ടെക് ഭീമന്‍ ഗൂഗ്‌ളുമായി കൈകോര്‍ത്ത് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ. ഗൂഗ്‌ളിന്റെ ജെമിനി 2.5 എ.ഐ പ്രോ മോഡല്‍ സൗജന്യമായി ജിയോ ഉപയോക്താക്കള്‍ക്ക് ലഭിക്കും. 18 മാസത്തേക്കാണ് സൗജന്യ പ്ലാന്‍ ലഭിക്കുക. 35,100 രൂപ ചെലവാകുന്ന പ്ലാനാണിത്. നവംബര്‍ നാല് മുതല്‍ ഇന്ത്യക്കാര്‍ക്ക് ചാറ്റ് ജി.പി.പി ഗോ പ്ലാന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. എയര്‍ടെല്ലുമായി ചേര്‍ന്ന് പെര്‍പ്ലെക്‌സിറ്റിയും ഒരു വര്‍ഷത്തെ പ്രോ പ്ലാനുകള്‍ ഇന്ത്യക്കാര്‍ക്ക് നല്‍കുന്നുണ്ട്.
349 രൂപയുടെയോ അതിന് മുകളിലോയുള്ള അണ്‍ലിമിറ്റഡ് 5ജി പ്ലാനെടുത്ത 18-25 വയസ് പ്രായമുള്ള ന്യൂജെന്‍ വരിക്കാര്‍ക്കാണ് ആദ്യഘട്ടത്തില്‍ ജെമിനി പ്രോ പ്ലാന്‍ ലഭിക്കുക. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ പേരിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ജനാധിപത്യവത്കരിക്കാന്‍ എല്ലാവര്‍ക്കും എ.ഐ (AI for All) എന്ന പേരില്‍ ജിയോ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പദ്ധതിയെന്നാണ് കമ്പനിയുടെ വിശദീകരണം.
ഗൂഗ്‌ളിന്റെ നിലവിലെ ഏറ്റവും മികച്ച എ.ഐ മോഡലാണ് ജെമിനി 2.5 പ്രോ ദശലക്ഷം ടോക്കണ്‍ കോണ്‍ടെക്‌സ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ മോഡലിന് ഡീപ്പ് റിസര്‍ച്ച് പോലുള്ള പല കിടിലന്‍ ഫീച്ചറുകളുമുണ്ട്. ഇതിന് പുറമെ മറ്റ് ചില ആനുകൂല്യങ്ങളും കൂടി ലഭിക്കും. 2 ടി.ബി ക്ലൗഡ് സ്‌റ്റോറേജ്, വിയോ 3.1 വഴി ലിമിറ്റഡായി വീഡിയോ ജെനറേഷന്‍, നാനോ ബനാന വഴി മെച്ചപ്പെട്ട ഇമേജ് ക്രിയേഷന്‍ എന്നിവ സൗജന്യമാണ്. അഡ്വാന്‍സ്ഡ് ടൂളുകളായ നോട്ട്ബുക്ക് എല്‍.എം, ജെമിനി കോഡ് അസിസ്റ്റ് എന്നിവക്ക് പുറമെ ജിമെയിലിലും ഡോക്കിലും ജെമിനിയുടെ സേവനവും ലഭിക്കും.
നിങ്ങളുടെ ഫോണിലെ മൈജിയോ ആപ്പ് തുറക്കുക
ഗൂഗ്ള്‍ എ.ഐ പ്രോ സബ്‌സ്‌ക്രിപ്ഷന്‍ സൂചിപ്പിക്കുന്ന ഒരു ബാനര്‍ ആപ്പിലുണ്ടാകും
ഇതില്‍ ക്ലെയിം നൗ (Claim now) ബട്ടണില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിക്കണം. ഓഫര്‍ ക്ലെയിം ചെയ്യാന്‍ നിങ്ങളുടെ ഇ-മെയില്‍ അക്കൗണ്ട് ആവശ്യമായി വരും.
ഇനി നിങ്ങള്‍ക്ക് 25 ന് മുകളില്‍ പ്രായമുണ്ടെങ്കിലും വിഷമിക്കേണ്ട. മൈജിയോ ആപ്പിലെ ഗൂഗ്ള്‍ എ.ഐ പ്രോ ബാനറില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഇന്ററസ്റ്റ് ഇവിടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 48 കോടി വരിക്കാര്‍ക്കും ജെമിനി പ്രോ ഫ്രീയായി നല്‍കുമെന്ന് ജിയോ അറിയിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തിലാണ് ഇത് നടപ്പിലാക്കുന്നത്. അപ്പോള്‍ നിങ്ങള്‍ക്ക് കൃത്യമായി അറിയിപ്പ് ലഭിക്കുമെന്നാണ് വിശദീകരണം.
പെര്‍പ്ലെക്‌സിറ്റിക്കും ചാറ്റ് ജി.പി.ടിക്കും പിന്നാലെ ജെമിനിയും സൗജന്യ പ്ലാനുമായി രംഗത്തെത്തിയതോടെ എല്ലാവരുടെയും സംശയമാണിത്. എന്നാല്‍ ഫ്രീയായി കൊടുത്താലും കോടികളുടെ നേട്ടമാണ് ഈ കമ്പനികള്‍ക്കുണ്ടാകുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. അവയെന്തൊക്കെയാണെന്ന് നോക്കാം.
ആദ്യകാലത്ത് സൗജന്യമായി നല്‍കി ശീലമാക്കുകയും പിന്നീട് പണം കൊടുത്ത് വാങ്ങാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന മാര്‍ക്കറ്റിംഗ് തന്ത്രമാണിത്. ഇന്ത്യന്‍ വിപണിയില്‍ റിലയന്‍സ് ജിയോ അടക്കമുള്ള പല കമ്പനികളും പുറത്തെടുത്ത് വിജയിച്ചത്. ഫ്രീയായി ഈ മോഡലുകള്‍ ഉപയോഗിക്കുന്നവരില്‍ ചിലരെങ്കിലും പണം കൊടുത്ത് പ്രോ പ്ലാനുകള്‍ എടുക്കുമെന്ന പ്രതീക്ഷയാണ് എ.ഐ കമ്പനികള്‍ക്കുള്ളത്. എന്നാല്‍ ഇത് മാത്രമല്ല കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.
എ.ഐ മോഡലുകളുടെ വേഗതയും ആധികാരികതയും തീരുമാനിക്കുന്നത് അവയുടെ പക്കലുള്ള ഡാറ്റയുടെ അളവാണ്. ഓരോ തവണ നമ്മള്‍ ചാറ്റ് ജി.പി.ടി പോലുള്ള എ.ഐ മോഡലുകള്‍ ഉപയോഗിക്കുമ്പോഴും കമ്പനി ആ ഡാറ്റ ശേഖരിക്കുകയും മോഡലുകളെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കുകയും ചെയ്യും. ഇന്ത്യക്കാര്‍, പ്രത്യേകിച്ചും യുവജനങ്ങള്‍ എങ്ങനെ എ.ഐ മോഡലുകള്‍ ഉപയോഗിക്കുന്നുവെന്ന ഡാറ്റ ലഭിക്കുന്നത് എ.ഐ കമ്പനികള്‍ക്ക് ബമ്പര്‍ ലോട്ടറി അടിച്ചതിന് തുല്യമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine