപ്ലോയ്ഡ് എഞ്ചിനീയർമാരെ നിയമിക്കാൻ പ്രമുഖ എഐ കമ്പനികൾ ലക്ഷ്യമിടുന്നത്," എഐ ബിസിനസ് ഇന്റലിജൻസ് പ്രോഡക്ട് കമ്പനിയായ ന്യൂറൽഓബ്സ് (NeuralOrbs) പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകൻ അനിൽ ഭട്ട് പറഞ്ഞു.

ഗവേഷണവും ഡിപ്ലോയ്മെന്റും ഒന്നിച്ച്

നിലവിൽ മുൻനിര എഐ കമ്പനികൾ, പുറത്തുനിന്നും എഫ്.ഡി.ഇ-കളെ കരാറിലോ അല്ലാതെയോ ജോലിക്കെടുത്ത്, സ്വന്തം ജീവനക്കാർക്കൊപ്പം ഡിപ്ലോയ് ചെയ്യാൻ വിടുകയാണ് പതിവ്. അതിലൂടെ ഡിപ്ലോയ്മെന്റിലെ തടസ്സങ്ങൾ കൃത്യമായി മനസ്സിലാക്കി ഭാവിയിൽ തങ്ങളുടെ എഐ ടൂളുകൾ കൂടുതൽ മെച്ചപ്പെടുത്താൻ അവർക്ക് കഴിയും. എല്ലാ കമ്പനികളും ഇതേ മാതൃക പിന്തുടരുമ്പോൾ വിപണിയിൽ എഫ്.ഡി.ഇ-കളുടെ ആവശ്യകത വർധിക്കുമെന്നും അനിൽ ഭട്ട് കൂട്ടിച്ചേർത്തു.

ഏറ്റവുമൊടുവിൽ ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം, ഈ തസ്തികയിലേക്കുള്ള ആഗോള തൊഴിൽ അവസരങ്ങളിൽ 1,100 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എഐ സംവിധാനങ്ങൾ പ്രവചനാതീതമായ സ്വഭാവം കാണിക്കാറുള്ളതിനാൽ, സോഫ്റ്റ്‌‍വെയർ എഞ്ചിനീയറിംഗ്, പ്രൊഡക്ട് മാനേജ്മെന്റ്, കൺസൾട്ടിംഗ് എന്നിവ സമന്വയിപ്പിച്ച് എഐ സംവിധാനങ്ങളെ ദൈനംദിന ഉപയോഗത്തിന് അനുയോജ്യമാക്കുകയാണ് ഫോർവേഡ് ഡിപ്ലോയ്ഡ് എഞ്ചിനീയർമാരുടെ ചുമതല.

ഇന്ത്യക്കുള്ള തന്ത്രപരമായ മേൽക്കൈ

ആ​ഗോള ടെക് വിപണിയിലുണ്ടാകുന്ന ഈ മാറ്റം, എഐയുടെ കടന്നുവരവിനെ തുടർന്ന് നിറംമങ്ങിപ്പോയ ഇന്ത്യൻ ഐടി മേഖലയ്ക്ക് പുത്തനുണർവ് സമ്മാനിക്കുന്നതും ഇന്ത്യൻ ടെക്കികൾക്ക് പുതിയ സാമ്പത്തിക—തൊഴിൽ അവസരം തുറന്നുനൽകുന്നതുമാണ്. ടി.സി.എസ്, ഇൻഫോസിസ്, വിപ്രോ, എച്ച്.സി.എൽ ടെക്നോളജീസ് തുടങ്ങിയ മുൻനിര ഇന്ത്യൻ ഐടി സർവീസസ് കമ്പനികൾക്ക് ഒക്കെ ആഗോളതലത്തിൽ ശക്തമായ ശൃംഖലയുണ്ട്.

"എഐ ടൂൾ വാങ്ങിയ കമ്പനികളിലെ ജീവനക്കാരിൽ നിന്നും ഡിപ്ലോയ്മെന്റ് ഘട്ടത്തിൽ ചിലപ്പോൾ നിസ്സഹകരണം ഉണ്ടായേക്കാം. എന്നാൽ ഇന്ത്യൻ ഐടി കമ്പനികൾക്ക് ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്ത് ദശാബ്ദങ്ങളുടെ പരിചയസമ്പത്തുണ്ട് (Consulting expertise). കൂടാതെ, നിലവിൽ എഐ ടൂൾ ഡിപ്ലോയ് ചെയ്യേണ്ട കമ്പനികളുടെ മുൻകാല ഔട്ട്സോഴ്സിംഗ് ജോലികൾ ചെയ്തിട്ടുള്ളതിനാൽ അവരുടെ ആഭ്യന്തര സിസ്റ്റങ്ങളെക്കുറിച്ച് ഇന്ത്യൻ ഐടി കമ്പനികൾക്ക് താരതമ്യേന വ്യക്തമായ ധാരണയുമുണ്ടാകും," അനിൽ ഭട്ട് ചൂണ്ടിക്കാട്ടി.

പരമ്പരാഗത സോഫ്റ്റ്‌‍വെയർ ഔട്ട്സോഴ്സിംഗിനെ അപേക്ഷിച്ച് എഫ്.ഡി.ഇ എന്നത്, ഉയർന്ന വേതനവും മൂല്യവുമുള്ള തസ്തികയാണ്. കോഡിംഗും ബിസിനസ് തന്ത്രങ്ങളും ഒരേപോലെ കൈകാര്യം ചെയ്യാൻ സാധിക്കുന്ന പ്രൊഫഷണലുകളെ വാർത്തെടുക്കാൻ കഴിഞ്ഞാൽ, ആഗോള കമ്പനികൾക്ക് എഫ്.ഡി.ഇ പ്രൊഫഷണലുകളെ വലിയ തോതിൽ നൽകാൻ കഴിയുന്ന പ്രധാന ഹബ്ബായി മാറാൻ ഇന്ത്യൻ ഐടി മേഖലയ്ക്ക് സാധിക്കുമെന്ന് പ്രതീക്ഷയെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT